ഷാനവാസ് കാരിമറ്റം
|
ഡല്‍ഹി: വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കാനുള്ള നിയമ ഭേദഗതി നിര്‍ദേശിച്ച് പാര്‍ലമെന്ററി പാനല്‍. ബിജെപി എംപി ബ്രിജ് ലാലിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തരകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് കരട് റിപ്പോര്‍ട്ടില്‍ നിയമം തിരികെ കൊണ്ടുവരാന്‍ നിര്‍ദേശിച്ചത്. ഭര്‍ത്താവിന്റെ സമ്മതമില്ലാതെ വിവാഹിതയായ സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷനെ ശിക്ഷിക്കുന്നതായിരുന്നു 497-ാംവകുപ്പ്. കുറ്റം തെളിഞ്ഞാല്‍ പുരുഷന് അഞ്ച് വര്‍ഷം തടവ് ശിക്ഷ പുരുഷന് ലഭിക്കുമെങ്കിലും സ്ത്രീയെ നിയമനടപടിയില്‍ നിന്നൊഴിവാക്കിയിരുന്നു.
നിയമത്തില്‍ ലിംഗ-നിഷ്പക്ഷ വകുപ്പ് ചേര്‍ക്കാനും പുരുഷന്മാരും സ്ത്രീകളും ട്രാന്‍സ് വ്യക്തികളും തമ്മിലുള്ള പരസ്പര സമ്മതത്തോടെ അല്ലാതെയുള്ള ലൈംഗികബന്ധം കുറ്റകരമാക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. കരട് വെള്ളിയാഴ്ചത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വവര്‍ഗരതിയെ ക്രിമിനല്‍ കുറ്റമാക്കിയ ഐപിസിയുടെ 377-ാം വകുപ്പ് 2018ലെ സുപ്രീം കോടതിയുടെ സുപ്രധാന വിധിയില്‍ ഭാഗികമായി റദ്ദാക്കപ്പെട്ടിരുന്നു. പുറമെ, അനധികൃത സമരങ്ങളും പ്രകടനങ്ങളും നടത്തുന്നവര്‍ക്കുള്ള ശിക്ഷ നിലവിലുള്ള രണ്ട് വര്‍ഷത്തില്‍ നിന്ന് പരമാവധി ഒരു വര്‍ഷമായി കുറയ്ക്കണമെന്നും കരട് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. കൂടാതെ, അശ്രദ്ധമൂലമുള്ള മരണങ്ങള്‍ക്കുള്ള ശിക്ഷ നിലവിലുള്ള ആറ് മാസത്തില്‍ നിന്ന് അഞ്ച് വര്‍ഷമായി ഉയര്‍ത്താനും സമിതി നിര്‍ദ്ദേശിക്കുന്നു.
2018ലാണ് വിവാഹേതര ലൈംഗിക ബന്ധം ക്രിനിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി വിധിച്ചത്. വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന 497-ാം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് വിധി. ഭര്‍ത്താവ് സ്ത്രീകളുടെ യജമാനന്‍ അല്ലെന്നും സ്ത്രീകളുടെ ആത്മാഭിമാനം സുപ്രധാനമാണെന്ന് സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കി. വിവാഹമോചനത്തിന് വിവേഹേതര ലൈംഗികബന്ധം കാരണമാകാം.
എന്നാല്‍ അതൊരു ക്രിമിനല്‍ കുറ്റമല്ല. സമൂഹത്തിന്റെ താല്‍പര്യത്തിനനുസരിച്ച് ചിന്തിക്കണമെന്നും ജീവിക്കണമെന്നും സ്ത്രീയോട് ആവശ്യപ്പെടാനാവില്ല. ജനാധിപത്യത്തിന്റെ സൗന്ദര്യം ഞാനും നീയും നമ്മളും എന്നതാണ്. ഒരു ലിംഗത്തിന് മേല്‍ മറ്റൊരു ലിംഗത്തിന് നല്‍കുന്ന പരമാധികാരം തെറ്റാണെന്നും വിധിയില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് നരിമാനാണ് വിധിപ്രസ്താവം നടത്തിയത്.
സ്ത്രീകളുടെ ആത്മാഭിമാനം മാനിക്കാത്തത് ഭരണഘടനാ വിരുദ്ധമാണെന്നും വിധിപ്രസ്താവത്തില്‍ പറയുന്നു. വിവാഹേതര ബന്ധത്തിന്റെ പേരില്‍ പങ്കാളി ആത്മഹത്യ ചെയ്താല്‍ തെളിവുകളുണ്ടെങ്കില്‍ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കാം. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ഖാന്‍വില്‍ക്കറും വിധി പ്രസാതാവത്തില്‍ വ്യക്തമാക്കി. സമൂഹം പറയുന്നതുപോലെ പ്രവര്‍ത്തിക്കാന്‍ സ്ത്രീ ബാധ്യസ്ഥയല്ലെന്നും ഇരുവരും വ്യക്തമാക്കി. സെക്ഷന്‍ 497 ഭരണഘടനാ വിരുദ്ധമാണെന്നും നീക്കം ചെയ്യേണ്ടതാണെന്നും ജസ്റ്റിസ് ആര്‍.എഫ്. നരിമാനും വിലയിരുത്തി. മലയാളിയായ ജോസഫ് ഷൈനാണ് 497ാം വകുപ്പ് ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്.





