21
Sep 2022
Sat
21 Sep 2022 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിയമ വിരുദ്ധ ആപ്പുകള്‍ പ്ലേ സ്റ്റോറുകളില്‍ നിന്ന് നീക്കംചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ആദ്യം അംഗീകൃത ആപ്പുകളുടെ പട്ടിക തയാറാക്കും. പുതിയ തീരുമാനം അനുസരിച്ച് ആര്‍.ബി.ഐയില്‍ രജിസ്റ്റര്‍ ചെയ്ത ആപ്പുകള്‍ക്ക് മാത്രമേ ഇനി മുതല്‍ അനുമതി ലഭിക്കുകയുള്ളൂ. കൂടാതെ കള്ളപ്പണം വെളുപ്പിക്കല്‍, സ്വകാര്യ വിവരങ്ങളുടെ ദുരുപയോഗം തുടങ്ങി അനധികൃത വായ്പാ ആപ്പുകളുടെ മറവില്‍ നടക്കുന്ന എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ആര്‍.ബി.ഐ നിരീക്ഷിക്കും.

നിയമവിധേയമായും അംഗീകരത്തോടെയും പ്രവര്‍ത്തിക്കുന്ന ആപ്പുകളുടെ പട്ടിക ആര്‍.ബി.ഐ തയാറാക്കിക്കഴിഞ്ഞാല്‍ ഈ ആപ്പുകള്‍ മാത്രമേ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭ്യമാകൂവെന്ന് ഉറപ്പുവരുത്തും. വായ്പാ ആപ്പുകള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞദിവസം കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആര്‍.ബി.ഐയുടെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് ആപ്പുകള്‍ നിയന്ത്രിക്കാനുള്ള തീരുമാനം. 

നിയമം നിലവില്‍വരുന്നതോടെ ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളുടെ ആര്‍.ബി.ഐയിലെ രജിസ്‌ട്രേഷന്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കും. അതിനുശേഷം രജിസ്റ്റര്‍ ചെയ്യാത്ത ഒരു ആപ്പും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഇക്കാര്യത്തിലെ നടപടികള്‍ ധനമന്ത്രാലയത്തിന് കീഴിലെ പ്രത്യേക സംഘം നിരീക്ഷിക്കും.

ഇതിന് പുറമെ ഉപഭോക്താക്കള്‍, ബാങ്ക് ജീവനക്കാര്‍, നിയമ നിര്‍വഹണ ഏജന്‍സികള്‍ എന്നിവര്‍ക്ക് സൈബര്‍ അവബോധം വര്‍ധിപ്പിക്കും. ഇക്കാര്യത്തില്‍ കാംപയിന്‍ നടത്തും. വ്യാജ ആപ്പുകള്‍ക്കെതിരെ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കാനും ധാരണയായി. ധനകാര്യ സെക്രട്ടറി, സാമ്പത്തിക കാര്യ സെക്രട്ടറി, റവന്യൂ സെക്രട്ടറി, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി മന്ത്രാലയം സെക്രട്ടറി, ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ തുടങ്ങിയവരാണ് യോഗത്തില്‍ സംബന്ധിച്ചത്.

അനധികൃത വായ്പാ ആപ്പുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. വ്യാജ ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളെ കുറിച്ചുള്ള പരാതികള്‍ വ്യാപകമായതോടെയാണിത്. 

govt-to-crack-whip-on-illegal-loan-apps