|
തിരുവനന്തപുരം: വ്യാജ സഹകരണസംഘത്തിൽ ജോലി വാഗ്ദാനംചെയ്ത് 30 ലക്ഷം രൂപ തട്ടിയ കേസിൽ സ്വാമി വേഷധാരി അറസ്റ്റിൽ. കോട്ടയം സ്വദേശിയായ തപസ്യാനന്ദ എന്നറിയപ്പെടുന്ന രാധാകൃഷ്ണൻ (60) ആണ് അറസ്റ്റിലായത്. കടയ്ക്കാവൂർ സ്വദേശിയുടെ പരാതിയിൽ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇയാള് പിടിയിലായത്.
വെള്ളറടയിൽ അംഗീകാരമില്ലാതെ പ്രവർത്തിച്ചിരുന്ന ബയോ ടെക്‌നോളജി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ജോലി ശരിയാക്കാം എന്ന പേരിലാണ് കടയ്ക്കാവൂർ സ്വദേശിയിൽനിന്ന് 30 ലക്ഷം തട്ടിയെടുക്കുകയായിരുന്നു. ഈ കേസിലെ മുഖ്യപ്രതി വെള്ളറട സ്വദേശി അഭിലാഷ് ബാലകൃഷ്ണനെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. സ്വാമി ചമഞ്ഞ് ആണ് ഇയാള് യുവാക്കളെ വലയിലാക്കിയത്. തട്ടിപ്പിൽ തപസ്യാനന്ദ ഇടനിലക്കാരനായാണ് പണം വാങ്ങിയത്.
തിരുവനന്തപുരത്ത് താമസമാക്കിയിരുന്ന ഇയാൾ കേസുകൾ വന്നതോടെ കർണാടകത്തിലേക്കും അവിടെനിന്ന് വയനാട്ടിലേക്കും മുങ്ങി.
പണം തിരികെക്കിട്ടാതെയായപ്പോൾ ഇയാൾ ഇടപെട്ട് പണമോ ജോലിയോ നൽകാമെന്നു പറഞ്ഞ് സമയം നീട്ടിക്കൊണ്ടുപോയി. ജില്ലയിലെ വിവിധയിടങ്ങളിലെ ഉദ്യോഗാർഥികളിൽനിന്ന് ഇത്തരത്തിൽ പണം തട്ടിയെടുത്തിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് സി.ഐ. രാജ്കുമാർ പറഞ്ഞു. മധുര, എറണാകുളം എന്നിവിടങ്ങളിലും സമാന കേസുകളുണ്ടെന്നും അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.
Fake Swami arrested in 30 lakhs job scam





