ദുബൈ: ബില്ലടക്കാത്തതിനാല്‍ ദുബയിലെ ആശുപത്രി അധികൃതര്‍ തടഞ്ഞുവച്ച ഗുരുവായൂര്‍ കാരക്കാട് സ്വദേശിയുടെ മൃതദേഹം വിട്ടുകിട്ടി. സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലില്‍ ബില്‍ തുക ഒഴിവാക്കിയതിനെ തുടര്‍ന്നാണ് വള്ളിക്കാട്ടുവളപ്പില്‍ സരേഷ്‌കുമാറിന്റെ(59) മൃതദേഹം ദുബയിലെ സൗദി ജര്‍മന്‍ ഹോസ്പിറ്റലില്‍ നിന്ന് വിട്ടു നല്‍കിയത്.
|
മൃതദേഹം നാളെ രാവിലെ ആറ് മണിക്ക് ഷാര്‍ജ-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ലൈറ്റ് ഐഎക്‌സില്‍ കൊണ്ടുപോകും. ഇന്ന് വൈകുന്നേരം മൃതദേഹം ആശുപത്രിയില്‍ നിന്ന് മുഹൈസിനയിലെ (സോണാപൂര്‍) മെഡിക്കല്‍ ഫിറ്റ്‌നസ് സെന്ററിലേക്ക് മാറ്റി. തുടര്‍ന്ന് വൈകിട്ട് എംബാമിങ് നടപടികള്‍ നടക്കും.
ആശുപത്രി ബില്‍ വകയില്‍ വലിയൊരു തുക അടയ്ക്കാനുണ്ടായിരുന്നതായി സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി പറഞ്ഞു. ഇന്‍ഷുറന്‍സ് ഇല്ലാത്തത് മൃതദേഹം വിട്ടുകിട്ടുന്നതിന് തടസ്സമായി. മൃതദേഹം വിട്ടുകിട്ടിയതിനെ തുടര്‍ന്ന് നടപടിക്രമങ്ങള്‍ എത്രയും പെട്ടന്ന് പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് അയക്കുകയായിരുന്നു. നാട്ടിലേക്ക് അയക്കുന്ന മറ്റു ചിലവുകള്‍ സുമനസ്സുകള്‍ നല്‍കി. നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ അക്ബര്‍, ഹംസ, മുസ്തഫ, മൊയ്തീന്‍ തുടങ്ങിയവര്‍ സഹായിച്ചതായും അഷ്‌റഫ് താമരശ്ശേരി പറഞ്ഞു.
ഏപ്രില്‍ 22നാണ് സുരേഷ് കുമാര്‍ ആശുപത്രിയില്‍ മരിച്ചത്.
ദുബയില്‍ വാഹനം ഓടിച്ചിരുന്ന സുരേഷ്‌കുമാര്‍ ഏപ്രില്‍ 5ന് പനിയെ തുടര്‍ന്നാണ് സുഹൃത്തിനൊപ്പം ആശുപത്രിയിലെത്തിയത്. അത്ര വലിയ കുഴപ്പമൊന്നും ആ സമയത്ത് ഇല്ലായിരുന്നു. നടന്നാണ് ആശുപത്രിയിലെത്തിയത്. വൈകാതെ ന്യൂമോണിയ സ്ഥിരീകരിച്ചു. സംസാരിക്കാന്‍ കഴിയാതെ 14 ദിവസം വെന്റിലേറ്ററിലായിരുന്നു.
ആശുപത്രിയില്‍ പോകുന്നതിനു മുന്‍പ് സുരേഷ്‌കുമാര്‍ വീട്ടിലേക്ക് വിളിച്ചിരുന്നു. രണ്ടാഴ്ച കഴിഞ്ഞാല്‍ നാട്ടില്‍ എത്തുമെന്നും മകളോട് പറഞ്ഞിരുന്നു. എന്നാല്‍, പിന്നീടെത്തിയത് മരണവാര്‍ത്തയായിരുന്നു. 12 ദിവസമായി മൃതദേഹം കാത്ത് നില്‍ക്കുന്ന കുടുംബത്തിന് സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടല്‍ ആശ്വാസമായി.





