22
Aug 2022
Mon
22 Aug 2022 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൊടുപുഴ: കുടയത്തൂർ സംഗമം കവലയ്ക്ക് സമീപമുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം അ‍ഞ്ചായി. കുടയത്തൂർ മാളിയേക്കല്‍ കോളനിയിലെ ചിറ്റടിച്ചാൽ സോമന്റേയും ഭാര്യ ഷിജിയുടേയും മൃതദേഹമാണ് കണ്ടെടുത്ത്. പൊലീസ് നായ മൃതദേഹം കിടക്കുന്ന സ്ഥലം തിരിച്ചറിയുകയും ഇതു പ്രകാരം ജെസിബി ഉപയോ​ഗിച്ചു നടത്തിയ തിരച്ചിലിൽ വീടിന്റെ അവശിഷ്ടങ്ങളിൽ നിന്ന് രണ്ട് പേരുടെ കൂടി മൃതദേഹങ്ങൾ കണ്ടെടുക്കുകയുമായിരുന്നു.

 

സോമൻ, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകൾ ഷിമ, ഷിമയുടെ മകൻ ദേവാനന്ദ് എന്നിവരാണ് മണ്ണിനടിയിൽപ്പെട്ടത്. ഇവരിൽ തങ്കമ്മ(74), മകള്‍ ഷിമ(25), ചെറുമകന്‍ ദേവാനന്ദ് (5) എന്നിവരുടെ മൃതദേഹങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു. ആദ്യം തങ്കമ്മയുടെ മൃതദേഹമായിരുന്നു കണ്ടത്. തുടർന്ന് ദേവാനന്ദ്, ശേഷം ഷിമ എന്നിവരുടെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നു.

 

വീടിരിക്കുന്ന ഭാ​ഗത്തുനിന്നാണ് സോമന്റേയും ഭാര്യ ഷിജിയുടേയും മൃതദേഹം കണ്ടെടുത്തത്. മണ്ണും പാറകളും വന്ന് അടിഞ്ഞതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. എന്നാൽ പ്രത്യേക പരിശീലനം ലഭിച്ച ഡോ​ഗ് സ്ക്വാഡ് എത്തിയതോടെ മറ്റു രണ്ട് പേരുടെ മൃതദേഹവും ലഭിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനായി തൃശൂരിൽ നിന്നുള്ള എൻഡിആർഎഫ് സംഘം തൊടുപുഴയിലേക്ക് പുറപ്പെട്ടിട്ടിരുന്നു.

 

മരിച്ചവരുടെ മൃതദേഹങ്ങൾ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവും. പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടിയാലോചന നടത്തി തുടർ നടപടികൾ തീരുമാനിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. പൊതുദർശനവും സംസ്കാരവും അടക്കമുള്ള കാര്യങ്ങൾ ബന്ധുക്കളുമായി ബന്ധപ്പെട്ട് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ദുരന്ത സ്ഥലം സന്ദർശിക്കാനെത്തുന്ന പ്രവണത ഒഴിവാക്കണമെന്ന് മന്ത്രി നിർദേശിച്ചു.

 

മോർക്കാട് മലയിൽ നിന്നാണ് ഉരുൾപ്പൊട്ടിയതെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് ഉരുൾ രണ്ടായി തിരിഞ്ഞുപോയതിനാൽ വലിയ ദുരന്തം വഴിമാറിപ്പോയെന്നും നാട്ടുകാർ പറഞ്ഞു.

 

ശക്തമായ മഴയ്ക്ക് പിന്നാലെ പുലർച്ചെ മൂന്നര മണിയോടെയുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്നാണ് അപകടമുണ്ടായത്. ഇന്നലെ രാത്രിയോടെ പ്രദേശത്ത് ശക്തമായ മഴയാണുണ്ടായത്. ഈ മഴയ്ക്ക് ഒടുവിലാണ് ഉരുൾപൊട്ടിയത്. വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടി എത്തുമ്പോഴേക്കും വീട് പൂർണമായും ഒലിച്ചു പോയിരുന്നു. റവന്യൂ വകുപ്പും പൊലീസും ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു.