18
Oct 2024
Mon
18 Oct 2024 Mon
shobha surendran flex PALAKKAD

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പന്നാലെ പാലക്കാട് ബിജെപിയില്‍ അടി മുറുകി. ശോഭാ സുരേന്ദ്രന്‍ പക്ഷവും ഔദ്യോഗിക പക്ഷവും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ മണ്ഡലം കമ്മിറ്റി യോഗം ഒരു വിഭാഗം ബഹിഷ്‌കരിച്ചു. നഗര സഭയ്ക്ക് മുന്നില്‍ സ്ഥാപിച്ച ശോഭാ സുരേന്ദ്രന്റെ ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിച്ചത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിജെപി മണ്ഡലം കമ്മിറ്റി യോഗത്തില്‍ 70 പേര്‍ പങ്കെടുക്കേണ്ടിടത്ത് കേവലം 21 പേര്‍ മാത്രമാണ് വന്നത്. ശോഭാ സുരേന്ദ്രന്‍ പക്ഷത്തില്‍പ്പെട്ട 50ഓളം പേര്‍ യോഗം ബഹിഷ്‌കരിക്കുകയായിരുന്നു.

ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിക്കവേയാണ് ഇന്ന് പുലര്‍ച്ചെയോടെ പാലക്കാട് നഗരസഭയ്ക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന ശോഭാ സുരേന്ദ്രന്റെ ഫ്‌ളക്‌സ് കത്തിച്ചത്. ശ്രീമതി ശോഭാ സുരേന്ദ്രന് പാലക്കാട് കോട്ടയിലേക്ക് സ്വാഗതം എന്നെഴുതിയ ബോര്‍ഡ് ആണ് നശിപ്പിക്കപ്പെട്ടത്.

ALSO WATCH

ഇതോടെ വിമത പക്ഷം കൂടുതല്‍ ശക്തമായി രംഗത്തെത്തി. ഫ്‌ളക്‌സ് കത്തിച്ചത് ആരാണെന്ന് അറിയാന്‍ ഇവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

അതേ സമയം, ഫ്‌ളക്‌സ് കത്തിച്ചത് സാമൂഹിക വിരുദ്ദരാണെന്നും അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുമെന്നും മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണ കുമാര്‍ പറഞ്ഞു. ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടിയുടെ കരുത്തുറ്റ വനിതാ നേതാവാണന്നും കൃഷ്ണ കുമാര്‍ കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പില്‍ എടുക്കേണ്ട തന്ത്രം ശത്രുക്കള്‍ ഇപ്പോഴേ പയറ്റിത്തുടങ്ങിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

നേരത്തെ പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ ശോഭാ സുരേന്ദ്രന്റെ പേരും ഉയര്‍ന്ന് കേട്ടിരുന്നു. സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്ന സമയത്താണ് ശോഭാ സുരേന്ദ്രനെ സ്വാഗതം ചെയ്തുള്ള ഫ്‌ളക്‌സ് ഇവിടെ പ്രത്യക്ഷപ്പെട്ടത്.

മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രനെ മല്‍സരിപ്പിക്കണമെന്ന് ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ ദേശീയ നേതൃത്വത്തിന് കത്തെഴുതിയിരുന്നു. എന്നാല്‍, കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന നേതൃത്വം ഇതിന് എതിര് നില്‍ക്കുകയായിരുന്നു. ഇതോടെയാണ് സി കൃഷ്ണ കുമാറിനു നറുക്ക് വീണത്.

കഴിഞ്ഞ തവണ ഷാഫി പറമ്പിലിനോട് മല്‍സരിച്ച് മെട്രോമാന്‍ ഇ ശ്രീധരന്‍ 3000ഓളം വോട്ടുകള്‍ക്കു മാത്രമാണ് തോറ്റത്. ഇത്തവണ ഏത് വിധേനയും മണ്ഡലം പിടിക്കാനുറച്ച് ബിജെപി കളത്തിലിറങ്ങുന്നതിനിടെയാണ് പാര്‍ട്ടിയിലെ തമ്മിലടി.