14
Jul 2024
Thu
14 Jul 2024 Thu
mbbs abroad

നീറ്റ് പരീക്ഷ കടന്നു കൂടാന്‍ സാധിക്കാത്തവര്‍ എംബിബിഎസ് പഠനത്തിന് വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് കൂടി വരികയാണ്. (For the attention of those who think they can easily become a doctor by going abroad; Only 21 percent pass the qualifying exam) കുറഞ്ഞ ചെലവില്‍ മികച്ച യൂനിവേഴ്‌സിറ്റികളില്‍ പഠിക്കാമെന്നതാണ് ഇതിന്റെ ആകര്‍ഷണം. നേരത്തേ ചൈനയിലും മറ്റും പോയിരുന്നവര്‍ ഇപ്പോള്‍ ജോര്‍ജിയ, കസാക്കിസ്താന്‍, താജികിസ്താന്‍, യുക്രെയ്ന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളെയാണ് കൂടുതലായും ആശ്രയിക്കുന്നത്. എന്നാല്‍, വിദേശത്ത് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി വരുന്നവര്‍ക്ക് നീറ്റിനേക്കാള്‍ വലിയ കടമ്പയാണ് നാട്ടില്‍ കാത്തിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദേശത്ത് എംബിബിഎസ് നേടിയവര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യുന്നതിനുള്ള യോഗ്യതാപരീക്ഷയില്‍ ഇക്കുറി വിജയിച്ചത് 21.52 ശതമാനം പേര്‍ മാത്രമാണ്. ബിരുദതല പരീക്ഷയ്ക്ക് ബിരുദാനന്തരബിരുദ നിലവാരത്തിലെ ചോദ്യങ്ങളാണ് വന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ലോക റാങ്കിംഗില്‍ മുന്നിലുള്ള സര്‍വകലാശാലകളില്‍ നിന്ന് വിജയിച്ചവര്‍ ഉള്‍പ്പെടെ യാണ് യോഗ്യതാ പരീക്ഷയില്‍ തോറ്റത്. കടുകട്ടി ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് ഉണ്ടായിരുന്നതെന്ന് മിക്ക വിദ്യാര്‍ത്ഥികളും പറയുന്നു.

നാഷണല്‍ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ ഇന്‍ മെഡിക്കല്‍ സയന്‍സ്(എന്‍ബിഇഎംഎസ്) നടത്തുന്ന ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ്‌സ് എക്‌സാമിനേഷന്‍ (എഫ്.എം.ജി.ഇ) ജയിച്ചാലേ വിദേശ എംബിബിഎസുകാര്‍ക്ക് ഇന്ത്യയില്‍ രജിസ്‌ട്രേഷന്‍ ലഭിക്കൂ. ജൂലൈ, ഡിസംബര്‍ മാസങ്ങളിലാണ് പരീക്ഷ. ജൂലൈയിലെ പരീക്ഷയ്ക്ക് വേണ്ടി 35,819 പേരാണ് അപേക്ഷിച്ചത്. ഇതില്‍ 34,608 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ യോഗ്യത നേടിയത് കേവലനം 7,233 പേര്‍ മാത്രം. 27,297 പേരാണ് പട്ടികയ്ക്ക് പുറത്തായത്. യോഗ്യത നേടാത്തവര്‍ക്ക് ഡിസംബറില്‍ വീണ്ടും അപേക്ഷിക്കാം.
Study abroad mbbs

