|
പനാജി: ഗോവയിലെ കോണ്‍ഗ്രസ് ലെജിസ്ലേറ്റിവ് പാര്‍ട്ടി ബി.ജെ.പിയില്‍ ലയിച്ചു. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്, പ്രതിപക്ഷനേതാവ് മൈക്കല്‍ ലോബോ തുടങ്ങിയ കോണ്‍ഗ്രസിന്റെ എട്ട് എം.എല്‍.എമാര്‍ പാര്‍ട്ടിവിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് നടപടി. 40 അംഗ ഗോവ നിയമസഭയില്‍ 11 എം.എല്‍.എമാരാണ് കോണ്‍ഗ്രസിനുള്ളത്. ഇതില്‍ എട്ടുപേരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
കോണ്‍ഗ്രസിന്റെ മൂന്നില്‍ രണ്ട് എം.എല്‍.എമാരും കൂറുമാറിയതായി പ്രഖ്യാപിച്ചതിനാല്‍ എം.എല്‍.എമാര്‍ക്കെതിരേ കൂറുമാറ്റ നിരോധനനിയമപ്രകാരം നടപടി സ്വീകരിക്കാനും കഴിയില്ല. ലയനം സംബന്ധിച്ച കോണ്‍ഗ്രസ് എം.എല്‍.എമാരുടെ കത്ത് സ്പീക്കര്‍ അംഗീകരിച്ചതോടുകൂടി എട്ടുപേരും ബി.ജെ.പിയുടെ ഭാഗമായി. ഇതോടെ നിയമസഭയിലെ ബി.ജെ.പിയുടെ അംഗബലം 28 ആയി. 2019ല്‍ 10 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പാര്‍ട്ടിവിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.
കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കാന്‍ രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തുന്നതിനിടയിലാണ് ഗോവയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി ലഭിച്ചിരിക്കുന്നത്.
നേരത്ത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് ആദ്യം സ്ഥിരീകരിച്ചത് ഗോവ ബി.ജെ.പി അധ്യക്ഷന്‍ സദാനന്ദ് താനവഡെയാണ്. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം വിളിച്ച് ബി.ജെ.പിയില്‍ ലയിക്കാനുള്ള തീരുമാനം ൈമക്കിള്‍ ലോബോ എടുത്തു. മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി കൂടിക്കാഴ്ച്ച നടത്തി. 40 അംഗ നിയമസഭയില്‍ ബിജെപിക്ക് 20 എം.എല്‍.എമാരാണുള്ളത്. ഭൂരിപക്ഷത്തിന് ഒരു എം.എല്‍.എയുടെ കുറവ്. എം.ജി.പിയുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ബി.ജെ.പി ഭരിക്കുന്നത്.
മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്‌നിക്കിനെ ഗോവയിലെ പ്രതിസന്ധി തീര്‍ക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിയോഗിക്കുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് സ്ഥാനാര്‍ഥികളെക്കൊണ്ടും തിരഞ്ഞെടുപ്പിന് ശേഷം എം.എല്‍.എമാരെക്കൊണ്ടും പാര്‍ട്ടി വിടില്ലെന്ന് കോണ്‍ഗ്രസ് പ്രതിജ്ഞയെടുപ്പിച്ചിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും ഒഴുക്ക് തടയാനായില്ല.
Goa Congress Legislature Party merges into BJP after Assembly Speaker’s nod



