07
Jan 2024
Sat
07 Jan 2024 Sat

മഹാരാജാസ് കോളജിലെ വിദ്യാർഥി സംഘര്‍ഷത്തെത്തുടർന്ന് കോളജ് അടച്ചിടുകയും പ്രിൻസിപ്പലിനെ സ്ഥലംമാറ്റുകയും ചെയ്തതിനു പിന്നാലെ അഞ്ചംഗ അച്ചടക്ക സമിതി വിഷയത്തിൽ അന്വേഷണം തുടങ്ങി. തിങ്കളാഴ്ച മുതലുണ്ടായ സംഭവങ്ങള്‍ സമിതി അന്വേഷിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ വി എസ് ജോയിയെ പട്ടാമ്പി ശ്രീനീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളജിലേക്കാണ് സ്ഥലം മാറ്റിയത്. കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ഒന്നോടെയുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്ഐ യൂനിറ്റ് സെക്രട്ടറിക്കു കുത്തേറ്റിരുന്നു. ഈ സംഭവത്തിൽ ഒരു കെഎസ്‌യു പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കെഎസ് യുവിന്റെയും ഫ്രറ്റേണിറ്റി മൂവ് മെന്റ് മൂന്നു പ്രവർത്തകരുമടക്കം 19 പേർക്കെതിരേയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. സംഘർഷത്തെ തുടർന്ന് അടച്ച കോളജില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തിങ്കളാഴ്ച രക്ഷാകര്‍തൃ സമിതി യോഗവും ബുധനാഴ്ച വിദ്യാര്‍ഥി സര്‍വകക്ഷി യോഗവും ചേര്‍ന്ന ശേഷം എത്രയും പെട്ടെന്ന് കോളജ് തുറന്നു പ്രവര്‍ത്തിപ്പിക്കാനാണ് അധികൃതരുടെ നീക്കം. ക്ലാസുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഈ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാന്‍ ക്രമീകരണവും ഒരുക്കിയിട്ടുണ്ട്.

മൂന്നാംവർഷ റപ്രസന്റേറ്റീവ് തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ സ്ഥാനാർഥിയെ കെഎസ് യു പരാജയപ്പെടുത്തിയതിനു പിന്നാലെയാണ് കോളജിൽ സംഘർഷം വ്യാപിച്ചതെന്നാണ് റിപോർട്ടുകൾ. കെഎസ് യുവിന്റെയും എസ്എഫ്ഐയുടെയും പ്രവർത്തകരെയും നിഷ്പക്ഷരായ മൂന്നാംവർഷ വിദ്യാർഥികളെയും എസ്എഫ്ഐക്കാർ നിരന്തരം മർദ്ദിച്ചിരുന്നുവെന്ന് ഫ്രറ്റേണിറ്റി മൂവ് മെന്റ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. മർദ്ദനമേറ്റ ഫ്രറ്റേണിറ്റി പ്രവർത്തകനെ ആംബുലൻസിൽ കയറി എസ്എഫ്ഐക്കാർ ആക്രമിക്കുന്നതിന്റെയും ആശുപത്രിയിലെത്തി ഭീഷണി മുഴക്കുന്നതിന്റെയും വീഡിയോകൾ അടക്കം ഫ്രറ്റേണിറ്റിക്കാർ പുറത്തുവിടുകയും ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക