താന്‍ എഴുതാത്ത കാര്യങ്ങളാണ് തന്റെ പുസ്തകമെന്ന് പറഞ്ഞ് 24 ന്യൂസ് ചാനല്‍ പുറത്തുവിട്ടതെന്ന് സിപിഐഎം നേതാവ് ഇപി ജയരാജന്‍. (EP Jayarajan autobiography controversy ) തന്റെ പുസ്തകം പൂര്‍ത്തിയായിട്ടില്ലെന്നും ഡിസി ബുക്‌സിനെ പ്രസിദ്ധീകരിക്കാന്‍ ഏല്‍പ്പിച്ചിട്ടില്ലെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി.
|
രണ്ടാം പിണറായി സര്‍ക്കാരിന് എതിരെ ആഞ്ഞടിച്ച് ഇപി ജയരാജന്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നു എന്നായിരുന്നു 24 ന്യൂസ് വാര്‍ത്ത പുറത്തുവിട്ടത്. പാര്‍ട്ടിയും സര്‍ക്കാരും തെറ്റുകള്‍ തിരുത്തണമെന്ന് ഇപി ജയരാജന്റെ ആത്മകഥയായ ‘കട്ടന്‍ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ത്തില്‍ പറയന്നു എന്നാണ് വാര്‍ത്ത. തന്റെ ഭാഗം കേള്‍ക്കാതെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതെന്നും ഇപിയുടേതെന്ന പറയുന്ന പുസ്തകത്തിലുണ്ട്.
പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ചര്‍ച്ചയാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. സെക്രട്ടറിയേറ്റില്‍ അറിയിച്ചശേഷമാണ് സാന്റിയാഗോ മാര്‍ട്ടിന്‍ അടക്കമുള്ളവരില്‍ നിന്നും ദേശാഭിമാനിക്ക് പരസ്യം വാങ്ങിയത്. എന്നാല്‍ വിഎസ് അച്യുതാനന്ദന്‍ തനിക്ക് എതിരെ ആയുധമാക്കി. ഡോ.പി. സരിനെ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കിയതിലും അതൃപ്തി. ചേലക്കരയില്‍ അന്‍വറിന്റെ സ്ഥാനാര്‍ത്ഥി എല്‍ഡിഎഫിനും ദോഷമുണ്ടാക്കുമെന്നും പുസ്തകത്തില്‍ പറയുന്നു. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വിശദമായ മറുപടി പറയുന്ന പുസ്തകം ഡിസി ബുക്ക്‌സ് ഇന്ന് പുറത്തിറക്കുമെന്നും ചാനല്‍ വാര്‍ത്തയിലുണ്ട്.
ഇഎംഎസ് നൊപ്പമുള്ള ഇപിയുടെ ചിത്രമാണ് കവര്‍പേജ് ആയി നല്‍കിയിട്ടുള്ളത്. കണ്‍വീനര്‍ സ്ഥാനത്തു നിന്നും മാറ്റിയതില്‍ വലിയ പ്രയാസം ഉണ്ടാക്കിയതായാണ് ഇപി ജയരാജന്‍ ആത്മകഥയില്‍ പറയുന്നത്.
അവസരവാദ രാഷ്ട്രീയത്തെക്കുറിച്ച് പറയുമ്പോള്‍ പാലക്കാട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ കുറിച്ചും ചര്‍ച്ച ചെയ്യണമെന്നാണ് പുസ്തകത്തില്‍ പറയുന്നത്. തലേദിവസം വരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷയില്‍ ആയിരുന്നു സരിന്‍. അത് നടക്കാതായപ്പോഴാണ് ഇരട്ടി വെളുക്കും മുമ്പേ മറുകണ്ടം ചാടിയതെന്നും പുസ്തകത്തില്‍ ആരോപിക്കുന്നു.
എന്നാല്‍, താന്‍ എഴുതാത്ത കാര്യങ്ങളാണ് പുസ്തകത്തിലുള്ളതെന്നാണ് ഇപിയുടെ പ്രതികരണം. തന്റെ പുസ്തകത്തിന്റെ അന്തിമമായ എഡിറ്റിങ് പൂര്‍ത്തിയായിട്ടില്ല. ടൈപ്പ് ചെയ്യാന്‍ കൊടുത്തതേ ഉള്ളു. പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ഡിസി ബുക്‌സിനെ ഏല്‍പ്പിച്ചിട്ടില്ല. മാതൃഭൂമിയുമായി ഏറെക്കുറെ ധാരണയിലെത്തിയിട്ടുണ്ട്. പുസ്തകത്തിന് ഇപ്പോള്‍ പുറത്തുവന്നതു പോലുള്ളൊരു ടൈറ്റില്‍ താന്‍ കൊടുത്തിട്ടില്ല. തിരഞ്ഞെടുപ്പ് ദിവസം മനപൂര്‍വ്വം വിവാദം സൃഷ്ടിക്കുന്നതിന് രാഷ്ട്രീയ എതിരാളികള്‍ മെനഞ്ഞെടുത്തതാണ് ഈ പുസ്തക കഥയെന്ന് ഇപി പറഞ്ഞു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും ഇ പി പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





