പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയുടെ സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതം. (Massive gold robbery in Malappuram; Three and a half kilos of gold stolen after hitting brothers riding scooter) ജ്വല്ലറി പൂട്ടി വീട്ടിലേക്കു സ്‌കൂട്ടറില്‍ മടങ്ങവേയാണ് സംഭവം.
|
എംകെ ജ്വല്ലറി ഉടമ കിണാത്തിയില്‍ യൂസഫ്, അനുജന്‍ ഷാനവാസ് എന്നിവരാണ് കവര്‍ച്ചയ്ക്ക് ഇരയായത്. അക്രമികള്‍ സഞ്ചരിച്ച മഹീന്ദ്ര കാര്‍ കടന്നു പോയ മേഖലകളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു വരികയാണ്.
ഇന്നലെ രാത്രി ഒന്‍പതു മണിയോടെ പട്ടാമ്പി റോഡിലെ ജൂബിലി റോഡ് ജംക്ഷന് സമീപത്തായിരുന്നു ആക്രമണം. മൂക്കിന് ഇടിയേറ്റ പരുക്കുകളോടെ കിനാത്തിയില്‍ യൂസഫിനെ (50) പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ALSO READ: പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികളെ അറസ്റ്റ് ചെയ്തു
ഊട്ടി റോഡിലെ ജ്വല്ലറി പൂട്ടി സ്വര്‍ണവുമായി മടങ്ങുകയായിരുന്നു ഇരുവരും. വീടെത്തുന്നതിനു തൊട്ടുമുന്‍പാണു കവര്‍ച്ച നടന്നത്. കാറിലെത്തിയ നാലോളം പേര്‍ വരുന്ന സംഘമാണ് കവര്‍ച്ച നടത്തിയതെന്നാണ് പൊലീസില്‍ നല്‍കിയ പരാതി.
അപ്രതീക്ഷിതമായി വാഹനം ഇടിച്ചിട്ട ശേഷം ഇരുവരുടെയും കണ്ണില്‍ കുരുമുളക് സ്പ്രേ പ്രയോഗിച്ചു. പ്രതിരോധിക്കാന്‍ ശ്രമിച്ച യൂസഫിന്റെ മൂക്കിന് ശക്തിയായി ഇടിച്ചു. ശേഷം ബാഗിലും സ്‌കൂട്ടറിന്റെ സീറ്റിനടിയിലുമായി ഉണ്ടായിരുന്ന സ്വര്‍ണവുമായി കാറില്‍ രക്ഷപ്പെടുകയായിരുന്നുവെന്നാണു പറയുന്നത്.
വടക്കന്‍ കേരളത്തിലെ സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പെരിന്തല്‍മണ്ണ പൊലിസീന്റെ അന്വേഷണം പുരോഗമിക്കുന്നത്. ആഭ്യന്തര വിപണിയില്‍ രണ്ടു കോടിക്ക് മുകളില്‍ മൂല്യം വരുന്ന സ്വര്‍ണമാണ് കവര്‍ന്നത്.
വിവരം ലഭിച്ചയുടന്‍ തന്നെ പെരിന്തല്‍മണ്ണ സിഐ സുമേഷ് സുധാകരന്റെ നേതൃത്വത്തില്‍ പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് ഊര്‍ജിതമായ അന്വേഷണം തുടങ്ങി. പൊലീസ് സംഘം കാറിനെ പാലക്കാട് വരെ പിന്തുടര്‍ന്നു. കാറിന്റെ നമ്പര്‍ മനസ്സിലാക്കാനായെങ്കിലും ഇതു വ്യാജമാണെന്ന് സിഐ പറഞ്ഞു.
ഊട്ടി റോഡിലാണ് ജ്വല്ലറി പ്രവര്‍ത്തിക്കുന്നത്. ഓടിട്ട കെട്ടിടമായതിനാല്‍ ആഭരണങ്ങള്‍ കടയില്‍ സൂക്ഷിക്കാതെ വീട്ടിലേക്ക് കൊണ്ടുവരികയാണ് പതിവ്. ഇതറിയാവുന്നവരാകും അക്രമികളെന്ന് സംശയമുണ്ട്.
ALSO WATCH


