തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി തിരൂര്‍ സതീഷ്. (Former office secretary says who took away Rs. 1.5 crore from BJP office after elections) തിരഞ്ഞെടുപ്പിന് ശേഷം ഒന്നരക്കോടി രൂപ പാര്‍ട്ടി ഓഫീസില്‍ ഉണ്ടായിരുന്നെന്നും ഈ പണം എന്തുചെയ്‌തെന്ന് വെളിപ്പെടുത്തണമെന്നും ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി സതീഷ് ആവശ്യപ്പെട്ടു.
|
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ 9 കോടി രൂപ 6 ചാക്കുകളിലായി കൊണ്ടുവന്നു എന്നതായിരുന്നു തന്റെ മൊഴിയെന്നും തിരൂര്‍ സതീഷ് വ്യക്തമാക്കി.
വെളിപ്പെടുത്തലിന്റെ അനുബന്ധ രേഖകള്‍ തല്‍ക്കാലം പുറത്തുവിടുന്നില്ല. അത് പൊലീസ് അന്വേഷണത്തെ ബാധിക്കും. കള്ളപ്പണം തടയും എന്നു പറഞ്ഞ് അധികാരമേറ്റ നരേന്ദ്രമോദിയുടെ പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസിലാണ് കള്ളപ്പണം സൂക്ഷിച്ചത്. പ്രധാനമന്ത്രി പറയുന്നതനുസരിച്ചാണെങ്കില്‍ കള്ളപ്പണം സൂക്ഷിച്ച ജില്ലാ കമ്മിറ്റി പിരിച്ചു വിടേണ്ടതല്ലേയെന്നും സതീഷ് ചോദിച്ചു. താന്‍ കൊണ്ടുവന്ന ഒമ്പത് ചാക്കില്‍ മൂന്ന് ചാക്ക് ജില്ലാ ട്രഷറര്‍ മൂന്നുപേര്‍ക്ക് കൈമാറി.
എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ല. ധര്‍മ്മരാജന്‍ പണം എത്തിച്ച ദിവസം തന്നെയാണ് മൂന്നു ചാക്കുകള്‍ ഓഫീസില്‍ നിന്ന് കൊണ്ടുപോയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ഒന്നരക്കോടി രൂപ ഒരു ചാക്കിലും ബിഗ് ഷോപ്പറിലുമായി കൊണ്ടുപോയിരുന്നു.
ഈ ഒന്നരക്കോടി കൊണ്ടുപോയത് എവിടേക്കാണ്?. തിരഞ്ഞെടുപ്പ് ചെലവും കഴിഞ്ഞ ബാക്കിയുണ്ടായിരുന്ന ഒന്നരക്കോടി ആരൊക്കെ ചേര്‍ന്നാണ് വീതം വച്ചത്? ഇക്കാര്യം പൊലീസ് അന്വേഷിക്കണമെന്നും തിരൂര്‍ സതീഷ് ആവശ്യപ്പെട്ടു.
തിരൂര്‍ സതീഷ് നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് വീണ്ടും കൊടകര കള്ളപ്പണക്കേസ് ചര്‍ച്ചയായത്. കൊടകരയില്‍ കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു സതീഷ് വെളിപ്പെടുത്തിയത്.
ചാക്കുകെട്ടുകളിലായാണ് പണം എത്തിച്ചതെന്നും പണം കൊണ്ടുവന്നവര്‍ക്ക് മുറി എടുത്ത് നല്‍കിയത് താനാണെന്നും സതീഷ് വെളിപ്പെടുത്തിയിരുന്നു.


