25
Jun 2024
Tue
25 Jun 2024 Tue

400 സീറ്റ് നേടി വിജയിക്കുമെന്നും ഭരണഘടന ഭേദഗതി ചെയ്യുമെന്ന അവകാശവാദവുമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച സംഘപരിവാറിനും എന്‍ ഡിഎയ്ക്കും രാജ്യത്തെ ജനങ്ങള്‍ കനത്ത തിരിച്ചടിയാണ് നല്‍കിയതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നയിച്ച വിദ്വേഷ പ്രചാരണങ്ങള്‍ക്ക് ശേഷവും മുന്‍ വിജയം പോലും ആവര്‍ത്തിക്കാന്‍ കഴിയാത്ത രീതിയില്‍ ജനങ്ങള്‍ സംഘപരിവാറിനെ കൈകാര്യം ചെയ്തിരിക്കുന്നു. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങള്‍ ബി ജെ പി ഭരണത്തിന്റെ അപകടം മനസ്സിലാക്കി അവരെ തിരസ്‌കരിച്ചു തുടങ്ങി എന്ന വ്യക്തമായ സന്ദേശം തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നുണ്ട്. മതനിരപേക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി അണിനിരന്നാല്‍ ഹിന്ദുത്വ വംശീയതയെയും ഭരണകൂട ഭീകരതയെയും സംഘ്പരിവാര്‍ ഫാഷിസത്തെയും ചെറുത്തു തോല്‍പ്പിക്കാന്‍ കഴിയുമെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതിപക്ഷ നേതാക്കളെ തുറുങ്കിലടച്ചും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടിയും മാധ്യമങ്ങളെ വിലയ്‌ക്കെടുത്തും പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതാക്കളുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചും വോട്ടര്‍മാരെ ഭയപ്പെടുത്താന്‍ ശ്രമിച്ചും പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് കഴിഞ്ഞ 10 വര്‍ഷം മോദി സര്‍ക്കാര്‍ ശ്രമിച്ചത്. മറയില്ലാത്ത വിദ്വേഷപ്രസംഗങ്ങള്‍ നടത്തിയും വോട്ട് ബാങ്ക് ലക്ഷ്യം വച്ച് ഹിന്ദുത്വ ചിഹ്നങ്ങളും ആവിഷ്‌കാരങ്ങളും ദുരുപയോഗിച്ചും കോടികള്‍ ഒഴുക്കി നടത്തിയ രാഷ്ട്രീയ പ്രചാരണങ്ങളെ ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്.

വാരാണസിയില്‍ മോദിയുടെ ഭൂരിപക്ഷം 2019 നെ അപേക്ഷിച്ച് കുത്തനെ ഇടിഞ്ഞു. സ്മൃതി ഇറാനി ഉള്‍പ്പടെയുള്ള പത്തോളം കേന്ദ്ര മന്ത്രിമാര്‍ പരാജയപ്പെട്ടു. ഹിന്ദുത്വ രാഷ്ട്രീയത്തിന് താരതമ്യേന സ്വാധീനമുള്ള യു പി, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബി ജെ പി യുടെ സീറ്റ് നില താഴേക്ക് പോയി. മണിപ്പൂരില്‍ 2 സീറ്റുകളിലും ബി ജെ പി പരാജയപ്പെട്ടു. പഞ്ചാബിലും തമിഴ്‌നാട്ടിലും ഒരു സീറ്റിലും ബി ജെ പി വിജയിച്ചില്ല. കര്‍ഷക സമരക്കാരെ വണ്ടികയറ്റിക്കൊന്ന ലഖിംപൂര്‍ഖേരിയില്‍ ബിജെപി പരാജയപ്പെട്ടു. ബാബരി മസ്ജിദ് തകര്‍ത്തു രാമക്ഷേത്രം പണിത ഫൈസാബാദ് മണ്ഡലത്തില്‍ പോലും വോട്ടര്‍മാര്‍ ബി ജെ പി യെ കൈയൊഴിഞ്ഞു. ബി ജെ പി രാഷ്ട്രീയമായി വേട്ടയാടി പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയ രാഹുല്‍ ഗാന്ധി, മഹുവ മൊയ്ത്ര, പാര്‍ലമെന്റില്‍ ബി ജെ പി യുടെ അധിക്ഷേപങ്ങള്‍ക്കിരയായ ദാനിഷ് അലി തുടങ്ങിയവരെല്ലാം വിജയിച്ചു. ഭരണകൂട വേട്ടക്കിരയായി ജയിലില്‍ നിന്ന് മത്സരിച്ചവരും പലയിടങ്ങളില്‍ വിജയിച്ചിരിക്കുന്നു. ചന്ദ്രശേഖര്‍ ആസാദ് ഒറ്റക്ക് നേടിയ ജയം സംഘപരിവാറിനെതിരായ പോരാട്ടത്തിന്റെ വിജയമാണ്. സംഘ്പരിവാറിന്റെ വംശീയ രാഷ്ട്രീയത്തിനെതിരായി വിധിയെഴുതിയ മുഴുവന്‍ വോട്ടര്‍മാരെയും പ്രതികൂല സാഹചര്യങ്ങള്‍ക്കിടയില്‍ നിന്ന് കൊണ്ട് ജനാധിപത്യ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇന്‍ഡ്യാ മുന്നണിയിലെ കക്ഷികളെയും നേതാക്കളെയും അഭിവാദ്യം ചെയ്യുന്നു.

