16
Apr 2023
Tue
16 Apr 2023 Tue

ഭോപ്പാൽ: സ്‌കൂളിൽ ഉച്ചഭക്ഷണത്തിനൊപ്പം വിളമ്പുന്ന ചൂട് പരിപ്പുകറി നിറച്ച പാത്രത്തിൽ വീണ് അഞ്ചു വയസുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. മധ്യപ്രദേശിലെ ബാൻസ്‌ലയിലെ ഒരു പ്രൈമറി സ്കൂളിൽ തിങ്കളാഴ്ചയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒന്നാം ക്ലാസ് വിദ്യാർഥിനി തേജേശ്വരി തന്ദിയയ്ക്കാണ് പൊള്ളലേറ്റത്. ഉച്ചഭക്ഷണം വാങ്ങാനായി മറ്റ് കുട്ടികൾക്കൊപ്പം വരി നിൽക്കുന്നതിനിടെ മുന്നിലെത്താൻ പിന്നിൽ നിന്ന് തള്ളലുണ്ടാവുകയായിരുന്നു. ഇതോടെ പരിപ്പുകറി വച്ചിരിക്കുന്ന പാത്രത്തിനടുത്ത് നിൽക്കുകയായിരുന്ന തേജേശ്വരി അതിലേക്ക് വീഴുകയായിരുന്നു.

ഉടൻ തന്നെ ഭാനുപ്രതാപ് പൂരിലുള്ള ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ശരീരത്തിൽ ​30 ശതമാനം പൊള്ളലേറ്റതായും ചികിത്സ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. പ്രോട്ടോക്കോൾ അനുസരിച്ച്, വിദ്യാർഥികളെ വരിയായി ഇരുത്തിയ ശേഷമാണ് ഉച്ചഭക്ഷണം നൽകേണ്ടതെന്നിരിക്കെയാണ് ഇങ്ങനെ സംഭവിച്ചത്.

സ്കൂൾ അധികൃതരുടെ അനാസ്ഥയെ കുറിച്ച് അന്വേഷിക്കാനായി ഒരു സംഘത്തെ നിയോ​ഗിച്ചിട്ടുണ്ടെന്ന് സബ് ഡിവിഷനൽ മജിസ്ട്രേറ്റ് പ്രതീക് ജെയ്ൻ പറഞ്ഞു. സംഭവത്തിൽ ബന്ധപ്പെട്ട അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. അവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഞങ്ങൾ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക