കൊച്ചി: വ്യാജരേഖയുണ്ടാക്കി അധ്യാപക ജോലി നേടിയെന്ന എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യക്കെതിരായ കേസിൽ പൊലീസ് എറണാകുളം മഹാരാജാസ് കോളജിലെത്തി തെളിവ് ശേഖരിച്ചു. അഗളി ഡിവൈഎസ്പി എൻ മുരളീധരന്റെ നേതൃത്വത്തിലാണ് മഹാരാജാസിലെത്തി തെളിവുകൾ ശേഖരിച്ചത്.
|
കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ബിന്ദു ശർമ്മിളയിൽ നിന്നും അന്വേഷണ സംഘം വിവരം ശേഖരിച്ചു. കോളജ് അധികൃതർ അന്വേഷണവുമായി സഹകരിച്ചുവെന്ന് ഡിവൈഎസ്പി പറഞ്ഞു. വിദ്യ എവിടെയാണെന്ന് അറിയില്ലെന്നും, കണ്ടെത്താനായി അന്വേഷണം പുരോ?ഗമിക്കുകയാണെന്നും ഡിവൈഎസ്പി മുരളീധരൻ പറഞ്ഞു.
വിദ്യ ഹാജരാക്കിയ സർട്ടിഫിക്കറ്റിലെ സീൽ വ്യാജമാണെന്ന് വൈസ് പ്രിൻസിപ്പൽ പറഞ്ഞു. രേഖയിലെ തീയതിയും പിറ്റേ ദിവസവും അവധി ദിവസമായിരുന്നു. ഇത്തരത്തിലൊരു സർട്ടിഫിക്കറ്റ് കോളജിൽ നിന്നും നൽകിയിട്ടില്ലെന്നും വൈസ് പ്രിൻസിപ്പൽ ഡോ. ബിന്ദു ശർമ്മിള വ്യക്തമാക്കി. വിദ്യ ഹാജരാക്കിയ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിലെ സീലും പ്രിൻസിപ്പലിന്റെ ഒപ്പും വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
അഗളി സിഐ സലിമിന്റെ നേതൃത്വത്തിൽ അട്ടപ്പാടി കോളജിലും പരിശോധന നടത്തി. അട്ടപ്പാടി കോളജിൽ വിദ്യ ഗസ്റ്റ് ലക്ചറർ തസ്തികയ്ക്കായി അഭിമുഖത്തിന് എത്തിയത് ആർക്കൊപ്പം?, ആരുടെ സഹായം ലഭിച്ചു തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. വിദ്യയുടെ ഫോൺ രേഖകളും പൊലീസ് പരിശോധിക്കുകയാണ്.
ഒരാഴ്ച മുമ്പാണ് വ്യാജരേഖ കേസിൽ വിദ്യക്കെതിരെ പൊലീസ് കേസെടുത്തത്. വിദ്യക്കെതിരെ മൂന്ന് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ ഇതുവരെ വിദ്യ എവിടെയാണെന്ന് പൊലീസിന് കണ്ടെത്താനായിട്ടില്ല.





