കോഴിക്കോട്: സംസ്ഥാനത്ത് വിഷപ്പാമ്പുകളുടെ ശല്യം ഭീതിജനകമാം വിധം വര്‍ധിക്കും. സാധാരണ ഗതിയില്‍ പൊത്തുകളിലും വിറക് പുരയിലും ചെറിയ കുറ്റിക്കാടുകള്‍ക്കിടയിലുമൊക്കെ കണ്ടുവരാറുള്ള വിഷപ്പാമ്പുകള്‍ ഇപ്പോള്‍ വീടിനകത്താണ് വിളയാട്ടം. കൊടും ചൂട് സഹിക്കാനാവാതെയാണ് ഇവ തണുപ്പ് തേടി വീടിനകത്തെത്തുന്നത്.
|
കുറ്റ്യാടി മുണ്ടക്കുറ്റിയില്‍ കിടപ്പുമുറിയിലെ തലയണക്കടിയില്‍നിന്നാണ് ആദ്യം ഒരു ശങ്കുവരയന്‍ പാമ്പിനെ കണ്ടെത്തിയത്. മീത്തലെ കാപ്പുമ്മല്‍ രമേശന്റെ വീട്ടിലായിരുന്നു സംഭവം. ഒരു വയസ്സുള്ള മകനും എട്ടു വയസ്സുള്ള മകളും കിടന്നുറങ്ങിയ കട്ടിലിന്റെ തലയണക്ക് അടിയില്‍നിന്ന് ഞായറാഴ്ച രാവിലെയാണ് പാമ്പിനെ കണ്ടത്. അതിനെ മാറ്റിയ ശേഷം എട്ടു വയസ്സുള്ള കുട്ടി ബാത്ത് റൂമില്‍ കയറിയപ്പോള്‍ അവിടെയും ഒരു വെള്ളിക്കെട്ടന്‍ പാമ്പിനെ കണ്ടെത്തി. രണ്ടു പാമ്പുകളെ കണ്ടെത്തിയതോടെ രമേശന്‍ വീടിന്റെ മറ്റു റൂമുകള്‍ പരിശോധിക്കുമ്പോള്‍ വീണ്ടും ഒരു പാമ്പിനെ കൂടി കണ്ടെത്തുകയായിരുന്നു. രാത്രിയില്‍ പ്രദേശശവാസികളെത്തി വീടും പരിസരവും ഒന്നുകൂടി പരിശോധിച്ചപ്പോള്‍ രണ്ട് വെള്ളിക്കെട്ടന്‍ പാമ്പുകളെ കൂടി കണ്ടെത്തി.
ഈ വീട്ടില്‍നിന്ന് ആകെ അഞ്ച് വെള്ളിക്കെട്ടന്‍ പാമ്പുകളെയാണ് കണ്ടെത്തിയത്. ആര്‍ക്കും അപകടം പറ്റിയില്ല എന്നതില്‍ ആശ്വസിക്കുമ്പോഴും ഭീതി ഒഴിയുന്നില്ലെന്ന് രമേശന്‍ പറഞ്ഞു. അച്ഛനും അമ്മയും, ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന ആറുപേരാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഭിത്തികള്‍ എല്ലാം സിമന്റ് ചെയ്ത് നിലം മുഴുവനായും ടൈല്‍ പാകിയ വീട്ടിനുള്ളിലാണ് പാമ്പുകളെ കണ്ടതെന്നാണ് ആശങ്ക പരത്തുന്നത്. എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവര്‍ത്തകന്‍ കൂടിയായ രമേശന്‍ പറഞ്ഞു.
പേരാമ്പ്രയില്‍ യുവതിക്ക് പാമ്പുകടിയേറ്റു
കണ്ണിപ്പൊയിലില്‍ ചിത്രാഞ്ജലിയില്‍ ശിവദാസന്റെ മകള്‍ അഞ്ജലിക്കാണ് (36) പാമ്പ് കടിയേറ്റത്. ശംഖുവരയന്‍ ഇനത്തില്‍പെട്ട പാമ്പാണ് കടിച്ചത്. പാമ്പിനെ പിന്നീട് വീടിന്റെ ശുചിമുറിയില്‍ കണ്ടെത്തുകയായിരുന്നു. കടിയേറ്റ അടയാളം കണ്ടതിനെ തുടര്‍ന്ന് അഞ്ജലിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പിന്നിട് വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവതി അപകടനില തരണം ചെയ്തിട്ടുണ്ടെന്നു വീട്ടുകാര്‍ അറിയിച്ചു.




