ഇംഫാല്‍: രണ്ടുമാസത്തിലേറെയായി നടക്കുന്ന കലാപം മണിപ്പൂരിനെ തീര്‍ത്തും വംശീയമായി വിഭജിച്ചതായി സംസ്ഥാനത്തുനിന്നുള്ള ചിത്രങ്ങള്‍. നാളിതുവരെ കാര്യമായ വര്‍ഗീയമോ വംശീയമോ ആയ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത സംസ്ഥാനത്ത് ഇന്ന് മണിപ്പൂരി ജനത മതത്തിന്റെയും ജാതിയുടെയും പേരില്‍ വിഭജിക്കപ്പെട്ടിരിക്കുന്നു.
|
മെയ്തി ഭൂരിപക്ഷ കേന്ദ്രങ്ങളില്‍ അവരുടെ കടകള്‍ തിരിച്ചറിയുന്നതിനായി മെയ്തി പച്ചക്കറി കട, മെയ്തി വര്‍ക്ക് ഷോപ്പ്, മെയ്തി മരുന്ന് ഷാപ്പ് എന്നീ ബോര്‍ഡുകള്‍ കാണാം. കുക്കികള്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളിലെ കടകളില്‍ അവരെ തിരിച്ചറിയാനുള്ള അടയാളങ്ങള്‍ പരസ്യമാക്കിയിട്ടുണ്ട്. മുസ്ലിം മേഖലകളിലും സമാനമായ ബോര്‍ഡുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയതായി കാണാനാകും. ഹിന്ദു വിഭാഗങ്ങള്‍ അവരുടെ കടയ്ക്ക് മുന്നിലും തിരിച്ചറിയാനുള്ള ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. സംഘടിതമായി അക്രമികളെത്തി കലാപം അഴിച്ചുവിടുമ്പോള്‍ അതില്‍ നിന്ന് തങ്ങളെ ഒഴിവാക്കാനാണ് ചിലര്‍ ജാതിമത ബോര്‍ഡുകള്‍ ഉയര്‍ത്തുന്നത്. മെയ്തികളാണ് അക്രമിക്കാനെത്തുന്നതെങ്കില്‍ ‘തങ്ങളുടെ ആളുകളുടെ’ കടകള്‍ ഒഴിവാക്കാനാണ് ഇത്തരം അടയാളങ്ങള്‍ വെയ്ക്കുന്നതെന്നാണ് അവരുടെ വിശദീകരണം. എന്നാല്‍ ജാതി അടയാളപ്പെടുത്തിയുള്ള ബോര്‍ഡുകള്‍ എതിര്‍ വിഭാഗങ്ങള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നതായും ആരോപണമുണ്ട്.
വിവിധ വിഭാഗങ്ങള്‍ ഒന്നിച്ചുകഴിയുന്ന മിശ്ര പ്രദേശങ്ങളിലാണ് ഇത്തരം ബോര്‍ഡുകള്‍ കൂടുതലും കാണുന്നത്. കുക്കികളുടെ കടകളാണെങ്കിലും ചിലര്‍ കടകള്‍ക്ക് മുന്നില്‍ മെയ്തികളുടെയോ മറ്റു മുന്നോക്ക വിഭാഗങ്ങളുടെയോ പേര് പ്രദശിപ്പിക്കും. മറ്റുള്ളവര്‍ തിരിച്ചും ഇത്തരം നോട്ടീസുകള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. അക്രമികള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാതിരിക്കാനാണ് ഇത്തരത്തില്‍ തെറ്റായി ബോര്‍ഡു വെയ്ക്കുന്നതെന്നാണ് പറയുന്നത്.
ബിജെപിയുടെ വോട്ട് ബാങ്കായ മെയ്തി വിഭാഗത്തിന് പട്ടികവര്‍ഗ പദവി നല്‍കിയതിനെതിരെ കുക്കി, നാഗാ വിഭാഗങ്ങള്‍ ഉള്‍പ്പെടെ 34 ഓളം പട്ടിക വര്‍ഗ്ഗക്കാര്‍ തുടങ്ങിയ പ്രക്ഷോഭമാണ് രൂക്ഷമായ കലാപമായി മാറിയത്. സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ ഒരുവിഭാഗത്തോടൊപ്പം ചേര്‍ന്നത് കലാപത്തെ കൂടുതല്‍ രൂക്ഷമാക്കിയെന്ന് ആക്ഷേപമുണ്ട്.





