29
Jul 2023
Tue
29 Jul 2023 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വലിയതുറ: തിരുവനന്തപുരം വലിയതുറയില്‍ പോലീസുകാര്‍ക്കുനേരെ ഗുണ്ടാ നേതാവിന്റെ ആക്രമണം. ഗുണ്ടാ നേതാവ് ജാങ്കോ കുമാര്‍ എന്നു വിളിക്കുന്ന അനില്‍ കുമാര്‍ രണ്ട് എസ്‌ഐമാരെ കുത്തിവീഴ്ത്തി. അനില്‍ കുമാറിനെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനെടെയാണ് ആക്രമണം. ഒരു ഹോട്ടലുടമയ്ക്കും കുത്തേറ്റു. വലിയതുറയിലെ മാധവപുരത്ത് ഉച്ചയോടെയാണ് സംഭവം. മാധവപുരത്ത് ഹോട്ടല്‍ നടത്തിവരുന്ന നസീറിനെയാണ് അനില്‍ കുമാര്‍ ആദ്യം കുത്തിപ്പരിക്കേല്‍പ്പിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ പിടികൂടാന്‍ ശ്രമം നടത്തി. എന്നാല്‍ അനില്‍ കുമാര്‍ പോലീസുകാര്‍ക്കുനേരെ പടക്കം എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
രണ്ടു എസ്‌ഐമാരുടെ നേതൃത്വത്തില്‍ അനില്‍ കുമാറിനെ വളഞ്ഞ് പിടികൂടുന്നതിനിടെ കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് എസ്‌ഐമാരെ കുത്തിവീഴ്ത്തുകയായിരുന്നു. എസ്‌ഐമാരുടെ നെഞ്ചിലും കൈകളിലുമാണ് കുത്തേറ്റത്. ഒരാളുടെ കൈയില്‍ പ്രതി കടിച്ചു. പോലീസ് ബലംപ്രയോഗിച്ചു പ്രതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. പ്രതിയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഹോട്ടലുടമയും പോലീസുകാരും ആശുപത്രിയില്‍ ചികിത്സ തേടി. പ്രതി അനില്‍ കുമാറിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടുംക്രിമിനലായ അനില്‍ കുമാര്‍ മൂന്നുദിവസം മുന്‍പാണ് ജയിലില്‍നിന്ന് ഇറങ്ങിയത്.