ആടുമാടുകളെ തിന്ന് രസംപിടിച്ച് നടന്ന് നാട്ടുകാരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ പുലിയെ വെട്ടിക്കൊന്ന് ഗൃഹനാഥൻ താരമായി. ഇടുക്കി മാങ്കുളത്താണ് സംഭവം. പുലിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനിടെയാണ് അമ്പതാംമൈൽ സ്വദേശി ഗോപാലൻ പുലിയെ വാക്കത്തിക്കൊണ്ട് വെട്ടിയത്. വെട്ടേറ്റ പുലി സംഭവസ്ഥലത്തു തന്നെ ചത്തു.
|
അതേസമയം, സ്വയരക്ഷാര്ഥമാണ് ഗോപാലന് പുലിയെ കൊന്നതെന്ന് വ്യക്തമായതിനാൽ കേസെടുക്കില്ലെന്ന് വനം വകുപ്പ് അറിയിച്ചു. ഗോപാലനെതിരേ കേസെടുക്കില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രനും വ്യക്തമാക്കിയിരുന്നു. ഇന്ന് പുലർച്ചെയാണ് ഗോപാലനെ പുലി ആക്രമിച്ചത്. രാവിലെ സഹോദരന്റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു പുലിയുടെ ആക്രമണം. കൈക്കും കാലിനുമാണ് ഗോപാലന് കടിയേറ്റത്. പരിക്കേറ്റ ഗോപാലനെ ആശുപത്രിയിൽ പ്രവേശിച്ചു.
പ്രദേശത്തെ നിരവധി ആടുമാടുകളെയാണ് പുലി കഴിഞ്ഞ ദിവസങ്ങളിലായി കൊന്നുതിന്നത്. പുലിയെ പിടിക്കാനുള്ള വനംവകുപ്പിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. ഇതോടെ ഭീതിയിലാണ് നാട്ടുകാർ കഴിഞ്ഞിരുന്നത്. ഗോപാലന്റെ സാഹസികത സ്വന്തം ജീവൻ രക്ഷിക്കുന്നതിനും നാട്ടുകാരുടെ ഭീതിയകറ്റുന്നതിനും സഹായമായി. നിരവധി പേരാണ് ഗോപാലനെ പ്രശംസിച്ചു രംഗത്തുവന്നത്.



