
ബെംഗളൂരു: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ അവസാന പ്രതിക്കും കോടതി ജാമ്യം നല്‍കി. (Gauri Lankesh murder: Last arrested accused granted bail) ഇതോടെ കേസില്‍ പിടികൂടിയ 17 സംഘപരിവാര പ്രവര്‍ത്തകരും ജാമ്യത്തിലായി. സംഘപരിവാരത്തിന്റെ വിദ്വേഷ അജണ്ടകളെ എതിര്‍ത്തതിന്റെ പേരിലായിരുന്നു കൊലപാതകം.
![]() |
|
ശരദ് ഭാസാഹിബ് കലസ്‌കറിനാണ് പ്രിന്‍സിപ്പല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് ജഡ്ജി ബി മുരളീധര പൈയാണ് ജാമ്യം അനുവദിച്ചത്. പ്രതികള്‍ 2018 മുതല്‍ കസ്റ്റഡിയിലാണെന്നും വിധി ഉടന്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നും ചൂണ്ടികാട്ടിയാണ് ജാമ്യം നല്‍കിയത്.
ഗൗരി ലങ്കേഷ് കേസില്‍ 18 പേരാണ് പ്രതി പട്ടികയിലുള്ളത്. ഇതില്‍ ഒരാളെ ഇതു വരെ പിടികൂടാനായിട്ടില്ല. ബാക്കിയായ 17 പേര്‍ക്കും നിലവില്‍ ജാമ്യം ലഭിച്ചിരിക്കുകയാണ്.
രാജ്യത്തെ നടുക്കിയ ഒരു കൊലപാതകമായിരുന്നു ഗൗരി ലങ്കേഷിന്റേത്. 2017 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയാണ് താന്‍ നടത്തിക്കൊണ്ടിരുന്ന പത്രമായ ‘ലങ്കേഷ് പത്രികെ’യുടെ ഓഫിസില്‍ നിന്ന് ബംഗളുരുവിലെ രാജരാജേശ്വരി നഗറിലെ വീട്ടിലേക്ക് എത്തിയ ഗൗരി ലങ്കേഷിനെ അക്രമികള്‍ വെടിവെച്ചു കൊലപ്പെടുത്തിയത്.
ഹിന്ദുത്വ ആശയസംഹിതകളുടെ നിശിത വിമര്‍ശകയായിരുന്നു ഗൗരി ലങ്കേഷ്. ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ രണ്ടുപ്രതികള്‍ക്ക് കഴിഞ്ഞ മാസം ഹിന്ദുത്വര്‍ സ്വീകരണം നല്‍കിയിരുന്നു.
പരശുറാം വാഗ് മോര്‍, മനോഹര്‍ യാദവ് എന്നിവരാണ് ബംഗളുരു സെഷന്‍സ് കോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്ന് ഒക്ടോബര്‍ 11ന് പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ആറുവര്‍ഷത്തെ തടവിനു ശേഷം ജാമ്യത്തിലിറങ്ങിയെ ഇരുവരെയും ഹിന്ദുത്വര്‍ കാവി ഷാളണിയിച്ചും ഹാരമണിയിച്ചും സ്വീകരിക്കുകയും മുദ്രാവാക്യം മുഴക്കി ആഘോഷിക്കുകയും ചെയ്തു.
ശിവജിയുടെ പ്രതിമയ്ക്കു മുന്നിലേക്ക് കൊണ്ടുപോയാണ് ഇരുവരെയും സ്വീകരിച്ചത്. ഇതിനു ശേഷം കലിക ക്ഷേത്രം സന്ദര്‍ശിച്ച് ഇരുവരും പ്രാര്‍ഥിക്കുകയും ചെയ്തു.