കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും പ്രമുഖ സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. (Former West Bengal Chief Minister Buddhadeb Bhattacharya passed away) 80 വയസ്സായിരുന്നു. ഇന്ന് രാവിലെ കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. അസുഖബാധിതനായിരുന്നു. പശ്ചിമബംഗാളിലെ അവസാന ഇടതുപക്ഷ മുഖ്യമന്ത്രിയായിരുന്നു.
|
2000 മുതല്‍ 2011 വരെ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ അനാരോഗ്യം മൂലം 2018ല്‍ പാര്‍ട്ടിച്ചുമതലകള്‍ രാജിവച്ചിരുന്നു. 2019 ഫെബ്രുവരിക്കു ശേഷം പൊതുപരിപാടികളിലും പങ്കെടുത്തിരുന്നില്ല.
ഇടതുമുന്നണിയുടെ കോട്ടയായിരുന്ന ബംഗാളില്‍ ജ്യോതി ബസുവിന്റെ പിന്‍ഗാമിയായി 2000ല്‍ ആണ് മുഖ്യമന്ത്രിയായി അധികാരമേറ്റത്. 2001, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മികച്ച ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തിയെങ്കിലും 2011ല്‍ കനത്ത പരാജയം നേരിട്ടു.
ഉത്തര കൊല്‍ക്കത്തയില്‍ 1944 മാര്‍ച്ച് 1നു ജനിച്ച ബുദ്ധദേവ് പ്രസിഡന്‍സി കോളജില്‍നിന്നു ബിരുദം നേടി. 1968ല്‍ ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷന്‍ (ഡിവൈഎഫ്‌ഐ ) ബംഗാള്‍ സെക്രട്ടറിയായ അദ്ദേഹം 1971ല്‍ സിപിഎം സംസ്ഥാനകമ്മിറ്റി അംഗവും 1985ല്‍ കേന്ദ്ര കമ്മിറ്റി അംഗവുമായി.
ഇടതുമുന്നണി ബംഗാള്‍ ഭരണം പിടിച്ചെടുത്ത 1977ല്‍ കോസിപുരില്‍നിന്ന് ആദ്യമായി നിയമസഭാംഗമായി. 1987ല്‍ പരാജയപ്പെട്ടെങ്കിലും അതേവര്‍ഷം തന്നെ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് മന്ത്രിയായി.
1987-96 കാലത്തു വാര്‍ത്താവിനിമയ, സാംസ്‌കാരിക വകുപ്പും 1996-99 കാലത്ത് ആഭ്യന്തരവും കൈകാര്യം ചെയ്തു. 2000 ജൂലൈയില്‍ ഉപമുഖ്യമന്ത്രിയായ ബുദ്ധദേവ്, നവംബറില്‍ ആരോഗ്യകാരണങ്ങളാല്‍ ജ്യോതിബസു സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നു മുഖ്യമന്ത്രിയാവുകയായിരുന്നു. ഒപ്പം സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായി.
2006-11 കാലത്തെ വ്യവസായികള്‍ക്കു വേണ്ടി കൃഷിഭൂമി ഏറ്റെടുക്കാനുള്ള നീക്കമാണ് ബുദ്ധദേവ് സര്‍ക്കാരിനെതിരെ ജനരോഷം അഴിച്ചുവിട്ടത്. ഇതിനെ അടിച്ചമര്‍ത്താനുള്ള നീക്കം കൂടുതല്‍ തിരിച്ചടിയായി. സിംഗൂര്‍, നന്ദിഗ്രാം, മിഡ്‌നാപുര്‍ വിഷയങ്ങള്‍ ഉയര്‍ത്തിയ കൊടുങ്കാറ്റില്‍ ബുദ്ധദേവിനും ഇടതുമുന്നണിക്കും കാലിടറി. തൃണമൂല്‍ കോണ്‍ഗ്രസും മാവോവാദികളും കര്‍ഷകരും ഒരുപോലെ ഇടതുപക്ഷ സര്‍ക്കാരിനെതിരേ തിരിഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളും സമരത്തിന് ഊര്‍ജം പകര്‍ന്നു.
അടുത്ത തിരഞ്ഞെടുപ്പില്‍ സിപിഎം കേവലം 40 സീറ്റില്‍ ഒതുങ്ങി. ജാദവ്പുരില്‍ ബുദ്ധദേവും പരാജയപ്പെട്ടു. 2015ല്‍ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ പിബിയില്‍ നിന്നു ഒഴിവായി. കേന്ദ്രകമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാണ്.
രണ്ടു പതിറ്റാണ്ടിലേറെക്കാലം മന്ത്രിയായിരുന്നുവെങ്കിലും ലാളിത്യമായിരുന്നു മുഖമുദ്ര. ബംഗാളിഭാഷയില്‍ അഗാധപാണ്ഡിത്യം നേടിയിരുന്ന അദ്ദേഹം ശ്രദ്ധേയമായ സാഹിത്യപഠനങ്ങളും വിവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. ഭാര്യ: മീര. മകള്‍ സുചേതന.





