റാഞ്ചി: അമ്മയുടെ ദുരൂഹ മരണത്തെത്തുടർന്ന് ജയിലിൽ പോയ അച്ഛനെ പത്തുവർഷത്തിന് ശേഷം സൗജന്യ ഭക്ഷണ വിതരണത്തിനിടെ തിരിച്ചറിഞ്ഞ് 13കാരൻ. ജാർഖണ്ഡിലെ രാംഗഡ് ജില്ലയിലാണ് വൈകാരിക സംഭവം ഉണ്ടായത്. 2013ലാണ് ഭാര്യ ദുരൂഹസാഹചര്യത്തിൽ മരിച്ചതിനെത്തുടർന്ന് ടിങ്കു വർമ്മ എന്ന ഓട്ടോറിക്ഷ ഡ്രൈവർ ജയിലിലാകുന്നത്. ഈ സമയം തനിച്ചായ മൂന്നുവയസ്സുള്ള മകൻ ശിവം വർമയെ അനാഥാലയിലേക്ക് മാറ്റി. അനാഥാലയത്തിൽ ജനിച്ചുവളർന്ന ശിവം ഇവിടെ തന്നെ പഠിക്കുകയും ചെയ്തു. ഡിവൈൻ ഓംകാർ മിഷൻ നടത്തുന്ന അനാഥാലയം പ്രദേശത്തെ പാവങ്ങൾക്ക് നൽകിവരുന്ന സൗജന്യ ഭക്ഷണവിതരണങ്ങളിലും ശിവം സജീവമായി പങ്കെടുക്കാറുണ്ട്.
|
ഇതിനിടെയാണ് പതിവ് പോലെ കഴിഞ്ഞയാഴ്ച നടന്ന ചടങ്ങനിടെ ഭക്ഷണത്തിനായി വരിനിൽക്കുന്ന മുഖം എവിടെയോ കണ്ടുമറന്നതുപോലെ ശിവത്തിന് തോന്നിയത്. അടുത്തുപോയി പരിചയപ്പെട്ടതോടെ ചെറുപ്പത്തിൽ തന്നെ തനിച്ചാക്കി ജയിലിൽ പോയ അച്ഛനാണിതെന്ന് ശിവം മനസ്സിലാക്കുകയായിരുന്നു. ഇരുവരും കരഞ്ഞ് ആശ്ലേശിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അനാഥാലയ നടത്തിപ്പുകാർ വിവരം തിരക്കിയതോടെയാണ് പത്തുവർഷത്തിന് ശേഷമുള്ള അച്ഛന്റെയും മകന്റെയും സമാഗമത്തിന്റെ കഥ പുറത്തായത്.
രണ്ടുവർഷം മുമ്പ് ജയിൽമോചിതനായ ടിങ്കു, ഓട്ടോ ഓടിച്ചുജീവിക്കുകയായിരുന്നു. ഇതിനിടെ വിശപ്പ് തോന്നിയതോടെയാണ് ഇവിടെ ഭക്ഷണത്തിനെത്തിയത്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മകനെ കൊണ്ടുപോകാൻ ടുങ്കുവിന് അനാഥാലയം അനുമതി നൽകി. മകനെ വളർത്തി വലുതാക്കിയ അനാഥാലയത്തോട് ടിങ്കു നന്ദി അറിയിച്ചു. ബാല്യകാലം മുഴുവനായി വളർന്ന അനാഥാലയം വിട്ടുപോകുന്നതിൽ വേദനയുണ്ടെന്നും എങ്കിലും അച്ഛന്റെ കൂടെ പോകുന്നതിൽ സന്തോഷമുണ്ടെന്ന് ശിവം പറഞ്ഞു.





