റമദാന്‍ അവസാന നാളുകളിലേക്ക് അടുത്തിരിക്കേ മുസ്ലിം ലോകത്ത് മറ്റൊരു മാസപ്പിറവി വിവാദം കൂടി. (Eid al-Fitr 2025: Saudi Arabia moon sighting controversy) ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നതിനുള്ള ശവ്വാല്‍ മാസപ്പിറവി മാര്‍ച്ച് 29 ശനിയാഴ്ച്ച ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ ലോകത്തിന്റെ ഭൂരിഭാഗം സ്ഥലങ്ങളിലും കാണാന്‍ സാധിക്കില്ലെന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ പറയുന്നത്.
|
എന്നാല്‍, ഇത് കാര്യമാക്കാതെ സൗദി അറേബ്യ ഞായറാഴ്ച്ച തന്നെ ഈദുല്‍ ഫിത്വര്‍ ആയി പ്രഖ്യാപിക്കുമെന്നാണ് ഭൂരിഭാഗവും കരുതുന്നത്.
വര്‍ഷങ്ങളായി മാസപ്പിറവിയുടെ കാര്യത്തില്‍ സൗദി അറേബ്യ വ്യാജ അവകാശവാദം ഉന്നയിക്കുന്നതായി വിമര്‍ശകര്‍ പറയുന്നു.
ശാസ്ത്രജ്ഞര്‍ മാസപ്പിറവി കാണില്ലെന്ന് പ്രഖ്യാപിച്ച ദിനങ്ങളില്‍ പല തവണ അവ കണ്ടതായി സൗദി പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് വിമര്‍ശനം. എന്നാല്‍, ഇത്തരം വിമര്‍ശനങ്ങളോട് സൗദി അധികൃതര്‍ ഒരിക്കലും പ്രതികരിച്ചിട്ടില്ല.
എന്താണ് ഈ വിവാദത്തിന് പിന്നില്‍

29 അല്ലെങ്കില്‍ 30 ദിവസങ്ങള്‍ അടങ്ങിയ 12 മാസങ്ങള്‍ ഉള്ള ലൂണാര്‍ കലണ്ടര്‍(ചന്ദ്രമാസ കലണ്ടര്‍) ആണ് ആഘോഷങ്ങളും മറ്റും തീരുമാനിക്കുന്നതിന് മുസ്ലിംകള്‍ പിന്തുടരുന്നത്.
ചില രാജ്യങ്ങള്‍ ഇതിന് വേണ്ടി പ്രദേശിക ഹിലാല്‍ കമ്മിറ്റികളെ(നിലാവ് കാണുന്നതിന് വേണ്ടി നിശ്ചയിക്കപ്പെട്ടവര്‍) ആശ്രയിക്കുമ്പോള്‍ പല രാജ്യങ്ങളും ഇക്കാര്യം സൗദി അറേബ്യക്ക് വിട്ടുകൊടുത്തിരിക്കുകയാണ്.
യുകെ പോലെ ഔദ്യോഗിക മാസപ്പിറവി ദര്‍ശന കമ്മിറ്റികള്‍ ഇല്ലാത്ത രാജ്യങ്ങള്‍ സൗദിയുടെ പ്രഖ്യാപനത്തെയാണ് ആശ്രയിക്കുന്നത്. ഇങ്ങിനെ ചെയ്യരുതെന്ന് ബ്രിട്ടനിലെ തന്നെ പല പണ്ഡിതന്‍മാരും ആഹ്വാനം ചെയ്യാറുണ്ട്.

സൗദി അറേബ്യയുടെ മുന്‍കൂട്ടി തയ്യാറാക്കിയ കലണ്ടര്‍ പ്രകാരം ശവ്വാല്‍ 1 മാര്‍ച്ച് 30 ഞായറാഴ്ച്ചയാണ്. എന്നാല്‍, ശനിയാഴ്ച്ച രാത്രി ടെലസ്‌കോപ്പുകള്‍ ഉപയോഗിച്ചാല്‍ പോലും മാസപ്പിറവി ദര്‍ശിക്കാനാവില്ലെന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ പറയുന്നത്.
