
ലണ്ടന്‍: ലിവര്‍പൂള്‍ എഫ്.സിയെയും സൂപ്പര്‍ താരം മുഹമ്മദ് സലാഹിനെയും തടഞ്ഞുനിര്‍ത്താന്‍ കഴിയാതെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ക്ലബ്ബുകള്‍. സീസണില്‍ ലീഗ് പട്ടികയില്‍ മുന്നിലുള്ള ലിവര്‍പൂള്‍ ഇന്നലെ ബോണ്‍ മൗത്തിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി മൂന്ന് പോയിന്റുകള്‍ കൂടി ചേര്‍ത്തു. രണ്ട് ഗോളുകള്‍ അടിച്ചതും സലാഹ് ആണ്. 30ാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ ലിവര്‍പൂളിനെ മുന്നിലെത്തിച്ച സലാഹ് 75ാം മിനിറ്റില്‍ ജോണ്‍സിന്റെ അസിസ്റ്റിലാണ് വലകുലുക്കിയത്.
![]() |
|
നിലവില്‍ അസിസ്റ്റിലും ഗോളിലും സലാഹ് തന്നെയാണ് ലീഗില്‍ മുന്നിലുള്ള തരാം. 21 ഗോളുകളാണ് സലാഹ് ഈ സീസണില്‍ അടിച്ചത്. 18 ഗോളുകളുമായി സിറ്റിയുടെ എര്‍ളിങ് ഹാളണ്ട് ആണ് രണ്ടാമത്. 13 അസിസ്റ്റുകളാണ് സലാഹ് ഇത്തവണ സ്വന്തം പേരില്‍ കുറിച്ചത്. 10 അസിസ്റ്റുകളുള്ള ഫുല്‍ഹാമിന്റെ റോബിന്‍സണ്‍ ആണ് രണ്ടാമത്.
മറ്റൊരു മത്സരത്തില്‍ കരുത്തരായ ന്യൂകാസിലിനെ ഫുള്‍ഹാം ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്തു. റൗള്‍ ജിമിനെസും റോഡ്രിഗോ മുനിസുമാണ് ഫുള്‍ഹാമിനായി ഗോള്‍ അടിച്ചത്. ജേകബ് മര്‍ഫിയാണ് ന്യൂകാസിലിന്റെ സ്‌കോറര്‍.
അതേസമയം, ഗോള്‍മഴ തീര്‍ത്ത പോരാട്ടത്തില്‍ നോട്ടിങ്ഹാം ഫോറസ്റ്റ്, ബ്രൈറ്റണെ ഏകപക്ഷീയമായ ഏഴ് ഗോളിന് നാണംകെടുത്തി. ക്രിസ് വുഡ് ഹാട്രിക് അടിച്ചു. നീകോ വില്യംസും മോര്‍ഗന്‍ ഗിബ്‌സും ജോട്ട സില്‍വയും നോട്ടിങ്ഹാമിനായി വലകുലുക്കി.
23 മത്സരങ്ങളില്‍നിന്നായി ഒരൊറ്റ തോല്‍വി മാത്രം രുചിച്ച ലിവര്‍പൂള്‍ 56 പോയിന്റോടെയാണ് ഒന്നാംസ്ഥാനത്ത് തുടരുന്നത്. അത്രയും കളിയില്‍നിന്ന് 47 പോയിന്റോടെ ആഴ്‌സണല്‍ രണ്ടാമതാണ്. 24 മത്സരങ്ങളില്‍ നിന്ന് 47 പോയിന്റുമായി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്‌നോട്ടിങ്ഹാമാണ്.
English clubs unable to stop Liverpool FC