22
Sep 2022
Wed
22 Sep 2022 Wed

കോഴിക്കോട്: ഘാനക്കാരി വിവിയൻ കൊനാഡു അദ് ജെയിയുടെ കളം നിറഞ്ഞു നിന്ന കളിമികവിൽ ഗോകുലം കേരളയ്ക്ക് കേരളാ വനിതാ ഫുട്ബോൾ ലീഗിൽ വീണ്ടും തിളക്കമാർന്ന വിജയം. മൈതാനത്തിലെ ആദ്യ വിസിൽ മുതൽ വ്യക്തമായ ആധിപത്യത്തോടെ മുന്നേറിയ ഗോകുലം കേരള എഫ്.സി കോർപ്പറേഷൻ സ്‌റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ ലൂക്കാ സോക്കർ ക്ലബ്ബിനെ ഏകപക്ഷീയമായ പതിനൊന്നു ഗോളുകൾക്ക് കീഴടക്കിയാണ് വിജയികളായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

​ഗോകുലം കേരളയുടെ പത്താം നമ്പർ താരമായ, ഘാനക്കാരി വിവിയൻ കൊനാഡു അദ് ജെയിയുടെ മിന്നുന്ന പ്രകടനമായിരുന്നു മൽസരത്തിലെ ഹൈലൈറ്റ്. ഗോകുലം നേടിയ പതിനൊന്നു ഗോളുകളിൽ എട്ടെണ്ണവും ടീമിന്റെ മുന്നേറ്റ താരമായ ഈ കറുത്ത സുന്ദരിയുടേതായിരുന്നു.

കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ വിവിയൻ തന്റെ ആദ്യ ഗോൾ നേടി ജൈത്രയാത്ര തുടങ്ങുകയായിരുന്നു. പിന്നീട് 6, 22, 31, 33, 45+3,46 മിനിറ്റുകളിലും ലൂക്കയുടെ ഗോൾ വല ചലിപ്പിച്ച വിവിയൻ 60ാം മിനിറ്റിൽ കോച്ച് കളിക്കളത്തിൽ നിന്ന് പിൻവലിക്കുന്നത് തൊട്ട് മുമ്പ് 52 മിനിറ്റിലും ഗോൾ നേടി ഗ്രൗണ്ടിനെ ത്രസിപ്പിച്ചു. 32ാം മിനിറ്റിൽ അഭിരാമിയും 58ാം മിനിറ്റിൽ മാനസയും 61ാം മിനിറ്റിൽ സോണിയയും ഗോകുലത്തിന് വേണ്ടി ഗോൾ നേടിയ മറ്റു താരങ്ങൾ.

കളി തുടങ്ങിയതു മുതൽ ലൂക്കയുടെ ഗോൾ പോസ്റ്റിനടുത്ത് ഗോകുലം താരങ്ങൾ നിറഞ്ഞുനിന്ന കളിയിൽ 19ാം മിനിറ്റിൽ മാത്രമാണ് ലൂക്കയ്ക്ക് ഗോകുലത്തെ ഒന്ന് ഞെട്ടിപ്പിക്കുവാൻ സാധിച്ചത്. പിന്നീട് ഇടയ്ക്കിടക്ക് ഇത്തരം നീക്കങ്ങളുണ്ടായെങ്കിലും ഗോകുലത്തിന്റെ ഗോൾകീപ്പർ വിനീത പലപ്പോഴും രക്ഷകയായി മാറുകയായിരുന്നു. എന്നാൽ മറുഭാഗത്ത് ലൂക്കയുടെ ഗോൾ കീപ്പർ പലപ്പോഴും ഗോകുലത്തിന്റെ പല നീക്കങ്ങൾക്ക് മുന്നിലും പതറിപോകുന്ന കാഴ്ചയായിരുന്നു കണ്ടിരുന്നത്.

ആദ്യ പകുതിയിൽ ഏഴും രണ്ടാം പകുതിയിൽ നാലും ഗോളുകളാണ് ഗോൾ പോസ്റ്റ് കുലുക്കിയത്. ഇതിൽ ഏറ്റവും മനോഹരമായത് മൈതാനത്തിന്റെ മധ്യത്തിൽ നിന്ന് ഒറ്റയ്ക്ക് തട്ടി കൊണ്ടുവന്ന് ലുക്കയുടെ ഗോളി വർഷയെ കബളിപ്പിച്ച 33 മിനിറ്റിലെ വിവിയന്റെ ഗോൾ തന്നെയായിരുന്നു. മൽസരത്തിലെ പ്ലയർ ഓഫ് ദ മാച്ച് വിവിയൻ കൊനാഡു അദ് ജെയി തന്നെയായിരുന്നു. സന്തോഷ് ട്രോഫി കേരള മുൻ താരം സുബൈർ വിവിയനെ മെമന്റോ നൽ‌കി ആദരിച്ചു.