25
Sep 2024
Thu
25 Sep 2024 Thu
Elephant furniture fraud

തിരുവനന്തപുരം: വീട്ടിലിരുന്ന പണം സമ്പാദിക്കാമെന്ന വാഗ്ദാനത്തില്‍ കുടുങ്ങി വീണ്ടും മലയാളികള്‍. (Elephant furniture website: A new form of online scam) ഭൂരിഭാഗം വീട്ടമ്മമാര്‍ ഇരയായ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത് കോടികള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എലിഫന്റ് ഫര്‍ണിച്ചര്‍ വെബ്സൈറ്റാണ് പുതിയ തട്ടിപ്പിന്റെ വഴി. പ്രാഥമിക വിവരപ്രകാരം 4500 ലധികം പേരില്‍ നിന്നായി 80 കോടിയിലധികം തട്ടിപ്പുകാര്‍ കൈക്കലാക്കി. വിവരം പുറത്തുപറയാത്തവര്‍ ഇനിയും നിരവധി പേരുണ്ട്.

വീട്ടിലിരുന്ന് ലക്ഷങ്ങള്‍ സമ്പാദിക്കാം എന്ന മുഖവുരയോടെ വാട്‌സാപ്പിലും മറ്റും പ്രചരിക്കുന്ന സന്ദേശത്തോട് കൂടിയാണ് തട്ടിപ്പിന്റെ തുടക്കം. ഒപ്പം ഇതില്‍ ബിസിനസ് ചെയ്ത് ലക്ഷങ്ങള്‍ സമ്പാദിച്ച ഒരു യുവതിയുടെ വീഡിയോയും പ്രചരിച്ചിരുന്നു.

തട്ടിപ്പിന്റെ രീതികള്‍ വിചിത്രമാണ്. എലിഫന്റ് ഫര്‍ണിച്ചര്‍ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഫര്‍ണിച്ചര്‍ വാങ്ങണം. 680 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ വിലയുള്ള ഫര്‍ണിച്ചര്‍ വെബ്സൈറ്റില്‍ ഉണ്ട്.

Elephant furniture fraud website

ഫര്‍ണിച്ചര്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ നല്‍കാനെ കഴിയു, പക്ഷേ ലഭിക്കില്ല. അതിന് പകരം ലാഭവിഹിതം എന്ന നിലയില്‍ നിശ്ചിത തുക ഓണ്‍ലൈനില്‍ തന്നെ ലഭിക്കും. നിങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഫര്‍ണീച്ചര്‍ കമ്പനി വാങ്ങി മറിച്ചുവിറ്റ് അതിന്റെ ലാഭവിഹിതം നല്‍കുന്നുവെന്നാണ് തട്ടിപ്പുകാര്‍ പറഞ്ഞു വിശ്വസിപ്പിക്കുന്നത്.

ഒരുമാസം പൂര്‍ത്തിയാകുമ്പോള്‍ 680 രൂപയ്ക്ക് വാങ്ങിയ ഫര്‍ണിച്ചറില്‍ നിന്ന് 1224 രൂപ തിരികെ ലഭിക്കും എന്നതാണ് വാഗ്ദാനം. ഇരകളാക്കപ്പെട്ടവര്‍ കൂടുതലും വീട്ടമ്മമാരാണ്.

എറ്റവും കുറഞ്ഞ തുകയായ 680 രൂപമുടക്കി ഫര്‍ണിച്ചര്‍ വാങ്ങിയാല്‍ അപ്പോള്‍ തന്നെ 115 രൂപ വെല്‍ക്കം ബോണസ് ലഭിക്കും. പിന്നാലെ ഓരോ ദിവസവും 680 ന് പരമാവധി 30 രൂപ എന്ന നിരക്കില്‍ വെബ്‌സൈറ്റ് അക്കൗണ്ടില്‍ ബാലന്‍സ് കാണിക്കും. 120 രൂപയാകുമ്പോള്‍ ആ ബാലന്‍സ് അക്കൗണ്ടിലേയ്ക്ക് മാറ്റാം.

ഒരുമാസമാകുമ്പോള്‍ നികുതി എല്ലാം പിടിച്ച ശേഷം 680 ന്റെ മൂല്യം 1224 രൂപയായി മാറും. തുടക്കത്തില്‍ ചെറിയ തുക നിക്ഷേപിച്ചവര്‍ക്ക് കൃത്യമായി പണം കിട്ടിയിരുന്നു. വിശ്വാസം വന്നതോടെ കൂടുതല്‍ തുക നിക്ഷേപിച്ചു തുടങ്ങി.

കഴിഞ്ഞ മാസം അവസാനം 10 ദിവസത്തേയ്ക്ക് ഒരു ഓഫര്‍ വന്നു. 10,000 രൂപയുടെ ഫര്‍ണിച്ചര്‍ വാങ്ങിയാല്‍ ചുരുങ്ങിയ ദിവസം കൊണ്ട് 10 ഇരട്ടിയാകുമെന്നായിരുന്നു ഓഫര്‍. ഇതുവരെയുള്ള ഇടപാടുകളില്‍ വിശ്വസിച്ചവര്‍ 50,000 രൂപ മുതല്‍ 3 ലക്ഷം വരെ നിക്ഷേപിച്ചു.

ALSO READ: വീട്ടിലെ ഗ്യാസ് ചോര്‍ന്നതറിയാതെ സ്വിച്ചിട്ടു; കൊല്ലത്ത് തീ ആളിപ്പടര്‍ന്ന് വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു

ഒന്നിച്ച് വന്‍ തുക നിക്ഷേപം സ്വീകരിച്ച ശേഷം വെബ്‌സൈറ്റ് പണിമുടക്കി. കഴിഞ്ഞ അഞ്ചാം തീയതി മുതല്‍ വെബ്‌സൈറ്റ് ലഭിക്കുന്നില്ല. വെബ്‌സൈറ്റ് പൂട്ടുന്നതിന് മുമ്പ് അതില്‍ ഒരു സന്ദേശം പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ത്യയില്‍ വന്‍തുക നികുതി അടക്കേണ്ടതിനാല്‍ ഇവിടെയുള്ള വ്യാപാരം നിര്‍ത്തുകയാണെന്നും ഇനി ഭൂട്ടാനില്‍ സമാനമായ പദ്ധതി നടപ്പാക്കുമെന്നുമായിരുന്നു സന്ദേശം. എന്നാല്‍, അതില്‍ ജോയിന്‍ ചെയ്യണമെങ്കില്‍ 2000 രൂപയോളം മുടക്കണമെന്നും സന്ദേശത്തില്‍ പറയുന്നു. ഇതോടെയാണ് ഇത് ഒരു വന്‍ ചതിയാണെന്ന് ബോധ്യപ്പെട്ടതെന്ന് കുടുങ്ങിയവര്‍ പറയുന്നു.

ഇതില്‍ ജോയിന്‍ ചെയ്ത പലരും റഫര്‍ ചെയ്ത് സുഹൃത്തുക്കളെയും ബന്ധുക്കളെയും മറ്റും അംഗങ്ങളാക്കിയിരുന്നു. അങ്ങിനെ അംഗങ്ങളാക്കുന്നതിന് പ്രത്യേക ബോണസും നല്‍കിയിരുന്നു.

കബളിപ്പിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞതോടെ പരാതികളുമായി നെട്ടോട്ടമോടുകയാണ് നിക്ഷേപിച്ചവര്‍.