2023 ഏപ്രിലില്‍ സൗദിയുടെ മാസപ്പിറവി ദര്‍ശന പ്രഖ്യാപനത്തെ പലരും വെല്ലുവിളിച്ചിരുന്നു. ആ വര്‍ഷം ഏപ്രില്‍ 20ന് ആണ് മാസപ്പിറവി ദര്‍ശിക്കാന്‍ സൗദി ആവശ്യപ്പെട്ടത്. എന്നാല്‍ പ്രമുഖ കുവൈത്തി ജ്യോതിശാസ്ത്രജ്ഞനായ ആദില്‍ അല്‍ സഅദൂന്‍ ഇതിനെ ചോദ്യം ചെയ്തു. അന്നേ ദിവസം അറേബ്യയില്‍ ഒരിടത്തും മാസപ്പിറവി കാണാന്‍ സാധ്യതയില്ലെന്നും അങ്ങിനെ കാണുന്നവര്‍ മാസപ്പിറവിയുടെ ഫോട്ടോ ഹാജരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍, സൗദി അന്ന് തന്നെ പെരുന്നാള്‍ പ്രഖ്യാപനം നടത്തിയെങ്കിലും ഫോട്ടോ പുറത്തുവിടാനൊന്നും തയ്യാറായില്ല.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 6ന് ആണ് സൗദി അറേബ്യ ബലിപെരുന്നാള്‍ ദിനമായി പ്രഖ്യാപിച്ചത്. ദുല്‍ഹജ്ജ് മാസപ്പിറവി കണ്ട് 10 ദിവസത്തിന് ശേഷമാണ് ഈദുല്‍ അദ്ഹ. എന്നാല്‍, ഒരിക്കലും മാസപ്പിറവി കാണാന്‍ സാധ്യതയില്ലാത്ത ദിവസമാണ് സൗദി പിറവി കണ്ടതായി അവകാശപ്പെട്ടതെന്ന് ശാസ്ത്രജ്ഞര്‍ വിമര്‍ശിക്കുന്നു.
ഈ വര്‍ഷം മാര്‍ച്ച് 29 ശനിയാഴ്ച്ച ചന്ദ്രന്‍ സൂര്യനുമായുള്ള സമുച്ചയ പദത്തില്‍(Conjunction) എത്തുമെന്നാണ് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചിട്ടുള്ളത്. എന്നാല്‍, അന്നേ ദിവസം സൗദിയിലോ ബ്രിട്ടനിലോ ടെലസ്‌കോപ്പ് ഉപയോഗിച്ച് പോലും മാസപ്പിറവി സാധ്യമല്ലെന്ന് യുകെ നോട്ടിക്കല്‍ അല്‍മനാക്ക് ഓഫീസ് അറിയിച്ചു.
യുഎഇയിലെ ഇന്റര്‍നാഷനല്‍ അസ്‌ട്രോണമി സെന്ററിനും സമാന അഭിപ്രായമാണുള്ളത്. മാസപ്പിറവി കൃത്യമായി ദര്‍ശിക്കണമെന്ന് നിബന്ധനയുള്ള രാജ്യങ്ങള്‍ക്ക് ഇപ്രാവശ്യം റമദാന്‍ 30 പൂര്‍ത്തിയാക്കി മാര്‍ച്ച് 31 തിങ്കളാഴ്ച്ചയാണ് ഈദ് വരികയെന്ന് ഐഎസി വ്യക്തമാക്കി.
ഉമ്മുല്‍ ഖുറാ എന്ന കലണ്ടറിനെ അടിസ്ഥാനമാക്കിയാണ് സൗദി അറേബ്യ പ്രധാന ദിനങ്ങള്‍ കണക്കാക്കുന്നത്. ഈ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 30 ഞായറാഴ്ച്ചയാണ് ഈദുല്‍ ഫിത്വര്‍. അതു കൊണ്ട് തന്നെ ശനിയാഴ്ച്ച നിലാവ് കണ്ടാലും ഇല്ലെങ്കിലും സൗദി ഞായറാഴ്ച്ച ഈദുല്‍ ഫിത്വര്‍ ആയി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തേ നിശ്ചയിക്കപ്പെട്ട ഉമ്മുല്‍ ഖുറാ കലണ്ടറിനെ അടിസ്ഥാനമാക്കി മാസപ്പിറവി കണ്ടില്ലെങ്കിലും കണ്ടതായി അറിയിച്ച് ആഘോഷ ദിനങ്ങള്‍ പ്രഖ്യാപിക്കുകയാണ് സൗദി ചെയ്യുന്നതെന്ന് യുകെയിലെ ന്യൂ ക്രസന്റ് സൊസൈറ്റി ഡയറക്ടര്‍ ഇമാദ് അഹ്‌മദ് ആരോപിക്കുന്നു.