വിദേശത്ത് എം.ബി.ബി.എസ് പ്രവേശനം നേടി പത്ത് വര്‍ഷത്തിനകം എഫ്.എം.ജി.ഇ വിജയിച്ച് ഇന്റേണ്‍ഷിപ്പും പൂര്‍ത്തിയാക്കി രജിസ്‌ട്രേഷന്‍ നേടണമെന്നാണ് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്റെ നിബന്ധന. ആറര വര്‍ഷം വരെയാണ് വിദേശ സര്‍വകലാ ശാലകളില്‍ പഠനം. എഫ്.എം.ജി.ഇയും ഇന്റേണ്‍ഷിപ്പും പത്തു വര്‍ഷത്തിനകം നേടിയില്ലെങ്കില്‍ ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാനാവില്ല. എഫ്.എം.ജി.ഇ കടുകട്ടിയായതോടെ ഈ കാലയളവനുള്ളില്‍ യോഗ്യത നേടിയെടുക്കാനാവുമോ എന്ന ആശങ്കയിലാണ് പലരും. 2019 മുതല്‍ 2023 വരെയുള്ള കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളിലും ഏറെക്കുറെ ഇതു തന്നെയായിരുന്നു സ്ഥിതി. ശരാശരി 21 ശതമാനമാണ് വിജയം.

30 ലക്ഷത്തിന് എംബിബിഎസ്

FMGE test for mbbs
ഇന്ത്യയിലെ സ്വകാര്യ മെഡിക്കല്‍കോളജില്‍ എംബിബിഎസ് കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ ഏകദേശം 60 ലക്ഷം മുതല്‍ ഒരുകോടി രൂപ വരെ ചെലവാകാം. ഇതേസമയം ഏകദേശം 30 ലക്ഷം രൂപ ചെലവില്‍ എംബിബിഎസ് പാസ്സാകാന്‍ കഴിയുന്ന വിദേശ രാജ്യങ്ങളുണ്ട്. എന്നാല്‍, ഈ മോഹവലയത്തില്‍പ്പെട്ട് തെറ്റിദ്ധരിക്കപ്പെട്ടോ അര്‍ധസത്യങ്ങള്‍ മനസ്സിലാക്കിയോ ആണ് വിദേശപഠനത്തിന് പലരും മുതിരുന്നത്. ഏതെങ്കിലുമൊരു യൂറോപ്യന്‍ രാജ്യത്ത് പഠിച്ചാല്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ പോയി പ്രാക്ടീസ് ചെയ്യാമെന്ന് കരുതുന്നവരാണ് പലരും. എന്നാല്‍, ഓരോ രാജ്യങ്ങളും ആര്‍ക്കെല്ലാം അവിടെ മെഡിക്കല്‍ പ്രാക്ടീസ് ചെയ്യാമെന്ന കാര്യത്തില്‍ കര്‍ശന നിബന്ധനകള്‍ വച്ചിട്ടുണ്ട്. ഓരോ രാജ്യത്തും ഈ വ്യവസ്ഥകള്‍ വ്യത്യസ്ഥമാണ്. ഇത്തരം കാര്യങ്ങളും കടമ്പകളും മനസ്സിലാക്കി വേണം വിദേശ പഠനത്തിന് ഇറങ്ങിപ്പുറപ്പെടാന്‍.

നെക്സ്റ്റ് ഇപ്പോഴും കയ്യാലപ്പുറത്ത്
മെഡിക്കല്‍ ബിരുദം നേടുന്നവര്‍ക്കുള്ള നിര്‍ദ്ദിഷ്ട നാഷണല്‍ എക്‌സിറ്റ് ടെസ്റ്റ് (നെക്‌സ്റ്റ്) നടപ്പാക്കണമെന്നാണ് വിദേശത്ത് പഠിച്ച വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്. ഇന്ത്യയിലും വിദേശത്തും മെഡിക്കല്‍ ബിരുദം നേടിയവര്‍ക്ക് രജിസ്‌ട്രേഷനും പി.ജി പ്രവേശനത്തിനും യോഗ്യതയ്ക്കായി നെക്സ്റ്റ് നടത്താന്‍ 2019ല്‍ നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ നടപടി ആരംഭിച്ചെങ്കിലും നടപ്പാക്കിയിട്ടില്ല. എഫ്.എം.ജി.ഇക്ക് പകരം നെക്സ്റ്റ് വരുന്നതോടെ വിജയശതമാനം വര്‍ധിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.