
ന്യൂഡല്‍ഹി: ഇസ്ലാം മതത്തില്‍ സ്ത്രീകള്‍ക്ക് മസ്ജിദില്‍ നിസ്‌കരിക്കുന്നതിന് വിലക്കില്ലെന്ന് അഖിലേന്ത്യ വ്യക്തിനിയമ ബോര്‍ഡ്. മസ്ജിദില്‍ സ്ത്രീകള്‍ക്കും ആരാധന നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അന്‍വര്‍ ഹുസ്സൈന്‍ ഷെയ്ഖ് എന്ന വ്യക്തി 2009 ല്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് അഖിലേന്ത്യ വ്യക്തി നിയമ ബോര്‍ഡ് സത്യവാങ്മൂലം നല്‍കിയത്. എന്നാല്‍ മസ്ജിദില്‍ പുരുഷന്മാര്‍ക്കൊപ്പം നിസ്‌കരിക്കാന്‍ മതം അനുവദിക്കുന്നില്ലെന്നും വ്യക്തിനിയമ ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചു.
ഇസ്ലാം മതം സ്ത്രീകള്‍ക്ക് ആരാധനയ്ക്കായുള്ള സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. മസ്ജിദില്‍ പ്രവേശിക്കുന്നതിനും നിസ്‌കരിക്കുന്നതിനും സ്ത്രീകള്‍ക്ക് വിലക്കില്ല. മാത്രമല്ല അതിനുള്ള എല്ലാ സൗകര്യങ്ങളും മസ്ജിദ് ഒരുക്കി നല്‍കണമെന്നുമാണ്. ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ സര്‍ക്കാരിന്റെ പരിധിയിലുള്ളത് അല്ല. ആരാധനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് മുതവല്ലിമാരുടെ നേതൃത്വത്തിലുള്ള സ്വകാര്യ സമിതികള്‍ ആണെന്നും സത്യവാങ്മൂലത്തില്‍ വഖഫ് ബോര്‍ഡ് വ്യക്തമാക്കി.
മസ്ജിദില്‍ കയറാനും ആരാധന നടത്താനും മുസ്ലീം സ്ത്രീകള്‍ക്ക് സര്‍വ്വ സ്വാതന്ത്ര്യവും ഖുര്‍ആനില്‍ നല്‍കുന്നുണ്ട്. വീട്ടില്‍ പ്രാര്‍ത്ഥിക്കണോ അതോ മസ്ജിദില്‍ എത്തി നിസ്‌കരിക്കണോ എന്ന കാര്യത്തില്‍ സ്ത്രീകള്‍ക്ക് തീരുമാനം എടുക്കാം. എന്നാല്‍ പുരുഷന്മാര്‍ക്കൊപ്പം നിസ്‌കരിക്കാന്‍ സ്ത്രീകള്‍ക്ക് അനുവാദം ഇല്ല. മസ്ജിദില്‍ ആരാധന നടത്താന്‍ സ്ത്രീകളെ അനുവദിക്കാത്തത് നിയമവിരുദ്ധവും ഭരണഘടനാ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഇതില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി വ്യക്തിനിയമ ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി കോടതി അടുത്ത മാസം പരിഗണിക്കും.