15
Sep 2025
Thu
15 Sep 2025 Thu
Rahul Gandhi Election commission

വ്യക്തികളെ നേരിട്ട് കേള്‍ക്കാതെ ഓണ്‍ലൈനായി വോട്ടുകള്‍ ഒഴിവാക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതു സംബന്ധമായി രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു കമ്മീഷന്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓണ്‍ലൈനായി വോട്ട് ഒഴിവാക്കുന്നതിനുള്ള സാധ്യതയില്ല. വോട്ടര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാതെ വോട്ട് ഒഴിവാക്കുന്ന നടപടി പൂര്‍ത്തീകരിക്കാനുമാകില്ല. രാഹുല്‍ ഗാന്ധി ഉന്നയിച്ചിരിക്കുന്ന ഈ ആക്ഷേപം 2023ലെ നിയമസഭ തെരഞ്ഞെടുപ്പിലേതാണ്. അന്ന് ചില ക്രമക്കേടുകള്‍ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പക്ഷേ ആ നീക്കം ഫലപ്രദമായില്ലെന്നും കൃത്യമായി അതിനെ തടഞ്ഞിരുന്നെന്നും കമ്മീഷന്‍ വ്യക്തമാക്കി. അതില്‍ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും കമ്മീഷന്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രാഹുല്‍ ഗാന്ധി

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സഹകരണത്തോടെ നടക്കുന്ന വോട്ട് കൊള്ളയില്‍ കര്‍ണാടകയില്‍ നിന്ന് തന്നെ മറ്റൊരു ഉദാഹരണമാണ് രാഹുല്‍ ഗാന്ധി വാര്‍ത്ത സമ്മേളനത്തില്‍ ചൂണ്ടിക്കാണിച്ചത്. ആദ്യം മഹാദേവപുരയില്‍ ഒരു ലക്ഷത്തിലധികം വ്യാജ വോട്ടുകള്‍ ചേര്‍ത്തതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. അന്ന് രാഹുല്‍ ഗാന്ധിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെളിവ് ചോദിച്ചിരുന്നു.

ALSO READ: ഡേറ്റിങ് ആപ്പ് വഴി ആണ്‍കുട്ടിക്ക് പീഡനം; യൂത്ത് ലീഗ് നേതാവിനെ തിരഞ്ഞ് പോലീസ്; ആപ്പിനെതിരേ നടപടി വരും

ഇപ്പോള്‍ കര്‍ണാടകയിലെ തന്നെ അലന്ദ് മണ്ഡലത്തില്‍ 6018 വോട്ടുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്‌തെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. വോട്ടര്‍ അറിയാതെയാണ് അവരുടെ പേരുകള്‍ നീക്കം ചെയ്തതെന്നാണ് രാഹുല്‍ ഗാന്ധി ആക്ഷേപം ഉന്നയിച്ചത്. തന്റെ അമ്മാവന്റെ വോട്ട് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തത് അവിടുത്തെ ഒരു ബൂത്ത് ലെവല്‍ ഓഫീസറിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പുതിയ കണ്ടെത്തലുകള്‍ പുറത്തുവന്നത്. കൂടുതല്‍ പരിശോധനയില്‍ അയല്‍വാസിയായ ഒരാള്‍ നീക്കം ചെയ്യുകയായിരുന്നു എന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍, അയാളോട് ഇക്കാര്യം അന്വേഷിച്ചപ്പോള്‍ അയാള്‍ക്കത് അറിവില്ലെന്നും വ്യക്തമാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ വ്യക്തമായ കണ്ടെത്തലുകളാണ് രാഹുല്‍ ഗാന്ധി ഇന്ന് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്.

ഗോദാഭായിയെന്ന വോട്ടര്‍ക്ക് തന്റെ വോട്ട് ഇല്ലാതായത് എങ്ങനെയെന്നറിയില്ലെന്ന് രാഹുല്‍ വാര്‍ത്തസമ്മേളനത്തില്‍ വിശദീകരിച്ചു. കര്‍ണ്ണാടകത്തിന് പുറത്ത് നിന്നുള്ള ചില മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ചാണ് ഡിലീറ്റ് ചെയ്തത്. സൂര്യകാന്ത് എന്നയാളുടെ വിവരങ്ങള്‍ ഉപയോഗിച്ച് 14 വോട്ടുകള്‍ ഡിലീറ്റ് ചെയ്തുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സൂര്യകാന്തിനേയും രാഹുല്‍ വാര്‍ത്താ സമ്മേളന വേദിയില്‍ കൊണ്ടുവന്നിരുന്നു.

തന്റെ വിവരങ്ങള്‍ ഉപയോഗിച്ച് 14 വോട്ടുകള്‍ ഡിലീറ്റ് ചെയ്തത് എങ്ങനെ സംഭവിച്ചെന്ന് അറിയില്ലെന്ന് സൂര്യകാന്ത് പറഞ്ഞു. ഗോദാബായിയുടെ വിവരങ്ങള്‍ ഉപയോഗിച്ചും വോട്ടുകള്‍ ഒഴിവാക്കിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വ്യാജ ലോഗിനുകള്‍ ഉപയോഗിച്ച് കര്‍ണ്ണാടത്തിന് പുറത്ത് നിന്നുള്ള കോള്‍ സെന്ററുകള്‍ വഴിയാണ് വോട്ടുകള്‍ ഒഴിവാക്കുന്നത്. ഇക്കാര്യത്തില്‍ കര്‍ണാടകയില്‍ കേസെടുത്തിട്ടുണ്ടെന്നും രാഹുല്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക