29
Jul 2023
Sun
29 Jul 2023 Sun

രാഷ്ട്രീയക്കാര്‍ ഉമ്മന്‍ചാണ്ടിയെ പോലെ ആകണം; കല്ലറയിലെത്തി ഇ.കെ നായനാരുടെ മകന്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോട്ടയം: രാഷ്ട്രീയക്കാര്‍ ഉമ്മന്‍ചാണ്ടിയാകാനാണ് ശ്രമിക്കേണ്ടതെന്ന് അന്തരിച്ച സി.പി.എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഇ.കെ നായനാരുടെ മകന്‍ കൃഷ്ണകുമാര്‍. കഴിഞ്ഞദിവസം അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ശവകല്ലറയിലെത്തി ആദരാജ്ഞലി അര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉമ്മന്‍ചാണ്ടി സാറിന് കുറെനേരം അടുത്തിരുന്ന് ആദരാഞ്ജലി അര്‍പ്പിക്കാനാണ് ഞാനെത്തിയത്. എന്റെയും കുടുംബത്തിന്റെയും അമ്മയുടെയും ആദരാഞ്ജലികള്‍ കൂടി അര്‍പ്പിക്കാനാണ് വന്നത്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എങ്ങനെയായിരിക്കണം എന്നുള്ളതിന്റെ വ്യക്തമായ സന്ദേശമാണ് ഉമ്മന്‍ചാണ്ടി സര്‍ ഇപ്പോള്‍ കേരളത്തിന് കൊടുത്തിരിക്കുന്നത്. 19 വര്‍ഷം പിറകിലേക്ക് പോയാല്‍ അന്ന് അച്ഛനും വിലാപയാത്ര ലഭിച്ചു. ഇതൊന്നും ആരോടും നിര്‍ബന്ധിച്ച് അവിടെപ്പോയി കാണണം എന്നു പറഞ്ഞ് വരുന്നതല്ല. അവരൊരു കടല് പോലെ ഒഴുകി വരുന്നതാണ്. അത് ഓരോരുത്തരുടെയും ഉള്ളിന്റെ ഉള്ളില്‍ നിന്ന് വരുന്നതാണ്. അതെത്ര പേര്‍ക്ക് കിട്ടുന്നു. എത്ര പേര്‍ക്ക് ജനം കൊടുക്കുന്നു എന്നത് ജനത്തിന്റെ മനസ്സിലുള്ള കാര്യമാണ്. ഞാന്‍ പലതവണ ഉമ്മന്‍ചാണ്ടി സാറെ കണ്ടിട്ടുണ്ട്. ഒരുപാടു സംസാരിച്ചിട്ടുണ്ട്. അദ്ദേഹം സംസാരിക്കാനുള്ള സമയം കണ്ടെത്തിയിട്ടുണ്ട്. എന്നോടു മാത്രമല്ല, അദ്ദേഹത്തെ കാണാന്‍ വരുന്ന അവസാനത്തെ ആളെ വരെ കണ്ട് അവരുടെ കണ്ണീരൊപ്പുന്നതായിരുന്നു അദ്ദേഹത്തിന്റെ ശീലം. സ്‌നേഹം, കാരുണ്യം, സഹാനുഭൂതി തുടങ്ങിയ ഗുണങ്ങള്‍ ഏറ്റവുമധികം ഉണ്ടായിരുന്ന വ്യക്തിയാണ് ഉമ്മന്‍ചാണ്ടി സാര്‍. അദ്ദേഹത്തില്‍നിന്നും കുറേ പകര്‍ത്താനുണ്ട്. അതിനാല്‍ നാം പൊതുപ്രവര്‍ത്തകര്‍ നല്ലപോലെ ശ്രദ്ധിക്കണം. ജനം നമ്മെ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട്. അര്‍ഹിച്ച അംഗീകാരങ്ങള്‍ തേടിയെത്തുമെന്നും കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി.

ശനിയാഴ്ച രാവിലെയോടെയായിരുന്നു കൃഷ്ണകുമാര്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയ പള്ളിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചത്.