ന്യൂഡൽഹി: ബിജെപി നേതാവായ ഗുസ്തി ഫെഡറേഷൻ മേധാവി ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ ജന്തർമന്തറിൽ സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്കെതിരെ കലാപശ്രമത്തിന് കേസ്. സമരത്തിന് നേതൃത്വം നൽകുന്ന വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റംങ് പൂനിയ എന്നിവരുൾപ്പെടെയുള്ള പ്രമുഖ താരങ്ങൾക്കെതിരെയാണ് വിവിധ ഐ.പി.സി സെക്ഷനുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കലാപ ശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
|
താരങ്ങൾ പുതിയ പാർലമെന്റ് കെട്ടിടത്തിലേക്ക് മാർച്ച് നടത്തിയതിന് കസ്റ്റഡിയിലായതിനു പിന്നാലെയാണ് താരങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ കസ്റ്റഡിയിലെടുത്ത ബജ്‌രംഗ് പുനിയയെ രാത്രി ഏറെ വൈകി വിട്ടയച്ചു. സമരം അവസാനിപ്പിക്കില്ലെന്നും ജന്തർമന്തറിലേക്ക് മടങ്ങിവരുമെന്നും സാക്ഷി മാലിക്ക് വ്യക്തമാക്കി. കലാപശ്രമം ചുമത്തി കായികതാരങ്ങൾക്കെതിരെ കേസെടുത്ത ഡൽഹി പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
പുതിയ പാർലമെന്റ് മന്ദിരത്തിനുസമീപം ‘മഹിളാ മഹാപഞ്ചായത്ത്’ നടത്താനൊരുങ്ങിയ ഗുസ്തിതാരങ്ങളെ ഡൽഹി പൊലീസ് തെരുവിലൂടെ വലിച്ചിഴച്ചിരുന്നു. ഒളിംപിക്‌സ് മെഡൽ ജേതാക്കളായ സാക്ഷി മാലിക്ക്, ബജ്രംഗ് പുനിയ, ഏഷ്യൻ ഗെയിംസ് ജേതാവ് വിനേഷ് ഫോഗട്ട് തുടങ്ങിയ താരങ്ങളെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത പൊലീസ്, ജന്തർമന്തറിലെ അവരുടെ സമരപ്പന്തലും താമസസൗകര്യങ്ങളും നീക്കം ചെയ്തു.
കായികതാരങ്ങളെ പീഡിപ്പിച്ച കേസിലെ പ്രതി പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനെത്തിയത് അപമാനമെന്ന് ബജ്‌രംഗ് പുനിയ പറഞ്ഞു. ബ്രിജ്ഭൂഷനെതിരെ കേസെടുക്കാൻ ഡൽഹി പൊലീസിന് ഏഴ് ദിവസം വേണ്ടി വന്നുവെന്നും, എന്നാൽ പ്രതിഷേധിച്ച ഗുസ്തി താരങ്ങൾക്കെതിരെ കേസെടുത്തത് മണിക്കൂറുകൾക്കുള്ളിലാണെന്നും അദ്ദേഹം ആരോപിച്ചു.


