22
Aug 2023
Mon
22 Aug 2023 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇറ്റലിയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞ റോബര്‍ട്ടോ മാഞ്ചിനി ഇനി സൗദി അറേബ്യന്‍ ദേശീയ ടീമിന് തന്ത്രങ്ങള്‍ മെനയും. മാഞ്ചിനിയെ ദേശീയ ടീമിന്റെ പരിശീലകനായി നിയമിച്ച കാര്യം സൗദി ഔദ്യോഗികമായി അറിയിച്ചു. 2026 ലോകകപ്പ് വരെയാണ് കരാര്‍. റോബര്‍ട്ടോ മാഞ്ചിനിക്ക് ഒരു വര്‍ഷത്തേക്ക് 25 ദശലക്ഷം യൂറോ പ്രതിഫലമായി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സൗദി പ്രോ ലീഗില്‍ കോടികള്‍ ചെലവിട്ട് വമ്പന്‍ താരങ്ങളെയും കോച്ചുമാരെയും കൊണ്ടുവന്നതിന് പിന്നാലെയാണ് ദേശീയ ടീമിനെ ശക്തിപ്പെടുത്താനുള്ള ഈ നീക്കം വന്നിരിക്കുന്നത്. സെപ്റ്റംബര്‍ 8ന് കോസ്റ്റാറിക്കയ്‌ക്കെതിരെ നടക്കുന്ന സൗഹൃദ മത്സരത്തില്‍ സൗദി കോച്ച് എന്ന നിലയില്‍ മാഞ്ചിനി ഡഗ് ഔട്ടില്‍ ഉണ്ടാകും. നാല് ദിവസം കഴിഞ്ഞ് സൗത്ത് കൊറിയക്കെതിരെയും സൗദി കളിക്കുന്നുണ്ട്.

റോബര്‍ട്ടോ മാഞ്ചിനിയെ കുറിച്ച് ട്വിറ്ററില്‍ സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ മാഞ്ചിനി പറയുന്നത് ഇങ്ങനെയാണ്.”ഞാന്‍ യൂറോപ്പില്‍ ചരിത്രം രചിച്ചു. സൗദിക്കൊപ്പം പുതിയ ചരിത്രം രചിക്കാനുള്ള സമയമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.” സൗദിയുടെ പരിശീലകനാകാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും 58കാരനായ ഇറ്റാലിയന്‍ കോച്ച് പറഞ്ഞു.

2006 ലോകകപ്പിന് ശേഷം ഇറ്റലിക്ക് ഒരു അന്താരാഷ്ട്ര കിരീടം നേടി കൊടുത്ത കോച്ചാണ് മുന്‍ കളിക്കാരന്‍ കൂടിയായ റോബര്‍ട്ടോ മാഞ്ചിനി. 2018ലെ ലോകകപ്പിന് യോഗ്യത ലഭിക്കാത്തതിനെ തുടര്‍ന്നാണ് ക്ലബ് തലത്തില്‍ വിജയം വരിച്ച പരിശീലകനായ റോബര്‍ട്ടോ മാഞ്ചിനിയെ ഇറ്റലിയുടെ ഹെഡ് കോച്ചായി നിയമിക്കുന്നത്. വന്‍ തകര്‍ച്ചയില്‍ നിന്ന് അസൂറികളെ കരകയറ്റിയ മാഞ്ചിനി, ആക്രമണ ഫുട്‌ബോള്‍ ശൈലിയിലേക്ക് അവരെ മാറ്റിയിരുന്നു. ഇതിന്റെ ഫലമായിരുന്നു 2020 യൂറോ കപ്പിലെ വിജയം.

1968ന് ശേഷം ആദ്യമായിട്ടായിരുന്നു ഇറ്റലി യൂറോ കപ്പില്‍ മുത്തമിട്ടത്. ഇക്കാലയളവില്‍ തുടര്‍ച്ചയായ 37 മത്സരങ്ങള്‍ തോല്‍വി അറിയാതെ ഇറ്റലി ലോക റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. എന്നാല്‍, 2022 ലോകകപ്പിന് യോഗ്യത ലഭിക്കാത്തതിനെ തുടര്‍ന്ന് റോബര്‍ട്ടോ മാഞ്ചിനിക്ക് മേല്‍ സമ്മര്‍ദ്ദമേറി. യൂറോ കപ്പ് ചാമ്പ്യന്‍മാരായിട്ടും ഇതിന് പിന്നാലെ ലോകകപ്പിന് യോഗ്യത ലഭിക്കാത്തത് ഇറ്റലിയില്‍ വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു.