തിരുവനന്തപുരം: കമ്മൽ അലർജിക്കു ചികിൽസ തേടിയ 18കാരി മരിച്ചു. ആറ്റിങ്ങൽ പിരപ്പൻകോട്ടുകോണം സ്വദേശി മീനാക്ഷി (18)യാണ് മരിച്ചത്. കുട്ടിയുടെ മരണത്തിനു പിന്നാലെ ചികിത്സാ പിഴവാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. പരാതിയിൽ അസ്വാഭാവിക മരണത്തിന് ആറ്റിങ്ങൽ പൊലീസ് കേസെടുത്തു.
|
തിരുവനന്തപുരം മെഡിക്കൽ കോളജിലായിരുന്നു മീനാക്ഷി ചികിത്സ തേടിയത്. കമ്മലിൽ നിന്നുണ്ടായ അലർജിയെ തുടർന്നാണ് മീനാക്ഷിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെൺകുട്ടി 11 ദിവസം ചികിത്സയിലായിരുന്നു. ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മീനാക്ഷിക്ക് വീണ്ടും ദേഹാസ്വാസ്ഥ്യമുണ്ടായി. തിരികെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച വൈകീട്ട് നാലരയോടെ മരണം സംഭവിക്കുകയായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ഡോക്ടർമാരുടെ വിശദീകരണം.
അലർജിയെ തുടർന്ന് മെയ് രണ്ടിന് മീനാക്ഷിയെ ആദ്യം വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് 17ാം തീയതി മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.





