ജി20 ഉച്ചകോടി ഇന്ന് സമാപിക്കും, ഡല്‍ഹിയില്‍ വെള്ളക്കെട്ട്; പ്രമേയത്തിനെതിരെ യു.എസില്‍ വിമര്‍ശനം
|
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്ക് ഇന്ന് സമാപനം. ഒരു ഭാവി എന്നതാണ് ഉച്ചകോടിയിലെ ഇന്നത്തെ സെഷന്‍. രാവിലെ രാജ്ഘട്ടിലെത്തുന്ന ലോകനേതാക്കള്‍ മഹാത്മാഗാന്ധിയുടെ സ്മൃതി കുടീരത്തില്‍ ആദരവ് അര്‍പ്പിക്കും. ജി 20 വേദിയായ ഭാരതമണ്ഡപത്തില്‍ നേതാക്കള്‍ മരത്തൈ നടും.
രാവിലെ 10.30 മുതല്‍ 12.30 വരെയാണ് ഇന്നു ചര്‍ച്ചകള്‍ നടക്കുക. ആഫ്രിക്കന്‍ യൂണിയന് അംഗത്വം നല്‍കാന്‍ ഇന്നലെ ജി 20 ഉച്ചകോടി തീരുമാനിച്ചിരുന്നു. ഉക്രൈനില്‍ ശാശ്വത സമാധാനം ഉറപ്പു വരുത്താന്‍ ജി 20 പ്രതിജ്ഞാബദ്ധമെന്ന് വ്യക്തമാക്കുന്ന സംയുക്ത പ്രസ്താവന ഉച്ചകോടി പുറത്തിറക്കി.
രാജ്യങ്ങളുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും മേല്‍ കടന്നു കയറരുതെന്ന് റഷ്യയുടെ പേര് പരാമര്‍ശിക്കാത്ത പ്രസ്താവന പറയുന്നു. ഒരു രാജ്യത്തിലേക്കും കടന്നുകയറ്റം പാടില്ല. ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി അംഗീകരിക്കാനാകില്ല. ബലപ്രയോഗത്തിലൂടെയല്ല നയതന്ത്ര, സംവാദ മാര്‍ഗങ്ങളിലൂടെയാണ് തര്‍ക്കങ്ങള്‍ക്ക് പരിഹാരം തേടേണ്ടതെന്നും പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ സമവായ നീക്കങ്ങളെ ഇന്തോനേഷ്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ പിന്തുണച്ചു.
അതേസമയം സംയുക്ത പ്രസ്താവനയില്‍ റഷ്യയോട് വിട്ടുവീഴ്ച ചെയ്തുവെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു.
അതിനിടെ സംയുക്ത പ്രമേയം പൊതു തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ രാജ്യത്ത് രാഷ്ട്രീയ ആയുധമാക്കാനാണ് ബിജെപിയുടെ നീക്കം. ജി 20 അധ്യക്ഷപദവിയില്‍ ഏറ്റവും വിജയിച്ച നേതാവ് നരേന്ദ്രമോദിയെന്ന് കാട്ടി നാളെ മുതല്‍ പ്രചാരണം നടത്താനാണ് പാര്‍ട്ടി അണികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ഡല്‍ഹിയില്‍ രാവിലെ മുതല്‍ ശക്തമായ മഴ തുടരുകയാണ്. നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചകോടി നടക്കുന്ന ഭാരത് മണ്ഡപത്തിന് സമീപവും വെള്ളക്കെട്ടുണ്ടായി. ഇന്റര്‍നാഷണല്‍ മീഡിയ സെന്റിലെ കെട്ടിടത്തിലെ താഴെ നിലയിലും വെള്ളം കയറി. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ശ്രമം തുടരുകയാണ്.





