തൊഴിലിടത്തിൽ നിരന്തരം അവഹേളിക്കുന്ന ബോസിന് ജീവനക്കാരുടെ വക എട്ടിന്റെ പണി. ഇൻസ്റ്റഗ്രാമിൽ ഫേക്ക് അക്കൗണ്ട് നിർമിച്ച് ബോസിനെ ഹണിട്രാപ്പിൽ പെടുത്തിയ സംഘം ബോസ് അയച്ചുനൽകിയ നഗ്നചിത്രങ്ങൾ അദ്ദേഹത്തിന്റെ ഭാര്യക്കടക്കം അയച്ചുനൽകിയാണ് പകവീട്ടിയത്. ഗുജറാത്തിലാണ് സംഭവം.
|
ഹണിട്രാപ്പിന് ഇരയായ ഐടി കമ്പനി മേധാവിയുടെ പരാതിയിൽ പൊലീസ് ആണ് സ്ഥാപനത്തിലെ രണ്ട് മുൻ ജീവനക്കാരാണ് ഹണിട്രാപ്പിന് പിന്നിലെന്ന് കണ്ടെത്തിയത്. തൊഴിൽ സ്ഥലത്ത് പലപ്പോഴും ബോസ് തങ്ങളെ ശാസിക്കുകയും അവഹേളിക്കുകയും ചെയ്തിരുന്നുവെന്നും ഇതിനു പ്രതികാരമായാണ് ഹണിട്രാപ്പ് ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നും ഇരുവരും പൊലീസിന് മൊഴി നൽകി.
ബോസിന്റെ നഗ്നചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതിനു പുറമേ ഫോട്ടോകൾ പ്രിന്റെടുത്ത് ബോസിന്റെ ഭാര്യക്ക് സ്പീഡ് പോസ്റ്റിൽ അയച്ചുനൽകുകയും സംഘം ചെയ്തിരുന്നു. ഭീഷണി ഇമെയിലുകൾ പെരുകിയതോടെയാണ് ബോസ് സൈബർ പൊലീസിന് പരാതി നൽകിയത്. അതേസമയം ഹണിട്രാപ്പിനു പിന്നിലെ ആളുകളെ തിരിച്ചറിഞ്ഞതോടെ കേസുമായി മുന്നോട്ടുപോവാൻ താൽപര്യമില്ലെന്ന് ബോസ് പൊലീസിനെ അറിയിച്ചു.