ചെറുതും വലുതുമായ എല്ലാ ബി ജെ പി യിതര രാഷ്ട്രീയ പാര്‍ട്ടികളെയും ചേര്‍ത്തു പിടിച്ചു കൊണ്ട് കേന്ദ്രത്തില്‍ ഒരു സംഘ്പരിവാര്‍ ഇതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇന്ത്യ മുന്നണി നേതാക്കള്‍ തയ്യാറാകണം.മറ്റു അഭിപ്രായ വ്യത്യാസങ്ങളും കക്ഷി താല്പര്യങ്ങളും മാറ്റി വെച്ചു രാജ്യത്തിന്റെ ഭാവിക്കും സുസ്ഥിതിക്കും വേണ്ടി ഒന്നിച്ചു നില്‍ക്കാന്‍ എല്ലാ പാര്‍ട്ടികള്‍ക്കും ബാധ്യതയുണ്ട്. കേന്ദ്രത്തില്‍ ഒരു ജനാധിപത്യ മത നിരപേക്ഷ സര്‍ക്കാര്‍ രൂപീകരണം എന്നതായിരിക്കണം എല്ലാവരുടെയും പ്രഥമവും പ്രധാനവുമായ പരിഗണന.

തീര്‍ത്തും ജനവിരുദ്ധവും സാമൂഹ്യനീതിയെ വെല്ലുവിളിക്കുന്നതുമായ സംസ്ഥാന ഭരണത്തിന് ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍. ജനങ്ങളെ ഒട്ടും മാനിക്കാതെ മുന്നോട്ട് പോയ സര്‍ക്കാറിനേറ്റ കനത്ത പ്രഹരം കൂടിയാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം. വടകരയില്‍ അടക്കം സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട് കൊയ്യാനുള്ള കുതന്ത്രങ്ങളെ കേരളീയ സമൂഹം തിരസ്‌കരിച്ചിരിക്കുകയാണ്. സംഘ് പരിവാര്‍ വിരുദ്ധ തിരഞ്ഞടുപ്പ് പൂര്‍വ്വ വിശാല രാഷ്ടീയ സഖ്യം എന്ന വെല്‍ഫെയര്‍ പാര്‍ട്ടി നിലപാടിനുള്ള അംഗീകാരം കൂടിയാണ് ജനവിധിയെന്ന് അദ്ദേഹം പറഞ്ഞു.

ബി ജെ പി യുടെ രണ്ട് കേന്ദ്ര മന്ത്രിമാര്‍ പരാജയപ്പെട്ടുവെങ്കിലും തൃശൂരിലെ ബി ജെ പി ജയം അതീവ ഗൗരവത്തോടെ കേരളം നോക്കിക്കാണണം. സംഘ്പരിവാറിന് സംസ്ഥാനത്ത് സ്ഥാനമില്ലെന്ന കേരളത്തിന്റെ രാഷ്ട്രീയ അവകാശവാദത്തിന് പരിക്കേറ്റിരിക്കുന്നു. എല്‍ഡിഎഫ് – യുഡിഎഫ് മുന്നണികളുടെ രാഷ്ട്രീയ ദൗര്‍ബല്യത്തെയും വോട്ട് ചോര്‍ച്ചയെയും മുതലെടുത്താണ് ബിജെപി ജയിച്ചത് ഇതിന്റെ കാരണങ്ങള്‍ മുന്നണികള്‍ സൂക്ഷ്മമായി പരിശോധിക്കണം. ബിജെപിയുടെ പരാജയം ഉറപ്പുവരുത്തും വിധം തന്ത്രപരമായി തിരഞ്ഞെടുപ്പിനെ സമീപിക്കേണ്ട ഉത്തരവാദിത്തബോധം മുന്നണികളില്‍ നിന്നുണ്ടായില്ല.

കേരളീയ സമൂഹത്തില്‍ വിഭാഗീയതയും വര്‍ഗീയതയും വളര്‍ത്തുവാനും അതിലൂടെ തിരഞ്ഞെടുപ്പ് നേട്ടം കൊയ്യുവാനും സംഘ്പരിവാറിന് സാധിച്ചിരിക്കുന്നു ഈ അപകടം നാട് തിരിച്ചറിയണം . ഈ സാഹചര്യത്തെ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും പൊതു സമൂഹവും മത സമുദായ സംഘടനകളും സാംസ്‌കാരിക ലോകവും ആത്മാവിമര്‍ശനപരമായി സമീപിക്കണം. താല്‍ക്കാലിക നേട്ടങ്ങള്‍ക്ക് വേണ്ടി സമൂഹത്തില്‍ വളര്‍ത്തിയെടുത്ത വിഭാഗീയ ചിന്തകള്‍ ആത്യന്തികമായി സംഘ്പരിവാറിനായിരിക്കും പ്രയോജനം ചെയ്യുക എന്ന് വെല്‍ഫെയര്‍ പാര്‍ട്ടി നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍, വിശിഷ്യാ ഇടതുപക്ഷം, സംഘ്പരിവാര്‍ ആശയങ്ങള്‍ക്കും രാഷ്ട്രീയത്തിനും വളമാകുന്ന രീതിയില്‍ സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്തത് കേരളത്തിലെ സാമൂഹ്യബോധങ്ങളില്‍ വിള്ളലുകള്‍ വരുത്തിയിട്ടുണ്ട്. ഇത് തിരിച്ചറിഞ്ഞു തിരുത്തുവാന്‍ പാര്‍ട്ടികള്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.