ലെയ്പ്‌സിഗ്: ഏകപക്ഷീയമാവുമെന്ന് കരുതിയ പോര്‍ച്ചുഗല്‍-ചെക്ക് റിപബ്ലിക്ക് മല്‍സരത്തില്‍ പറങ്കിപ്പട രക്ഷപ്പെട്ടത് സെല്‍ഫ് ഗോളില്‍. ( Euro 2024 Live update: portugal vs czechia, turkiye vs Georjia )കടുത്ത പ്രതിരോധത്തിലൂടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ വട്ടം കറക്കിയ ചെക്ക് റിപബ്ലിക്കിന്റെ വിധി കുറിച്ചത്. നിര്‍ഭാഗ്യം കൊണ്ട് വഴങ്ങേണ്ടിവന്ന രണ്ട് ഗോളുകള്‍.
|
ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തില്‍ ഭാഗ്യത്തിന്റെ അകമ്പടിയോടെ ചെക്ക് ടീമിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി പോര്‍ച്ചുഗല്‍ യൂറോ കപ്പിന് ജയത്തോടെ തുടക്കമിട്ടു. 62-ാം മിനിറ്റില്‍ ലൂക്കാസ് പ്രൊവോഡിലൂടെ മുന്നിലെത്തിയ ചെക്ക് റിപ്പബ്ലിക്കിന് 69-ാം മിനിറ്റില്‍ സെന്റര്‍ ബാക്ക് റോബിന്‍ റാനാക്കിന്റെ സെല്‍ഫ് ഗോളാണ് തിരിച്ചടിയായത്. തുടര്‍ന്ന് ഇന്‍ജുറി ടൈമില്‍ പകരക്കാരനും മുന്‍ പോര്‍ച്ചുഗീസ് താരം സെര്‍ജിയോ കോണ്‍സെയ്സോയുടെ മകനുമായ ഫ്രാന്‍സിസ്‌കോ കോണ്‍സെയ്സോ നേടിയ വിജയഗോളില്‍ പോര്‍ച്ചുഗല്‍ മൂന്നു പോയന്റ് സ്വന്തമാക്കുകയായിരുന്നു.
പോര്‍ച്ചുഗലിന്റെ മുന്നേറ്റനിരയും ചെക്ക് റിപ്പബ്ലിക്കിന്റെ പ്രതിരോധവും തമ്മിലുള്ള മത്സരമായിരുന്നു ആദ്യപകുതിയിലുടനീളം. ഡിയോഗോ ഡാലോട്ടും വിറ്റിഞ്ഞ്യയും ബ്രൂണോ ഫെര്‍ണാണ്ടസും ജാവോ കാന്‍സെലോയും ബെര്‍ണാഡോ സില്‍വയും റാഫേല്‍ ലിയാവോയുമായിരുന്നു പോര്‍ച്ചുഗല്‍ മുന്നേറ്റങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബോക്സിലും പുറത്തുമായി നിലകൊണ്ടു.
ഇതിനിടെ ലഭിച്ച രണ്ട് മികച്ച അവസരങ്ങളില്‍ റൊണാള്‍ഡോയുടെ ഷോട്ടുകള്‍ തട്ടിയകറ്റി ചെക്ക് ഗോള്‍കീപ്പര്‍ യിന്‍ഡ്രിച്ച് സ്റ്റാനെക്കും പോര്‍ച്ചുഗലിന് വിലങ്ങുതടിയായി.
A costly error 🫣
Was the goalkeeper right in punching the ball? 🤔#SonySportsNetwork #EURO2024 #PORCZE pic.twitter.com/zShSHjVUqg
— Sony Sports Network (@SonySportsNetwk) June 18, 2024
ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലും പോര്‍ച്ചുഗലിന്റെ മുന്നേറ്റങ്ങളായിരുന്നു. എന്നാല്‍ 62-ാം മിനിറ്റില്‍ പോര്‍ച്ചുഗലിനെ ഞെട്ടിച്ച് ലൂക്കാസ് പ്രൊവോഡിലൂടെ ചെക്ക് ടീം മുന്നിലെത്തി. പോര്‍ച്ചുഗല്‍ ബോക്സില്‍ നിന്ന് പുറത്തേക്ക് വ്ളാഡിമിര്‍ കൗഫാല്‍ കൊടുത്ത പന്ത് മികച്ചൊരു ഷോട്ടിലൂടെ പ്രൊവോഡ് വലയിലെത്തിക്കുകയായിരുന്നു.
ഗോള്‍വീണതോടെ ഉണര്‍ന്നു കളിച്ച പോര്‍ച്ചുഗലിന് 69-ാം മിനിറ്റില്‍ ഭാഗ്യത്തിന്റെ രൂപത്തില്‍ സെല്‍ഫ് ഗോളെത്തി. ന്യൂനോ മെന്‍ഡെസിന്റെ ഹെഡര്‍ നെടുനീളന്‍ ഡൈവിലൂടെ ഗോള്‍ കീപ്പര്‍ സ്റ്റാനെക്ക് തട്ടിയത് ചെക്ക് റിപ്പബ്ലിക്ക് സെന്റര്‍ ബാക്ക് റോബിന്‍ റാനാക്കിന്റെ കാലിലിടിച്ച് സ്വന്തം വലയില്‍ കയറുകയായിരുന്നു. ഇതിനിടെ 87-ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ ഹെഡര്‍ പോസ്റ്റിലിടിച്ച് മടങ്ങിയത് ഡിയോഗോ ജോട്ട വലയിലെത്തിച്ചെങ്കിലും റൊണാള്‍ഡോ ഓഫ്സൈഡായതോടെ ഗോള്‍ നിഷേധിക്കപ്പെട്ടു.
