17
Mar 2025
Tue
17 Mar 2025 Tue
Hossam Shabat

ഗസയിലെ അല്‍ജസീറ മാധ്യമപ്രവര്‍ത്തകനായ ഫലസ്തീന്‍ സ്വദേശി ഹുസ്സാം ശാബത്തിനെ ഇസ്രായേല്‍ സൈന്യം ബോംബിട്ട് കൊന്നു. (Gaza journalist Hossam Shabat’s final message )  ഏത് നിമിഷവും താന്‍ കൊല്ലപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നു 23കാരനായ ശാബത്ത് നേരത്തേ എഴുതി തയ്യാറാക്കി വച്ചിരുന്ന മരണ സന്ദേശം അല്‍ജസീറ എക്‌സില്‍ പുറത്തുവിട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിങ്ങളിത് വായിക്കുന്നുവെങ്കില്‍, അതിനര്‍ത്ഥം ഞാന്‍ കൊല്ലപ്പെട്ടുവെന്നാണ്, മിക്കവാറും അത് ഇസ്രായേല്‍ ആസൂത്രിതമായി നടത്തിയ കൊലപാതകമായിരിക്കും എന്ന വാചകത്തോടെയാണ് സന്ദേശം ആരംഭിക്കുന്നത്.

ALSO READ: ഇസ്രായേലി സൈനിക ക്യാമ്പില്‍ നുഴഞ്ഞു കയറി ഈജിപ്ഷ്യന്‍ കാട്ടുപൂച്ച; നിരവധി സൈനികരെ കടിച്ചുകീറി

ഹുസ്സാമിന്റെ അവസാന സന്ദേശം:

”നിങ്ങളിത് വായിക്കുന്നുവെങ്കില്‍, അതിനര്‍ത്ഥം ഞാന്‍ കൊല്ലപ്പെട്ടുവെന്നാണ്, മിക്കവാറും അത് ഇസ്രായേല്‍ ആസൂത്രിതമായി നടത്തിയ കൊലപാതകമായിരിക്കും. ഇതെല്ലാം(യുദ്ധം) ആരംഭിക്കുമ്പോള്‍ ഞാന്‍ 21 വയസ്സുള്ള, എല്ലാവരെയും പോലെ നിരവധി സ്വപ്‌നങ്ങളുള്ള ഒരു കോളേജ് വിദ്യാര്‍ഥിയായിരുന്നു. കഴിഞ്ഞ 18 മാസമായി എന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഞാന്‍ എന്റെ ജനതയ്ക്ക് വേണ്ടി സമര്‍പ്പിച്ചു. ഓരോ മിനിറ്റിലും വടക്കന്‍ ഗസയിലെ ഭീകരത ഞാന്‍ രേഖപ്പെടുത്തുകയും അവര്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്ന സത്യം ലോകത്തെ അറിയിക്കുകയും ചെയ്തു കൊണ്ടിരുന്നു. വഴിയോരങ്ങളിലും സ്‌കൂളുകളിലും ടെന്റുകളിലുമെന്നു വേണ്ട കിട്ടാവുന്നയിടത്തൊക്കെ ഞാന്‍ കിടന്നുറങ്ങി. ഓരോ ദിനവും നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടമായിരുന്നു. മാസങ്ങളോളം പട്ടിണി കിടക്കേണ്ടി വന്നെങ്കിലും ഞാന്‍ എന്റെ ജനതയെ വഴിയില്‍ ഉപേക്ഷിച്ചില്ല.

ദൈവസഹായത്താല്‍, മാധ്യമ പ്രവര്‍ത്തകന്‍ എന്ന ദൗത്യം ഞാന്‍ പൂര്‍ത്തിയാക്കി. സത്യം പുറത്തുകൊണ്ടുവരാന്‍ എല്ലാം ഞാന്‍ ബലി കഴിച്ചു. ഒടുവില്‍ കഴിഞ്ഞ 18 മാസമായി എനിക്ക് ലഭിക്കാതിരുന്നു വിശ്രമം എനിക്ക് ഇപ്പോള്‍ കിട്ടിയിരിക്കുന്നു. ഫലസ്തീന് വേണ്ടിയാണ് ഞാന്‍ ഇതെല്ലാം ചെയ്തത്. ഈ ഭൂമി ഞങ്ങളുടേതാണ്. അതിന് വേണ്ടി, അവിടത്തെ ജനങ്ങള്‍ക്കു വേണ്ടി മരിക്കുക എന്നത് ഏറ്റവും വലിയ ബഹുമതിയായി ഞാന്‍ കരുതുന്നു.

എനിക്ക് നിങ്ങളോട് പറയാനുള്ളത്, ഫലസ്തീന് വേണ്ടി സംസാരിക്കുന്നത് നിര്‍ത്തരുത്. ലോകത്തിന്റെ കണ്ണ് തെറ്റാന്‍ അനുവദിക്കരുത്. പോരാട്ടം തുടരുക, ഫലസ്തീന്‍ സ്വതന്ത്രമാവുന്നതുവരെ നമ്മുടെ കഥകള്‍ പറഞ്ഞു കൊണ്ടേയിരിക്കുക.
-അവസാനമായി വടക്കന്‍ ഗസയില്‍ നിന്ന് ഹുസ്സാം ശാബത്ത്”

ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരുടെ നിശ്ചയദാര്‍ഡ്യം വ്യക്തമാക്കുന്നതാണ് ഹുസ്സാം ശാബത്തിന്റെ വാക്കുകള്‍.

2023 ഒക്ടോബറില്‍ ആരംഭിച്ച ഇസ്രായേല്‍ വംശഹത്യയില്‍ ഇതിനകം 300ഓളം മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ബെയ്ത്ത് ലാഹിയയില്‍ അദ്ദേഹത്തിന്റെ കാറിന് നേരെ നടന്ന ആക്രമണത്തിലാണ് ഹുസ്സാം ശാബത്ത് കൊല്ലപ്പെട്ടത്. നേരത്തേ നടന്ന മറ്റൊരു ആക്രമണത്തില്‍ ശാബത്തിന് പരിക്കേറ്റിരുന്നുവെങ്കിലും ജോലി തുടരുകയായിരുന്നുവെന്ന് ദേര്‍ അല്‍ ബലായിലെ അല്‍ ജസീറ റിപോര്‍ട്ടര്‍ താരിഖ് അബൂസ അസ്സൂം പറഞ്ഞു.

ഹുസ്സാം ശാബത്ത് കൊല്ലപ്പെട്ട അതേ ദിവസം ഖാന്‍ യൂനുസില്‍ നടന്ന മറ്റൊരു ആക്രമണത്തില്‍ ഫലസ്തീന്‍ ടുഡേയുടെ മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് മന്‍സൂര്‍ കൊല്ലപ്പെട്ടിരുന്നു.