25
Aug 2025
Mon
25 Aug 2025 Mon
DHANKAR

ദുരൂഹ സാഹചര്യത്തില്‍ രാജിവച്ച മുന്‍ ഉപരാഷ്ട്രപതി എവിടെയെന്നത് സംബന്ധിച്ച് കൂടുതല്‍ ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നു. രാജിവച്ച ശേഷം മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെക്കുറിച്ച് വിവരമൊന്നുമില്ല എന്ന് കാണിച്ച് ശിവസേന എം.പി സഞ്ജയ് റാവത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്ത് നല്‍കി. രാജ്യസഭാംഗങ്ങള്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കാന്‍ ആലോചിക്കുന്നുണ്ടെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ധന്‍കര്‍ രാജിവച്ചതിനുശേഷം അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. അദ്ദേഹത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടുന്നതായും യഥാര്‍ഥ വിവരങ്ങള്‍ അറിയിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

ജൂലൈ 21 ന് രാവിലെ രാജ്യസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുമ്പോള്‍ ധന്‍കര്‍ സാധാരണ അവസ്ഥയിലായിരുന്നു. നടപടികള്‍ മാറ്റിവെക്കുന്നതിന് മുമ്പ് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായും റാവത്ത് ഓര്‍മിച്ചു.

അതേ ദിവസം വൈകുന്നേരം ആറു മണിയോടെ അദ്ദേഹം രാജി പ്രഖ്യാപിച്ചു. ഈ നീക്കത്തെ ഞെട്ടിപ്പിക്കുന്നത് എന്നാണ് റാവത്ത് വിശേഷിപ്പിച്ചത്. ‘ജൂലൈ 21 മുതല്‍ ഇന്നുവരെ, നമ്മുടെ ഉപരാഷ്ട്രപതി എവിടെയാണെന്ന് ഒരു വിവരവുമില്ല. അദ്ദേഹത്തിന്റെ നിലവിലെ അവസ്ഥ എന്താണ്? ആരോഗ്യം എങ്ങനെയുണ്ട്? ഈ കാര്യങ്ങളില്‍ വ്യക്തതയില്ല.’

രാജ്യസഭാംഗങ്ങള്‍ ധന്‍കറുമായി ബന്ധപ്പെടാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. മുന്‍ ഉപരാഷ്ട്രപതി വീട്ടുതടങ്കലിലാണോ എന്ന് സംശയിക്കുന്നതായും അദ്ദേഹം സുരക്ഷിതനല്ലെന്ന് ഡല്‍ഹിയില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും ശിവസേന നേതാവ് പറഞ്ഞു.

രാജിവച്ച ശേഷം ജഗ്ദീപ് ധകഖറിനെ കാണാനില്ല എന്ന ആരോപണവുമായി കപില്‍ സിബലും രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.