ന്യൂഡല്‍ഹി: 15 ദിവസത്തെ കസ്റ്റഡി പരോള്‍ അനുവദിക്കണമെന്ന പോപ്പുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഒഎംഎ സലാമിന്റെ ഹരജിയെ എതിര്‍ത്ത് എന്‍ഐ. ഡല്‍ഹി ഹൈക്കോടതയിലാണ് ദേശീയ അന്വേഷണ ഏജന്‍സി എതിര്‍പ്പറിയിച്ചത്. (NIA opposes PFI leader’s plea for custody parole)
|
മകളുടെ മരണവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് കേരളത്തിലുള്ള വീട്ടിലേക്ക് പോകാന്‍ അനുമതി തേടിയാണ് സലാം ഹരജി നല്‍കിയത്.
എന്നാല്‍, സലാമിന്റെ മകള്‍ ഒരു വര്‍ഷം മുമ്പാണ് മരിച്ചതെന്നും ഒരു ദിവസത്തേക്ക് പരോളില്‍ പോകുന്നതിന് തടസ്സമില്ലെന്നും എന്നാല്‍ 15 ദിവസം അനുവദിക്കാനാവില്ലെന്നും എന്‍ഐഎ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
15 ദിവസം നീളുന്ന ഒരു മരണാനന്തര ചടങ്ങ് ഇല്ലെന്നും ഇതേക്കുറിച്ച് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും എന്‍ഐഎ ആവശ്യപ്പെട്ടു. പരോളിന് വേണ്ടി ഒരു ചടങ്ങ് പുതുതായി ഉണ്ടാക്കുന്നത് അനുവദിക്കാനാവില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.
ഏപ്രില്‍ 28ന് കേസ് വീണ്ടും പരിഗണിക്കുമെന്നും അതിനുള്ളില്‍ ചടങ്ങിനെക്കുറിച്ച് പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് രവീന്ദര്‍ ദുദേജ എന്‍ഐഎയോട് ആവശ്യപ്പെട്ടു. ചടങ്ങിന്റെ പേര് ഹരജിക്കാരന്‍ നല്‍കിയിട്ടുണ്ട്. അത് സ്ഥിരീകരിക്കണം. എന്‍ഐഎക്ക് ഇതിന് വേണ്ട സംവിധാനം എല്ലാ ജില്ലകളിലുമുണ്ടല്ലോ എന്ന് ജഡ്ജി പറഞ്ഞു.
മകളുടെ ഖബറിടത്തിലും വീട്ടിലുമുള്ള പ്രാര്‍ഥന, ഖുര്‍ആന്‍ പാരായണം ഉള്‍പ്പെടെ പ്രാദേശികമായ ചില ആചാരങ്ങളും ചടങ്ങുകളും നടത്തുന്നതിന് വേണ്ടി പരോള്‍ അനുവദിക്കണമെന്ന് സലാമിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഏപ്രില്‍ 18 മുതല്‍ മെയ് 2 വരെയാണ് ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ചുരുങ്ങിയത് ആറു ദിവസത്തേക്കെങ്കിലും പരോള്‍ വേണമെന്ന് അഭിഭാഷകന്‍ വാദിച്ചു.
നേരത്തേ ഇതേ ആവശ്യവുമായി വിചാരണ കോടതിയെ ഒഎംഎ സലാം സമീപിച്ചിരുന്നു. എന്നാല്‍, ഒരു ദിവസവും ആറ് മണിക്കൂറും മാത്രമാണ് പരോള്‍ അനുവദിച്ചത്. ഇതിനെതിരേയാണ് ഹൈക്കോടതിയെ സമീപിച്ചത്.
തടവുകാര്‍ക്ക് സായുധ പോലീസിന്റെ അകമ്പടിയോടെ നിശ്ചിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള അനുമതിയാണ് കസ്റ്റഡി പരോള്‍.
2022 ല്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിന് മുന്നോടിയായാണ് ഒഎംഎ സലാം ഉള്‍പ്പെടെയുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. അദ്ദേഹം ജയിലില്‍ ആയിരിക്കേയാണ് മകള്‍ വാഹനാപകടത്തില്‍ മരിച്ചത്. ഖബറടക്ക ചടങ്ങുകള്‍ക്ക് സലാമിന് പരോള്‍ അനുവദിച്ചിരുന്നു.


