02
Aug 2023
Sun
02 Aug 2023 Sun

പ്രമുഖ ബില്‍ഡറുടെ ഫോട്ടോ ഉപയോഗിച്ച് വാട്‌സാപ്പ് ഉണ്ടാക്കി ജീവനക്കാരോട് പണം ആവശ്യപ്പെട്ടു; ‘മുതലാളി’ക്ക് അക്കൗണ്ട്‌സില്‍നിന്ന് ലക്ഷങ്ങള്‍ അയച്ചു; പ്രതികള്‍ പിടിയില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: എറണാകുളം ആസ്ഥാനമായ പ്രമുഖ ബില്‍ഡറുടെ ഫോട്ടോ ഉപയോഗിച്ച് വാട്‌സാപ്പ് ഉണ്ടാക്കി ജീവനക്കാരോട് പണം ആവശ്യപ്പെടുകയും ‘മുതലാളി’ ആണെന്ന് കരുതി അക്കൗണ്ട്‌സില്‍നിന്ന് ലക്ഷങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശികളായ ധീരജ്കുമാര്‍ (35), വിപിന്‍കുമാര്‍ മിശ്ര (22), സാക്ഷി മൗലി രാജ് (27), ഉമ്മത്ത് അലി (26) എന്നിവരെയാണ് കൊച്ചി സൈബര്‍ പൊലീസ് ഉത്തര്‍പ്രദേശില്‍നിന്ന് പിടികൂടിയത്. സൈബര്‍ വിദഗ്ധരും ഉത്തര്‍പ്രദേശില്‍ കമ്പ്യൂട്ടര്‍ കേന്ദ്രങ്ങള്‍ നടത്തുന്നവരുമാണ് പ്രതികള്‍.

എറണാകുളം സ്വദേശിയും നിര്‍മാണ കമ്പനിയുടെ ചീഫ് ഫിനാഷ്യല്‍ ഓഫീസറുമാണ് പരാതിക്കാരന്‍. ഇദ്ദേഹം ജോലി ചെയ്യുന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടറുടെ ഫോട്ടോ ഉപയോഗിച്ച് പ്രതികള്‍ വ്യാജ വാട്‌സാപ് അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. താന്‍ വിദേശത്താണെന്നും ഇത് പുതിയ മൊബൈല്‍ നമ്പറാണെന്നും കാണിച്ച് മാനേജിങ് ഡയറക്ടര്‍ എന്ന വ്യാജേന പുതിയ വാട്‌സാപ്പ് അക്കൗണ്ടില്‍നിന്ന് മെസേജ് അയച്ചു. ബിസിനസ് സംബന്ധമായി അടിയന്തരമായി 42 ലക്ഷം രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രതികള്‍ ആവശ്യപ്പെട്ട നമ്പറിലേക്ക് പണം അയച്ചുകൊടുത്തു. പിന്നീടാണ് കബളിക്കപ്പെട്ട വിവരം അറിയുന്നത്.

2023 ജൂണ്‍ ഒന്നിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മൊബൈല്‍ നമ്പരുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഐഎംഇഎ സിസിടിവി ഫൂട്ടേജുകളും ശേഖരിച്ച് അന്വേഷണം നടത്തിയപ്പോള്‍, പ്രതികള്‍ ഉത്തര്‍പ്രദേശിലെ ഗൊരഖ്പുര്‍, ഖുഷി നഗര്‍ എന്നിവിടങ്ങളില്‍നിന്നാണ് പണം പിന്‍വലിക്കുന്നതെന്ന് മനസ്സിലായി. ഫോണ്‍ നമ്പറുകളുടെ ലൊക്കേഷന്‍ പ്രധാനമായും ബഹറായിച്ച്, സാന്ത കബീര്‍ എന്നീ ജില്ലകളിലാണെന്നും കണ്ടെത്തി. തുടര്‍ന്ന് ഇവിടെയെത്തി 12 ദിവസം അന്വേഷണം നടത്തിയാണ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ പേരില്‍ നിരവധി ബലാത്സംഗക്കേസും മോഷണക്കേസും ഗുണ്ടാകേസുകളും ഉള്ളതായി സൈബര്‍ പൊലീസ് പറഞ്ഞു.

ആധാര്‍ ഡിജിറ്റല്‍ സേവാകേന്ദ്രം നടത്തുന്ന ഒന്നാംപ്രതി ധീരജ് കുമാര്‍, തന്റെ സ്ഥാപനത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വരുന്നവരില്‍ ചിലരുടെ അക്കൗണ്ടിലെ ഫോണ്‍നമ്പരും വിവരങ്ങളും മാറ്റി എ.ടി.എം കാര്‍ഡ് കൈക്കലാക്കും. തുടര്‍ന്ന് വാട്ട്‌സ്ആപ്പ് വഴി വ്യാജഅഭ്യര്‍ഥന നടത്തി അക്കൗണ്ടിലേക്ക് പണം അയപ്പിക്കും. വിവിധ സ്ഥലങ്ങളിലെ എ.ടി.എമ്മുകളില്‍നിന്ന് പിന്നീട് ഈ തുക പിന്‍വലിച്ചെടുക്കുകയുമായിരുന്നു രീതി. അങ്ങനെ ലഭിക്കുന്ന പണം വീതിച്ചെടുത്ത് പ്രതികള്‍ ആഡംബരജീവിതം നയിച്ചുവരികയായിരുന്നു.

സൈബര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.ജെ തോമസിന്റെ നേതൃത്വത്തില്‍ എസ്‌സിപിഒമാരായ ശ്യാംകുമാര്‍, ആര്‍ അരുണ്‍, അജിത് രാജ്, നിഖില്‍ രാജ്, സിപിഒ ആല്‍ഫിറ്റ് ആന്‍ഡ്രൂസ് എന്നിവരാണ് അന്വേഷകസംഘത്തില്‍ ഉണ്ടായത്. ബഹറായിച്ച്, സാന്ത് കബീര്‍ നഗര്‍ എന്നിവിടങ്ങളിലെ സിജെഎം കോടതികളില്‍ ഹാജരാക്കിയ പ്രതികളെ ശനി രാവിലെ കൊച്ചിയിലെത്തിച്ചു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.