24
Oct 2025
Sun
24 Oct 2025 Sun
varkala

Foreign national beaten up in Varkala തിരുവനന്തപുരം: വര്‍ക്കലയില്‍ വിദേശ പൗരന് മര്‍ദനമേറ്റ സംഭവത്തില്‍ പോലീസിന് നല്‍കിയ വിവരങ്ങള്‍ തെറ്റെന്ന് വ്യക്തമായി. ഗ്രീസ് സ്വദേശിയാണെന്നും പേര് റോബര്‍ട്ട് ആണെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍, ഇരുചക്ര വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഇസ്രയേല്‍ സ്വദേശിയാണെന്ന് കണ്ടെത്തി. പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേരും പറഞ്ഞതില്‍നിന്ന് വ്യത്യസ്തമാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബീച്ചില്‍ കുളിക്കാനിറങ്ങിയ ഇയാളെ വാട്ടര്‍ സ്പോര്‍ട്സ് നടത്തുന്ന തൊഴിലാളികള്‍ മര്‍ദിച്ചുവെന്നായിരുന്നു പരാതി. കഴിഞ്ഞ ദിവസം ഇയാളുടെ ഫോണ്‍ ബീച്ചില്‍ നഷ്ടമായിരുന്നു. ഫോണ്‍ അന്വേഷിച്ച് ബീച്ചിലെത്തിയ ഇയാള്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു.

എന്നാല്‍, ഈ സമയം വാട്ടര്‍ സ്പോര്‍ട്സ് നടത്തിപ്പുകാരായ തൊഴിലാളികള്‍ വിദേശിയെ കടലില്‍ ഇറങ്ങാന്‍ അനുവദിച്ചില്ല. പിന്നാലെ വാക്കേറ്റമുണ്ടായെന്നാണ് പരാതി.

നിലത്തിട്ട് വലിച്ചിഴച്ച ശേഷം ഇവര്‍ ഇയാളെ പാപനാശം പോലിസ് എയ്ഡ് പോസ്റ്റിലേക്ക് കൊണ്ടു പോകുകയായിരുന്നു. അവിടെ വച്ച് വീണ്ടും ഇയാളെ തൊഴിലാളികള്‍ മര്‍ദ്ദിച്ചു. അദ്ദേഹത്തിന്റെ കണ്ണിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. നാട്ടുകാര്‍ ഇടപെട്ടതോടെയാണ് പ്രശ്നം അവസാനിച്ചത്.

പിന്നീട് നാട്ടുകാര്‍ പറഞ്ഞതനുസരിച്ച് പോലിസ് സ്ഥലത്തെത്തുകയും വിനോദസഞ്ചാരിയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ മാറ്റുകയും ചെയ്തു. സംഭവത്തില്‍ ഇതുവരെ വര്‍ക്കല പോലിസ് കേസെടുത്തിട്ടില്ല.