|
കൊച്ചി: കോതമംഗലം കുട്ടമ്പുഴയില്‍ കാട്ടാനാക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കലക്ടര്‍ നല്കിയ ഉറപ്പിനൊടുവിലാണ് മൃതദേഹം സംസ്കരിക്കാനുള്ള നടപടിയായത്.
മൃതദേഹവുമായി ഏഴുമണിക്കൂറിലേറെ സമയമാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. വന്യജീവി ശല്യം ഇല്ലാതാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് കലക്ടറില്‍നിന്ന് ഉറപ്പ് ലഭിച്ച ശേഷം പുലര്‍ച്ചെ രണ്ടരയോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. മൃതദേഹം സംഭവസ്ഥലത്ത് നിന്ന് എടുക്കാന്‍ അനുവദിക്കാതെയായിരുന്നു പ്രദേശവാസികളുടെ പ്രതിഷേധം. കലക്ടര്‍ നേരിട്ട് എത്തിയതോടെയാണ് ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങിയത്.
കലക്ടറും എംഎല്‍എമാരും പങ്കെടുത്ത ചര്‍ച്ചയില്‍ എല്‍ദോസിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം നല്‍കാനും തീരുമാനിച്ചു. പ്രഖ്യാപിച്ച 10 ലക്ഷത്തില്‍ 5 ലക്ഷം രൂപ നല്‍കുകയും ചെയ്തു. പ്രദേശത്ത് ഫെന്‍സിംഗ് നിര്‍മാണം ഉടന്‍ തുടങ്ങും, ട്രഞ്ചുകള്‍ ഇന്ന് തന്നെ പണിത് തുടങ്ങും, അഞ്ചുദിവസത്തിനകം തെരുവിളക്കുകള്‍ സ്ഥാപിക്കും എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്കും തീരുമാനമായി. പദ്ധതികള്‍ കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ 27ന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരാനും തീരുമാനിച്ചു.
ഇന്നലെ രാത്രി 8:30നാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ എല്‍ദോസിനെ കാട്ടാന ആക്രമിച്ചത്.
funeral of Eldhose, who was killed in a wild elephant attack is today


