ബുദ്ധദേവ് ഭട്ടാചാര്യ ആശുപത്രിയില്‍
|
കൊല്‍ക്കത്ത: മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് 79 കാരനായ ഭട്ടാചാര്യയെ സ്വകാര്യ ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലെ മെക്കാനിക്കല്‍ വെന്റിലേറ്ററിലേക്ക് മാറ്റിയത്. അദ്ദേഹത്തെ പാം അവന്യൂവിലെ വസതിയില്‍ നിന്ന് ഗ്രീന്‍ കോറിഡോര്‍ വഴിയാണ് എത്തിച്ചത്.
‘അദ്ദേഹത്തിന്റെ നില അതീവഗുരുതരമാണ്. അദ്ദേഹത്തെ പരിശോധിച്ചുവരികയാണ്. ഉച്ചയോടെ ഓക്‌സിജന്‍ സാച്ചുറേഷന്‍ 70 ശതമാനമായി കുറഞ്ഞു. തുടര്‍ന്ന് അബോധാവസ്ഥയിലാവുകയും ചെയ്തു. പിന്നീടാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിച്ചത്’ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിക്കാന്‍ ഹൃദ്രോഗ വിദഗ്ധനും പള്‍മണോളജിസ്റ്റും ഉള്‍പ്പെടെ മുതിര്‍ന്ന ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഭാര്യ മീര ഭട്ടാചാര്യയും മകള്‍ സുചേന ഭട്ടാചാര്യയും ആശുപത്രിയില്‍ കൂടെയുണ്ട്.
2000 മുതല്‍ 2011 വരെ മുഖ്യമന്ത്രിയായിരുന്ന ഭട്ടാചാര്യ, കുറച്ചുകാലമായി ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് മറ്റ് വാര്‍ദ്ധക്യ സംബന്ധമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുകയായിരുന്നു. ആരോഗ്യസ്ഥിതിമോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പൊതുരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ഭട്ടാചാര്യ.
2015ല്‍ സി.പി.ഐ.എമ്മിന്റെ പൊളിറ്റ് ബ്യൂറോയില്‍ നിന്നും കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ഇറങ്ങിയ അദ്ദേഹം 2018ല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വം ഉപേക്ഷിച്ചിരുന്നു.





