2022ല്‍ 59 പേര്‍ കൊല്ലപ്പെട്ട ഗോധ്ര തീവണ്ടി ദുരന്തത്തിലെ പ്രതികളുടെ അപ്പീലില്‍ മെയ് 6, 7 തിയ്യതികളില്‍ സുപ്രിം കോടതി അന്തിമ വാദം കേള്‍ക്കും. (Godhra Train Carnage: SC Schedules Final Hearing in Convicts’ Appeal) ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, അരവിന്ദ് കുമാര്‍ എന്നിവരുടേതാണ് ഉത്തരവ്. വിചാരണ കോടതി ഉത്തരവിനെതിരേ പ്രതികള്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിധി ശരിവച്ചിരുന്നു. തുടര്‍ന്നാണ് സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
|
പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍ പ്രത്യേക തലക്കെട്ടുകളില്‍ വിശദീകരിക്കുന്ന പുതിയ റിപോര്‍ട്ട് മെയ് 3ന് മുമ്പ് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. അനുബന്ധ തെളിവുകളും രേഖകളും മറ്റും അതോടൊപ്പം നല്‍കണം.
കേസില്‍ ചുരുങ്ങിയത് രണ്ടാഴ്ച്ച വാദം കേള്‍ക്കേണ്ടി വരും. ആദ്യ ഘട്ടമെന്ന നിലയില്‍ മെയ് 6നും 7നും രണ്ട് ദിവസം തുടര്‍ച്ചയായി വാദം കേള്‍ക്കും. അന്നേ ദിവസങ്ങളില്‍ മറ്റു കേസുകളൊന്നും ലിസ്റ്റ് ചെയ്യരുതെന്നും ജസ്റ്റിസ് മഹേശ്വരി പറഞ്ഞു.
ഗുജറാത്തിലെ ഗോധ്രയില്‍ 2002 ഫെബ്രുവരി 27ന് സബര്‍മതി എക്‌സ്പ്രസിന്റെ എസ്-6 കോച്ചിലുണ്ടായ തീപ്പിടിത്തത്തില്‍ 59 പേര്‍ മരിച്ചിരുന്നു. അയോധ്യയില്‍ കര്‍സേവ കഴിഞ്ഞ് മടങ്ങുകയായിരുന്നവരാണ് മരിച്ചത്. മുസ്ലിംകളാണ് ട്രെയ്‌നിന് തീയിട്ടത് എന്നാരോപിച്ച് തുടര്‍ന്ന് സര്‍ക്കാര്‍ പിന്തുണയോടെ സംഘപരിവാരം നടത്തിയ കലാപത്തില്‍ ആയിരങ്ങളാണ് കൊല്ലപ്പെട്ടത്.
2017 ഒക്ടോബറില്‍ കേസില്‍ വിധി പറഞ്ഞ ഗുജറാത്ത് ഹൈക്കോടതി 11 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചിരുന്നു. ഇവര്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് 2023 ഫെബ്രുവരിയില്‍ ഗുജറാത്ത് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.
നേരത്തേ വിചാരണ കോടതി കേസില്‍ 11 പേര്‍ക്ക് വധശിക്ഷ വിധിക്കുകയും 20 പേര്‍ക്ക് ജീവപര്യന്തം വിധിക്കുകയുമായിരുന്നു. എന്നാല്‍, 31 പേരുടെയും ജീവപര്യന്തം ശിക്ഷ ശരിവച്ച ഹൈക്കോടതി 11 പേരുടെ വധശിക്ഷയില്‍ ഇളവ് നല്‍കി ജീവപര്യന്തമാക്കി.
ജീവപര്യന്തം ശിക്ഷ ശരവിച്ച ഹൈക്കോടതി വിധിക്കെതിരേയാണ് നിരവധി പ്രതികള്‍ സുപ്രിം കോടതിയെ സമീപിച്ചത്. ഗുജറാത്ത് സര്‍ക്കാരിന്റെയും പ്രതികളുടെയും അപ്പീലില്‍ ഒരുമിച്ചാണ് സുപ്രിം കോടതി വാദംകേള്‍ക്കുക.


