23
Nov 2024
Fri
23 Nov 2024 Fri
Former BJP Office Secretary Tirur Satish revelation in Kodakara case

പണം കൊണ്ടുവന്നത് ആറു ചാക്കുകളിലായി, ദിവസങ്ങളോളം ബി.ജെ.പി ഓഫീസില്‍ സൂക്ഷിച്ചു, എല്ലാ തെളിവുകളും കൈയിലുണ്ട്; കൊടകര കുഴല്‍പ്പണ കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലില്‍ ഉറച്ച് മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീഷ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട്: ബി.ജെ.പിയെയും സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രനെയും കുടുക്കിയ കൊടകര കുഴല്‍പ്പണ കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ആവര്‍ത്തിച്ച് പാര്‍ട്ടിയുടെ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. കുഴല്‍പ്പണ കേസിലെ മുഴുവന്‍ സത്യങ്ങളും പൊലീസിനോട് പറയുമെന്നും പണം കൈകാര്യം ചെയ്തതിന്റെ തെളിവുകള്‍ തന്റെ കൈയിലുണ്ടെന്നും തിരൂര്‍ സതീഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

സാമ്പത്തിക ക്രമക്കേട് നടത്തിയതിന് തന്റെ പേരില്‍ നടപടി സ്വീകരിച്ചെന്ന് പറയുന്നതെന്ന് നുണയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി ഓഫീസിലേക്ക് പണമൊഴുകി. തൃശൂര്‍ ബി.ജെ.പി ഓഫീസില്‍ കോടികള്‍ക്ക് കാവല്‍ നിന്നിട്ടുണ്ട്. കള്ളപ്പണം കൈകാര്യം ചെയ്തത് BJP മുന്‍ ജില്ലാ ട്രഷറര്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി എനിക്കെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ സ്വാഭാവികമായി മാത്രമാണ് കാണുന്നത്. ജില്ലാ അധ്യക്ഷന്‍ പറയുന്നത് പോലെ സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടില്ല. കടം വാങ്ങിയിട്ടുണ്ടെന്നത് സത്യമാണ്. കാരണം സാമ്പത്തിക പരാധീനതകള്‍ മൂലമാണ് കടം വാങ്ങിയത്. പക്ഷേ അതും ചെറിയ തുകകളേ ഉള്ളൂ. കടം വാങ്ങിയിട്ടുണ്ടെങ്കില്‍ അത് തിരികെ കൊടുക്കാനുള്ള കഴിവും എനിക്കുണ്ട്.

രണ്ട് വര്‍ഷം മുമ്പ് എന്നെ പുറത്താക്കി എന്നാണല്ലോ ജില്ലാ അധ്യക്ഷന്‍ പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പാര്‍ട്ടിക്ക് വേണ്ടി പണം അടച്ച ചലാന്‍ കയ്യിലുണ്ടെന്നും രണ്ട് വര്‍ഷം മുമ്പ് പുറത്താക്കിയാല്‍ അത് നടക്കുമോയെന്നും സതീഷ് ചോദിച്ചു. പാര്‍ട്ടിക്ക് വേണ്ടി പണം അടച്ചതിന്റെ ചലാനും സതീശ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടി.

സതീഷിന്റെ വാക്കുകള്‍:
‘കൊടകരയിലെ കുഴപ്പണ ഇടപാട് യഥാര്‍ത്ഥത്തില്‍ നടന്ന സംഭവമാണ്. ഒരുദിവസം രാത്രി തൃശൂര്‍ ജില്ലാ ഓഫീസിലേക്കാണ് പണം എത്തിയത്. മുന്‍ ജില്ലാ ട്രഷററാണ് പണം കൈകാര്യം ചെയ്തത്. രാത്രി 11.30ക്കാണ് പണമെത്തിയത്. നേരായ പണം ആണെങ്കില്‍ അത് ആ സമയം എന്തിന് കൊണ്ടുവരണം? പണം കൊണ്ടുവന്ന ധര്‍മ്മരാജനും കൂട്ടാളികള്‍ക്കും ഞാന്‍ താമസിക്കാന്‍ സൗകര്യം ചെയ്തുകൊടുത്തത് ജില്ലാ ഓഫീസില്‍ നിന്ന് പറഞ്ഞത് പ്രകാരമാണ്. പുലര്‍ച്ചെ അവര്‍ പോയതിന് ശേഷമാണ് കൊടകരയില്‍ സംഭവം ഉണ്ടായത്. ബിജെപിക്കായി എത്തിച്ച പണം തന്നെയാണിത്. പൊലീസിന്റെ കുറ്റപത്രത്തില്‍ ഇക്കാര്യം പറയുന്നുണ്ട്.

ധര്‍മ്മരാജന്‍ ആദ്യമായി ജില്ലാ കമ്മിറ്റി ഓഫീസില്‍ വരുമ്പോള്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കമുള്ള BJP നേതാക്കള്‍ അവിടെ ഉണ്ടായിരുന്നു. അവരോട് സംസാരിച്ചതിനുശേഷം ധര്‍മരാജന്‍ പോയി. ധര്‍മ്മരാജന്‍ പോയതിനുശേഷമാണ് തിരഞ്ഞെടുപ്പിന് വേണ്ട മെറ്റീരിയലുകള്‍ എത്തിക്കുന്നയാളാണെന്ന് എന്നോട് അവിടെയുള്ളവര്‍ പറഞ്ഞത്. ആറുചാക്കുകള്‍ ഓഫീസിന് മുകളില്‍ കൊണ്ടുവച്ചതിനുശേഷമാണ് അതിനുള്ളില്‍ പണമാണെന്ന് അറിഞ്ഞത്.

2023 മെയ് വരെ ഞാന്‍ ഓഫീസ് സെക്രട്ടറിയായിരുന്നു. എന്നെ ജോലിയില്‍നിന്ന് പുറത്താക്കിയതല്ല. മറിച്ച് ശമ്പളം കുറവായതിനാല്‍ സ്വമേധയാ രാജിവച്ചതാണ്. ജോലി ഉപേക്ഷിച്ച് ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ ജില്ലാ അധ്യക്ഷന്‍ ഓഫീസിലേക്ക് തിരികെ വിളിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുകയുംചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കി.

Former BJP Office Secretary Tirur Satish revelation in Kodakara case