ഉമ്മന്‍ ചാണ്ടിയെ പ്രശംസിച്ചു, വെറ്ററിനറി ആശുപത്രി ജീവനക്കാരിയെ പുറത്താക്കിയെന്ന് ആരോപണം
|
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രശംസിക്കുകയും അദ്ദേഹത്തിന്റെ മകന്‍ ചാണ്ടിഉമ്മന് വോട്ടുനല്‍കുമെന്നും പറഞ്ഞ വെറ്ററിനറി ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയെ ജോലിയില്‍നിന്നു പുറത്താക്കിയതായി ആരോപണം. പുതുപ്പള്ളി പള്ളിക്കിഴക്കേതില്‍ പി ഒ സതിയമ്മ (52) യ്ക്ക് ആണ് ജോലി നഷ്ടമായത്. പുതുപ്പളളി ഉപതിരഞ്ഞെടുപ്പിനെപ്പറ്റി ഒരു ചാനല്‍ പ്രതികരണം തേടിയപ്പോഴാണ് ഉമ്മന്‍ ചാണ്ടി ചെയ്തുതന്ന സേവനത്തെപ്പറ്റി സതിയമ്മ സംസാരിച്ചത്. ഇത്തവണ ചാണ്ടി ഉമ്മന് വോട്ട് നല്‍കുമെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.
ഇടതുമുന്നണി ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തിനു കീഴിലെ മൃഗാശുപത്രിയിലാണ് സതിയമ്മ ജോലിചെയ്തിരുന്നത്. മകന്‍ രാഹുല്‍ വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങള്‍ ചെയ്തതും തന്റെ മകളുടെ വിവാഹത്തിന് ഉമ്മന്‍ ചാണ്ടി പങ്കെടുത്തതും സതിയമ്മ പറഞ്ഞിരുന്നു. സ്വകാര്യ ചാനലിനോടുള്ള സംഭാഷണം ഞായറാഴ്ച പുറത്തുവന്നതിന് തൊട്ടുപിന്നാലെ മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍ ഫോണില്‍ വിളിച്ച് ഇനി ജോലിക്കു കയറേണ്ടെന്നു നിര്‍ദേശിക്കുകയായിരുന്നു. ഒഴിവാക്കാന്‍ മുകളില്‍നിന്നു സമ്മര്‍ദമുണ്ടെന്നും ഡപ്യൂട്ടി ഡയറക്ടര്‍ സൂചിപ്പിച്ചതായി സതിയമ്മ പറഞ്ഞു.
നാല് വര്‍ഷത്തിനു ശേഷം കുടുംബശ്രീ വഴി കൈതേപ്പാലത്തേക്കു സ്വീപ്പറായി എത്തിയ സതിയമ്മയ്ക്ക് 8,000 രൂപയാണു മാസവേതനം ലഭിച്ചിരുന്നത്. തടിപ്പണിക്കാരനായിരുന്ന ഭര്‍ത്താവിന് ജോലിയില്ലാത്തതിനാല്‍ സതിയമ്മയുടെ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. അതേസമയം ഇവരുടെ കാലാവധി കഴിഞ്ഞതിനാലാണ് പിരിച്ചുവിട്ടതെന്നാണ് മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ പ്രതികരണം.





