ഷാന്‍ വധക്കേസ് പ്രതി അടക്കമുള്ള ക്വട്ടേഷന്‍ സംഘം പിടിയില്‍; ‘ഗുണ്ടാ സംഗമത്തിനിടെ’ പോലീസ് സാഹസികമായി പിടിച്ചു
|
കായംകുളം: എസ്.ഡി.പി.ഐ നേതാവ് ഷാന്‍ വധക്കേസിലെ പ്രതി ഉള്‍പ്പെടെയുള്ള പത്തോളം ഗുണ്ടാ സംഘം പിടിയില്‍. കുപ്രസിദ്ധ ഗുണ്ടയുടെ പിറന്നാള്‍ സംഗമത്തിനിടെ പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. പോലീസ് വരുന്നത് അറിഞ്ഞതോടെ 40 ഓളം പേര്‍ ഓടി രക്ഷപ്പെട്ടു. ഷാന്‍ വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി മണ്ണഞ്ചേരി സ്വദേശി അതുല്‍, നിധീഷ്, പത്തിയൂര്‍ സ്വദേശി വിജീഷ്, കൃഷ്ണപുരം സ്വദേശി അനന്ദു, ഇടുക്കി സ്വദേശി അലന്‍ ബെന്നി, തൃശ്ശൂര്‍ സ്വദേശി പ്രശാല്‍, പത്തിയൂര്‍ കാല ഹബീസ്, ഏനാകുളങ്ങര വിഷ്ണു, ചേരാവള്ളി സെയ്ഫുദ്ദീന്‍, ഹരിപ്പാട് സ്വദേശി രാജേഷ് കുമാര്‍ എന്നിവരാണ് പിടിയിലായത്. ഗുണ്ടകള്‍ വന്ന വാഹനങ്ങളും പൊലിസ് പിടിച്ചെടുത്തു.
അതുലിന്റെ നേതൃത്വത്തിലാണ് സംഘം രഞ്ജിത് ശ്രീനിവാസന്‍ വധക്കേസിന്റെ വിധി വന്നതിന് പിന്നാലെ ഒത്തുകൂടിയത്. കരീലക്കുളങ്ങര സ്റ്റേഷന്‍ പരിധിയിലെ ഗുണ്ടയായ നിധീഷിന്റെ പിറന്നാള്‍ ആഘോഷ മറവിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കൊടും ഗുണ്ടകള്‍ എരുവയില്‍ സംഗമിച്ചതെന്നാണ് റിപ്പോര്‍ട്ട്.
വിവിധ കൊലക്കേസ് പ്രതികളായ കൊലക്കേസ് പ്രതി മാട്ടക്കണ്ണന്‍, ഗുണ്ടകളായ തക്കാളി ആഷിക്, വിടോബ ഫൈസല്‍, ഡെയ്ഞ്ചര്‍ അരുണ്‍, അമല്‍, ഫാറൂഖ് സേട്ട്, വിജയ് കാര്‍ത്തികേയന്‍ എന്നിവര്‍ ഓടിരക്ഷപ്പെട്ടുവെന്ന് പൊലീസ് പറയുന്നു.
ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കായംകുളം ഡിവൈ.എസ്.പി അജയ്‌നാഥിന്റെ മേല്‍നോട്ടത്തില്‍ കായംകുളം സി.ഐ. ഗിരിലാല്‍, കരീലക്കുളങ്ങര സി.ഐ. സുനീഷ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള പൊലിസ് സംഘം വീട് വളഞ്ഞാണ് സംഘത്തെ പിടികൂടിയത്.