90-ാം മിനിറ്റില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തിയ പോര്‍ച്ചുഗലിന്റെ നീക്കം ഇന്‍ജുറി ടൈമില്‍ ഫലംകണ്ടു. പകരക്കാരനായി ഇറങ്ങിയ പെഡ്രോ നെറ്റോയുടെ ക്രോസ് ചെക്ക് ഡിഫന്‍ഡര്‍ തടഞ്ഞത് നേരേ ഫ്രാന്‍സിസ്‌കോ കോണ്‍സെയ്സോയ്ക്ക് മുന്നില്‍. മിന്നും വേഗത്തില്‍ ഫ്രാന്‍സിസ്‌കോ അടിച്ച പന്ത് വലയില്‍. പോര്‍ച്ചുഗലിന് വിജയവും.
റൊണാള്‍ഡോയ്ക്കും പെപ്പെയ്ക്കും റെക്കോഡ്

ചെക്ക് റിപബ്ലിക്കിനെതിരായ മല്‍സരത്തിലൂടെ ഏറ്റവും കൂടുതല്‍ യൂറോ കപ്പ് ടൂര്‍ണമെന്റുകളില്‍ കളിച്ച താരമെന്ന റെക്കോഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കി. ആറാം യൂറോ കപ്പിനാണ് റോണോ ബൂട്ടുകെട്ടിയത്. അഞ്ച് യൂറോ കളിച്ച സ്‌പെയ്‌നിന്റെ ഈക്കര്‍ കസിയസിനെ മറികടന്നാണ് റൊണാള്‍ഡോ ഈ നേട്ടത്തിലെത്തിയത്. 2004, 2008, 2012, 2016, 2021 യൂറോ കപ്പുകളിലാണ് റൊണാള്‍ഡോ കളിച്ചത്. 2024-ലേത് താരത്തിന്റെ ആറാം ടൂര്‍ണമെന്റും.
അതേസമയം യൂറോ കപ്പില്‍ കളിച്ച ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡാണ് പോര്‍ച്ചുഗല്‍ ഡിഫന്‍ഡര്‍ പെപ്പെ സ്വന്തമാക്കിയത്. 40 വര്‍ഷവും 86 ദിവസവും പ്രായമുള്ളപ്പോള്‍ 2016-ല്‍ ബെല്‍ജിയത്തിനെതിരേ കളിക്കാനിറങ്ങിയ ഹംഗറിയുടെ ഗാബോര്‍ കിറാലിയുടെ പേരിലായിരുന്ന റെക്കോഡാണ് പെപ്പെ പഴങ്കഥയാക്കിയത്. 41 വര്‍ഷവും മൂന്നു മാസവും പ്രായമുള്ളപ്പോഴാണ് പെപ്പെ മത്സരത്തിനിറങ്ങിയിരിക്കുന്നത്.
തട്ടും തടവുമായി തുര്‍ക്കി-ജോര്‍ജിയ പോരാട്ടം
ആക്രമണങ്ങളും അതിനൊത്ത പ്രത്യാക്രമണങ്ങളും നിറഞ്ഞുനിന്ന യൂറോ കപ്പ് പോരാട്ടത്തില്‍ കന്നിക്കാരായ ജോര്‍ജിയയുടെ പോരാട്ടവീര്യം മറികടന്ന് തുര്‍ക്കി. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു തുര്‍ക്കിയുടെ ജയം. 25-ാം മിനിറ്റില്‍ മെര്‍ട്ട് മള്‍ഡറുടെ ഗോളില്‍ മുന്നിലെത്തിയ തുര്‍ക്കിക്കെതിരേ 32-ാം മിനിറ്റില്‍ ജോര്‍ജ് മിക്കൗടാഡ്സെയിലൂടെ ജോര്‍ജിയ ഒപ്പമെത്തി. എന്നാല്‍ 65-ാം മിനിറ്റില്‍ 19-കാരന്‍ ആര്‍ദ ഗുലെര്‍ നേടിയ കിടിലനൊരു ലോങ് റേഞ്ചറില്‍ ലീഡെടുത്ത തുര്‍ക്കി, ഇന്‍ജുറി ടൈമില്‍ സമനില ഗോളിനായുള്ള ജോര്‍ജിയയുടെ ശ്രമത്തിനിടെ മുഹമ്മദ് കെരം ആക്ടര്‍കോലുവിലൂടെ മൂന്നാം ഗോളും ജയവും സ്വന്തമാക്കുകയായിരുന്നു.


