17
Jul 2024
Thu
17 Jul 2024 Thu
israel attack in gaza football match

ഗസ്സ: കണ്ണില്‍ ചോരയില്ലാത്ത ഇസ്രായേലി ക്രൂരതയുടെ മറ്റൊരു നടുക്കുന്ന ഉദാഹരണം കൂടി. ( Gaza airstrike hit as displaced gathered for soccer match, witnesses say )ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് വേദന ഉള്ളിലൊതുക്കി അഭയാര്‍ത്ഥി ക്യാമ്പില്‍ ഫുട്‌ബോള്‍ കളിക്കുന്ന കുരുന്നുകള്‍ക്ക് നേരെയായിരുന്നു ഇന്നലത്തെ ഇസ്രായേല്‍ ബോംബ് വര്‍ഷം. ഫുട്ബാള്‍ കളിക്കുകയായിരുന്ന കുഞ്ഞുങ്ങളും അത് കണ്ടുകൊണ്ടിരുന്ന മുതിര്‍ന്നവരുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. 31 പേരാണ് കണ്ണുചിമ്മി തുറക്കുന്നതിനിടയില്‍ പിടഞ്ഞുവീണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇസ്രായേല്‍ സേന വീടുകള്‍ തകര്‍ത്തതിനെ തുടര്‍ന്ന് തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസിന് സമീപം അബ്ബാസന്‍ പട്ടണത്തിലെ അല്‍-അവ്ദ സ്‌കൂളില്‍ അഭയം പ്രാപിച്ചവരായിരുന്നു ഇവര്‍. സ്‌കൂള്‍ മുറ്റത്ത് കളിക്കുന്നതിനിടെയായിരുന്നു മുന്നറിയിപ്പില്ലാതെ ആക്രമണം. 53 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു.

കാണികളിലൊരാള്‍ ഫുട്ബാള്‍ കളി മൊബൈലില്‍ പകര്‍ത്തുന്നതിനിടെയായിരുന്നു മിസൈല്‍ പതിച്ചത്. കളിമുറ്റം ചോരക്കളമായി മാറുന്നത് ദൃശ്യങ്ങളില്‍ കാണാം. കുഞ്ഞുങ്ങളും സ്ത്രീകളും പ്രാണവേദനയാല്‍ നിലവിളിക്കുന്നതും കുഞ്ഞുശരീരങ്ങള്‍ മുറ്റത്താകെ ചിതറിക്കിടക്കുന്നതും ഇതിലുണ്ട്. നൂറുകണക്കിന് സാധാരണക്കാര്‍ കൂട്ടംകൂടിയിരിക്കുന്നതിനിടെയാണ് അത്യുഗ്രശബ്ദത്തില്‍ സ്‌ഫോടനം നടക്കുന്നത്.


ആക്രമണത്തില്‍ തന്റെ നിരവധി ബന്ധുക്കളെ നഷ്ടപ്പെട്ടതായി ഒരു ഫലസ്തീന്‍ ബാലന്‍ ‘അല്‍ ജസീറ’ ചാനലിനോട് പറഞ്ഞു. ‘ഞങ്ങള്‍ അവിടെ ഇരിക്കുകയായിരുന്നു. ഒരു മിസൈല്‍ പതിച്ചതോടെ എല്ലാം അവസാനിച്ചു. എനിക്ക് എന്റെ അമ്മാവനെയും ബന്ധുക്കളെയുമെല്ലാം നഷ്ടപ്പെട്ടു’ -അവന്‍ കരഞ്ഞുകൊണ്ട് പറഞ്ഞു.

അല്‍-അവ്ദ സ്‌കൂള്‍ ആക്രമണത്തെ യൂറോപ്യന്‍ യൂണിയന്‍ നയതന്ത്രജ്ഞനായ ജോസെപ് ബോറെല്‍ അപലപിച്ചു. യുദ്ധത്തിന്റെ ഭാരം നിരപരാധികളായ സാധാരണക്കാര്‍ എത്രകാലമാണ് സഹിക്കുകയെന്ന് അദ്ദേഹം എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ചോദിച്ചു. എത്രയും വേഗത്തില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്‍-അവ്ദ സ്‌കൂളിന് നേരെയുണ്ടായ ആക്രമണം സയണിസ്റ്റ് ഭീകര ഗവണ്‍മെന്റ് ഫലസ്തീന്‍ ജനതക്കെതിരെ നടത്തുന്ന വംശീയ ഉന്മൂലനം വ്യാപിപ്പിക്കുന്നതിന്റെ തെളിവാണെന്ന് ഹമാസ് ചൂണ്ടിക്കാട്ടി. അതേസമയം, സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പരിശോധിച്ചുവരികയാണെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.

മധ്യസ്ഥ രാഷ്ട്രങ്ങളുടെ നേതൃത്വത്തില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഈ കൂട്ടക്കുരുതി. സ്‌കൂള്‍ ആക്രമണത്തിന് പിന്നാലെ ബുധനാഴ്ച പുലര്‍ച്ച ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ ആറ് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെട്ടു. മധ്യ ഗസ്സയിലെ ദെയ്ര്‍ അല്‍-ബലാഹില്‍ ഇസ്രായേല്‍ സൈന്യം പ്രഖ്യാപിച്ച ‘സുരക്ഷിത മേഖല’ ഉള്‍പ്പെട്ട അഭയാര്‍ഥി ക്യാമ്പുകളിലായിരുന്നു ബോംബുവര്‍ഷം.