21
Apr 2025
Mon
21 Apr 2025 Mon
Gallery collapses during football tournament in kochi; several injured

കൊച്ചി: കോതമംഗലത്തിന് സമീപം പോത്താനിക്കാട്ട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് വേണ്ടി താല്‍ക്കാലികമായി നിര്‍മിച്ച ഗ്യാലറി തകര്‍ന്നുവീണു. അപകടത്തില്‍ 52 പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ രണ്ടുപേരെ രാജഗിരി ആശുപത്രിയിലും മറ്റുള്ളവരെ കോതമംഗലത്തെയും മൂവാറ്റുപുഴയിലെയും ആശുപത്രികളിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ 45 പേര്‍ കോതമംഗലം ബെസേലിയോസ് ആശുപത്രിയിലും രണ്ട് പേര്‍ തൊടുപുഴ ബേബി മെമ്മോറിയല്‍ ആശുപത്രിയിലും അഞ്ചു പേര്‍ കോതമംഗലം സെന്റ് ജോസഫ്‌സ് ആശുപത്രിയിലുമാണ് ചികിത്സ തേടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അടിവാട് ഹീറോ യങ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന അഖിലകേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ ദിവസമായ ഇന്നലെ രാത്രിയാണ് ഗ്യാലറി തകര്‍ന്നുവീണത്. മഴയില്‍ താല്‍ക്കാലിക ഗാലറിയുടെ കാലുകള്‍ മണ്ണില്‍ പുതഞ്ഞതാണ് അപകട കാരണമെന്നാണ് നിഗമനം. മത്സരത്തിന് മുമ്പായി മഴ പെയ്തിരുന്നു. ഇതോടെ തടികൊണ്ട് നിര്‍മിച്ച താത്കാലിക ഗാലറിയുടെ കാലുകള്‍ മണ്ണില്‍ പുതഞ്ഞു താഴ്ന്നുപോവുകയായിരുന്നു.

ഗ്രൗണ്ടിന്റെ പടിഞ്ഞാറുവശത്ത് ഇരുമ്പും മരതടിയും ഉപയോഗിച്ച് നിര്‍മിച്ച ഗ്യാലറി, ഫൈനല്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പ് രാത്രി പത്തുമണിയോടെയാണ് തകര്‍ന്നത്. മത്സരം കാണുന്നതിന് പരിധിയിലും കൂടുതല്‍പേര്‍ ഗ്യാലറിയില്‍ കയറിയതാണ് തകരാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമികവിവരം.

പൊലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാലായിരത്തോളം പേരാണ് മത്സരം കാണാനെത്തിയത്.

അപകടം നടന്ന ഉടനെ തന്നെ രക്ഷാപ്രവര്‍ത്തനം നടത്താനായെന്നും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും ക്ലബ് അറിയിച്ചു. മുന്‍കൂട്ടി അനുമതി വാങ്ങിയാണ് എല്ലാ കാര്യങ്ങളും ചെയ്തിരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.

Gallery collapses during football tournament in kochi; several injured