കൊച്ചി: മുനമ്പത്തെ വഖഫ് ഭൂമി ഫാറൂഖ് കോളജ് മാനേജ്‌മെന്റ് വില്‍പന നടത്തിയത് സെന്റിന് 500 രൂപയ്‌ക്കെന്ന വിവരം പുറത്ത്. (Farooq College sold the land in Munambam for just Rs 500 per cent; gave all powers to the lawyer) 1998ലാണ് ഇതിനായി എറണാകുളത്തെ അഭിഭാഷകനെ ചുമതലപ്പെടുത്തി ഉഭയകക്ഷി കരാര്‍ ഒപ്പിട്ടതെന്ന് മാധ്യമം റിപോര്‍ട്ട് ചെയ്തു.
|
അതിനുമുമ്പ് സെന്റിന് 45 രൂപയ്ക്കും മുനമ്പത്തെ ഭൂമി വില്‍ക്കാന്‍ മാനേജ്‌മെന്റ് കരാര്‍ ഉണ്ടാക്കിയിട്ടുള്ളതായി റിപോര്‍ട്ടില്‍ പറയുന്നു. 2001 നവംബര്‍ 22ന് ഈ കരാറിന്റെ കാലാവധി മൂന്നുവര്‍ഷത്തേക്ക് കൂടി നീട്ടുകയും ചെയ്തു.
എറണാകുളം മട്ടാഞ്ചേരി സ്വദേശി സിദ്ദീഖ് സേട്ട് 1950 നവംബര്‍ ഒന്നിനാണ് ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫിസില്‍, ഫാറൂഖ് കോളജ് മാനേജിങ് കമ്മിറ്റിയുടെ അന്നത്തെ പ്രസിഡന്റ് പി.കെ. ഉണ്ണിക്കമ്മു സാഹിബിന് മുനമ്പത്തെ 404.76 ഏക്കര്‍ ഭൂമി വഖഫ് ആധാരം ചെയ്ത് കൊടുത്തത്. ഈ ഭൂമി വില്‍ക്കാന്‍ കരാറില്‍ ഏര്‍പ്പെടുന്നതിന് 1988 ഡിസംബര്‍ 19ന് ചേര്‍ന്ന കോളജ് മാനേജിങ് കമ്മിറ്റി യോഗമാണ് തീരുമാനിച്ചത്.
ഇതിന് വേണ്ടി 1998 ഡിസംബര്‍ 27ന് എറണാകുളത്ത് അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.വി. പോളുമായി അന്നത്തെ കോളജ് മാനേജിങ് കമ്മിറ്റി സെക്രട്ടറി കെ.സി. ഹസ്സന്‍കുട്ടി 50 രൂപ മുദ്രപ്പത്രത്തില്‍ കരാര്‍ എഴുതുകയായിരുന്നു.
കടല്‍ക്ഷോഭത്തില്‍ ഒലിച്ചുപോകാത്ത കരഭാഗത്തിന്റെ വില്‍പനക്കാണ് അഡ്വ. പോളുമായി മൂന്നുവര്‍ഷത്തെ കരാര്‍ ഒപ്പിട്ടത്. സെന്റിന് 500 രൂപ തീറുവില നിശ്ചയിച്ചാണ് കരാര്‍ എഴുതിയത്.
തീറുവിലയില്‍ 10,000 രൂപ മുന്‍കൂറായി സെക്രട്ടറിയെ ഏല്‍പിക്കണം, പോളിന് കൈവശം വിട്ടുകൊടുത്ത വസ്തുവില്‍ അദ്ദേഹത്തിന് തെങ്ങിന്‍തൈ നടുകയും വസ്തുവകകള്‍ സംരക്ഷിക്കാനാവശ്യമായ പ്രവര്‍ത്തനം നടത്തുകയും ചെയ്യാം, പോളിന്റെയോ അദ്ദേഹം നിര്‍ദേശിക്കുന്നവരുടെയോ പേരില്‍ ഒരുമിച്ചോ വിഭജിച്ചോ ഒരേസമയത്തോ പല ഘട്ടങ്ങളായോ വസ്തുവകകള്‍ തീറ് കൊടുക്കാം, വസ്തുവകകളില്‍ കോളജ് മാനേജിങ് കമ്മിറ്റിക്കുള്ള അവകാശം സ്ഥാപിക്കാനും സംരക്ഷിക്കാനും ആവശ്യമായ നടപടി സ്വീകരിക്കാന്‍ പോളിന് അവകാശമുണ്ടാകും തുടങ്ങിയവയാണ് പ്രധാന വ്യവസ്ഥകള്‍.
ALSO WATCH


