29
Feb 2024
Wed
29 Feb 2024 Wed

‘തന്റെ സമുദായക്കാര്‍ക്ക് മാത്രമേ കുതിര സവാരി പാടുള്ളൂ’; ഗുജറാത്തില്‍ കുതിരപ്പുറത്ത് കയറിയ ദലിത് വരനെ മേല്‍ജാതിക്കാര്‍ അടിച്ച് താഴെയിറക്കി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗാന്ധിനഗര്‍: ഗുജറാത്തില്‍ വിവാഹ ദിവസം കുതിരപ്പുറത്ത് കയറിയ ദലിത് വരനെ മേല്‍ജാതിക്കാരന്‍ കരണത്തടിച്ച് താഴെയിറക്കി. ഗാന്ധിനഗര്‍ ജില്ലയില്‍ ആണ് വിവാഹ ഘോഷയാത്രയുടെ ഭാഗമായി കുതിരപ്പുറത്ത് കയറിയ ദലിത് വരനെ അവഹേളിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ചദസന ഗ്രാമത്തില്‍ വിവാഹ ഘോഷയാത്രയുടെ ഭാഗമായി കുതിരപ്പുറത്ത് പോകുകയായിരുന്ന ദലിത് വരന്‍ വികാസ് ചാവ്ദയാണ് അക്രമത്തിനിരയായത്.

വരന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ സൈലേഷ് താക്കൂര്‍, ജയേഷ് താക്കൂര്‍, സമീര്‍ താക്കൂര്‍, അശ്വിന്‍ താക്കൂര്‍ എന്നീ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ ജാതി അധിക്ഷേപം നടത്തിയതായി മാന്‍സ പോലീസ് പറഞ്ഞു. ഘോഷയാത്രയില്‍ വരന്‍ വധുവിന്റെ വീട്ടിലേക്ക് പോകുമ്പോള്‍ മോട്ടോര്‍ സൈക്കിളില്‍ എത്തിയ മേല്‍ജാതിക്കാരുടെ സംഘമാണ് ആക്രമണം നടത്തിയത്. സംഘത്തിലൊരാള്‍ വരനെ കുതിരപ്പുറത്ത് നിന്ന് വലിച്ചിറക്കി തല്ലിയതായി വരന്റെ ബന്ധു സഞ്ജയ് നല്‍കിയ പരാതിയില്‍ പറയുന്നു. തന്റെ സമുദായത്തില്‍പ്പെട്ടവര്‍ക്ക് മാത്രമേ കുതിര സവാരി ചെയ്യാന്‍ കഴിയൂ എന്ന് പറഞ്ഞാണ് പ്രതി വരനെ ആക്രമിച്ചത്. മൂന്ന് പേര്‍ കൂടി അയാളോടൊപ്പം ചേര്‍ന്നു, നാലുപേരും വരനെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.

ഐ.പി.സി 341, 323, 504,114, 506 വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

 

 

Dalit groom was assaulted by caste Hindus for riding a Horse in his wedding procession in a village in Gandhinagar district Gujarat.